വെനിസ്വേലയില്‍ നൂറ്റാണ്ടിന്റെ ഭൂകമ്പം; നൂറുകണക്കിന് മരണം, ആയിരക്കണക്കിന് പേരെ കാണാതായി, രാജ്യത്ത് അടിയന്തരാവസ്ഥ

കാരാക്കസ്: വെനിസ്വേലയില്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് അതിശക്തമായ ഭൂചലനങ്ങളുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 32 പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1900-ന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്.

ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ദുരന്തമുണ്ടായത്. ആദ്യ ഭൂചലനം 7.1 തീവ്രത രേഖപ്പെടുത്തി. തൊട്ടുപിന്നാലെ, ഒരു മിനിറ്റിനുള്ളില്‍ തന്നെ 7.5 തീവ്രതയുള്ള രണ്ടാമത്തെ പ്രധാന ഭൂചലനവുമുണ്ടായി. തലസ്ഥാനമായ കാരാക്കസില്‍ നിന്ന് 168 കിലോമീറ്റര്‍ പടിഞ്ഞാറുള്ള മൊറോണ്‍ നഗരത്തിന് സമീപമായിരുന്നു പ്രഭവകേന്ദ്രം.

തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ 10,000 മുതല്‍ ഒരു ലക്ഷം വരെ ഉയര്‍ന്നേക്കാമെന്നാണ് യു.എസ്. ജിയോളജിക്കല്‍ സര്‍വേയുടെ പ്രാഥമിക നിഗമനം. എങ്കിലും യഥാര്‍ത്ഥ വ്യാപ്തി വ്യക്തമാകാന്‍ സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

തലസ്ഥാനമായ കാരാക്കസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിരവധി കെട്ടിടങ്ങളും മതിലുകളും തകര്‍ന്നു വീണു. അവശിഷ്ടങ്ങള്‍ വീണ് പല തെരുവുകളും പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളും ഓഫീസുകളും വിട്ട് തെരുവുകളിലേക്ക് ഓടിയിറങ്ങി.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അടിയന്തര രക്ഷാസേന മുന്നറിയിപ്പ് നല്‍കി.

ഭൂചലനത്തെ തുടര്‍ന്ന് കരീബിയന്‍ മേഖലകളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വിര്‍ജിന്‍ ഐലന്‍ഡ്‌സ്, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളിലാണ് യു.എസ്. പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയത്. പ്യൂര്‍ട്ടോ റിക്കോയില്‍ നല്‍കിയിരുന്ന മുന്‍കരുതല്‍ മുന്നറിയിപ്പ് പിന്നീട് പിന്‍വലിച്ചു.