മതപരിവര്‍ത്തനക്കേസില്‍ ഒളിവില്‍ കഴിഞ്ഞ മുസ്ലീം പണ്ഡിതന്‍ അറസ്റ്റില്‍

നാഗ്പുരില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുസ്ലീം പണ്ഡിതന്‍ ഹസ്രത്ത് മൗലാന അറസ്റ്റില്‍. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ മൗലാനയെക്കുറിച്ച് നാഗ്പൂര്‍ പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മധ്യപ്രദേശില്‍ വച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

പഴയ സഹപാഠിയും കൂട്ടാളികളും ചേര്‍ന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും ആഭിചാരക്രിയകള്‍ക്കും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയാക്കിയെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുവതിയുടെ പഴയ സഹപാഠിയും കേസിലെ പ്രധാന പ്രതിയുമായ അയാസ് താജ് മദാരെ(26)യാണ് വീഡിയോയിലുള്ളത്. ഭയന്ന് കരയുന്ന യുവതിയുടെ കൈകള്‍ ഇയാള്‍ ബലമായി പിടിച്ച് വച്ചിരിക്കുന്നതും ഉറുദു മന്ത്രങ്ങളും കല്‍മയും ചൊല്ലി യുവതിയുടെ മുഖത്തേക്ക് തുടര്‍ച്ചയായി ഊതുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

അമീന്‍ ഷെയ്ഖ് എന്ന കൂട്ടാളിയെക്കൊണ്ടാണ് അയാസ് ഈ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. എന്നെ വിടൂ എന്ന് യുവതി ദയനീയമായി കെഞ്ചുന്നതും രക്ഷപെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഇത്തരത്തില്‍ ബലമായി മന്ത്രങ്ങള്‍ ചൊല്ലി, മുഖത്ത് ഊതുന്നത് ആഭിചാരക്രിയയുടെയും ഹിപ്‌നോട്ടിസത്തിന്റെയും ഭാഗമാണെന്ന് അയാസ് തന്നോട് പറഞ്ഞിരുന്നതായി യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.

ഒരു പ്രത്യേക ദ്രാവകം തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് കുടിപ്പിച്ച ശേഷമാണ് പ്രതികള്‍ ഈ ക്രൂരതകള്‍ ചെയ്തിരുന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു. ഈ നിര്‍ബന്ധിത മതപരിവര്‍ത്തന ചടങ്ങിന് ശേഷമാണ് ഹസ്രത്ത് മൗലാന എന്ന മൗലവി യുവതിയുടെ മതപരിവര്‍ത്തനം പൂര്‍ത്തിയായതായും നിക്കാഹ് കഴിഞ്ഞതായും പ്രഖ്യാപിച്ചത്.

കേസിലെ പ്രധാന പ്രതികളായ അയാസ് മദാരെ, കൂട്ടാളി അമീന്‍ ഷെയ്ഖ് എന്നിവരെ പോലീസ് നേരത്തെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മൗലവിയാണ് ഈ ക്രൂരതയ്ക്ക് പിന്നിലെ പ്രധാന ആസൂത്രകരിലൊരാള്‍.

2025 ഫെബ്രുവരി എട്ടിനാണ് സംഭവം ആദ്യം നടന്നത്. ഒരു ഹോട്ടലില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്കിടെ അയാസ് മദാരെ യുവതിക്ക് പാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി. ബോധരഹിതയായ യുവതിയുടെ നഗ്‌നചിത്രങ്ങളും വീഡിയോയും ഇവര്‍ ഫോണില്‍ പകര്‍ത്തി.

ഈ ദൃശ്യങ്ങള്‍ യുവതിയുടെ ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പിന്നീട് ബ്ലാക്ക്മെയിലിംഗ് ആരംഭിച്ചത്. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭയപ്പെടുത്തി യുവതിയെ പ്രതികള്‍ തുടര്‍ച്ചയായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കൂടാതെ ഭീഷണിപ്പെടുത്തി ഏകദേശം നാല് ലക്ഷം രൂപയോളം പ്രതികള്‍ യുവതിയില്‍ നിന്ന് തട്ടിയെടുക്കുകയും ചെയ്തു.

പീഡനം സഹിക്കവയ്യാതെ ഇവര്‍ കാര്യങ്ങള്‍ ഭര്‍ത്താവിനോടു തുറന്നു പറഞ്ഞു. തുടര്‍ന്നാണ് വിവരം പോലീസില്‍ അറിയിച്ചത്.