ചോദ്യപേപ്പര്‍ ചോര്‍ച്ച; കഠിന പിഴയും തടവും: ബില്‍ ലോക്സഭ പാസാക്കി

ഡല്‍ഹി: പൊതുപരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും തടയുന്നതിനായുള്ള നിയമങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പൊതുപരീക്ഷാ (അന്യായമാര്‍ഗങ്ങളുടെ തടയല്‍) ഭേദഗതി ബില്‍, 2026′ ന് ബുധനാഴ്ച ശബ്ദവോട്ടോടെ ലോക്സഭ അംഗീകാരം നല്‍കി. ഇതോടെ, ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളിലെ അന്വേഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കണം.

പരീക്ഷാ തട്ടിപ്പുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കുള്ള ശിക്ഷയും പിഴത്തുകയും കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. വ്യക്തിഗതമായി ക്രമക്കേടുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള തടവുശിക്ഷ 2024-ലെ നിയമത്തിലുണ്ടായിരുന്ന 3 മുതല്‍ 5 വര്‍ഷം എന്നത് 5 മുതല്‍ 10 വര്‍ഷം വരെയായി ഉയര്‍ത്തി. നേരത്തെ 10 ലക്ഷം രൂപയായിരുന്ന പിഴത്തുക 50 ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു.

കുറ്റം സംഘടിതമായി നടത്തിയതാണെന്ന് തെളിഞ്ഞാല്‍, കുറഞ്ഞത് 7 വര്‍ഷത്തെ തടവുശിക്ഷയും 10 കോടി രൂപ വരെ പിഴയുമാണ് ബില്‍ നിര്‍ദ്ദേശിക്കുന്നത്. കരട് നിയമത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തല്‍, ഒ.എം.ആര്‍. ഷീറ്റുകളില്‍ തിരിമറി നടത്തല്‍, വ്യാജ വെബ്സൈറ്റുകള്‍ നിര്‍മ്മിക്കല്‍, വ്യാജ അഡ്മിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യല്‍ എന്നിവ ഉള്‍പ്പെടെ 15 അനധികൃത പ്രവൃത്തികള്‍ കുറ്റകൃത്യങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ബില്‍ അവതരിപ്പിച്ചത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ പാസായത്. പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദ വോട്ടോടെയാണ് ബില്‍ ലോക്‌സഭ പാസ്സാക്കിയത്. ബില്‍ ഇനി രാജ്യസഭയില്‍ അവതരിപ്പിക്കും.