അമേരിക്കന്‍ സ്വപ്നം ഇനി കോടീശ്വരന്മാര്‍ക്ക് മാത്രം: ഇരട്ടപ്രഹരമേറ്റ് എച്ച്-1ബി വിസ
അമേരിക്കയിലെ വിദേശ ഐ.ടി ജീവനക്കാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും കനത്ത പ്രഹരമേല്‍പ്പിച്ച് എച്ച്-1ബി വിസ ഫീസ് കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ ട്രംപ് ഭരണകൂടം നീക്കം തുടങ്ങി. ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡി.എച്ച്.എസ്) പുതുതായി നിര്‍ദ്ദേശിച്ച 1,03,265 ഡോളര്‍ ഫീസും, കോടതി നടപടികളില്‍ കുടുങ്ങിക്കിടക്കുന്ന മുന്‍പത്തെ ഒരു ലക്ഷം ഡോളര്‍ ഫീസും പ്രാബല്യത്തില്‍ വരുന്നതോടെ ഒരു ജീവനക്കാരനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കമ്പനികള്‍ക്ക് രണ്ട് ലക്ഷത്തിലധികം ഡോളര്‍ മുടക്കേണ്ടി വരും.
യോഗ്യരായ അമേരിക്കന്‍ തൊഴിലാളികള്‍ ലഭ്യമായിടത്ത് വിദേശ തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്ന് തൊഴിലുടമകളെ പിന്തിരിപ്പിക്കാന്‍ ഉയര്‍ന്ന ചെലവ് സഹായിക്കുമെന്നാണ് ഭരണകൂടത്തിന്റെ വാദം. എന്നാല്‍ ഈ ഭീമമായ നിരക്ക് എച്ച്-1ബി പദ്ധതിയെത്തന്നെ സാരമായി ബാധിക്കുമെന്ന് ഇമിഗ്രേഷന്‍ -ബിസിനസ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
പ്രത്യേക വൈദഗ്ധ്യമുള്ള മേഖലകളില്‍ (പ്രത്യേകിച്ച് ഐ.ടി, എന്‍ജിനീയറിങ്) വിദേശ തൊഴിലാളികളെ സാധാരണയായി ആറു വര്‍ഷം വരെ നിയമിക്കാന്‍ യു.എസ് തൊഴിലുടമകളെ അനുവദിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ വാര്‍ഷിക പരിധി 85,000 ആണ്. 65,000 സാധാരണ വിസകളും, യു.എസ് സര്‍വകലാശാലകളില്‍ നിന്ന് ഉന്നത ബിരുദം നേടിയവര്‍ക്കായി 20,000 വിസകളും. അപേക്ഷകള്‍ പരിധിയിലധികം വരുമ്പോള്‍ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ്.
യു.എസ്.സി.ഐ.എസ് കണക്കുകള്‍ പ്രകാരം, ഏറ്റവും കൂടുതല്‍ എച്ച്-1ബി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ളത് ആമസോണിനാണ് (9,337 തൊഴിലാളികള്‍). ആപ്പിള്‍ (3,879), ഗൂഗിള്‍ (3,180), മെറ്റ (2,563) എന്നിവ തൊട്ടുപിന്നിലുണ്ട്. സ്റ്റാന്‍ഫോര്‍ഡ് (284), മായോ ക്ലിനിക് (276), വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി (219) തുടങ്ങിയ പ്രമുഖ സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും ഈ പദ്ധതിയെ ആശ്രയിക്കുന്നു. നിലവില്‍ 7.3 ലക്ഷത്തോളം വിസ ഉടമകളും അവരുടെ 5.5 ലക്ഷം ആശ്രിതരും യു.എസില്‍ ഉണ്ടെന്നാണ് കണക്ക്.
എച്ച്-1ബി ഗുണഭോക്താക്കളില്‍ വലിയൊരു പങ്ക് ഇന്ത്യക്കാരാണ്. മൊത്തം എച്ച്-1ബി അനുമതികളില്‍ 71 ശതമാനത്തോളം നേടുന്നത് ഇന്ത്യക്കാരാണ്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. അതിനാല്‍ ഫീസ് വര്‍ദ്ധനയുടെ ഏറ്റവും വലിയ പ്രത്യാഘാതം നേരിടേണ്ടി വരുന്നത് ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളും അവരെ സ്‌പോണ്‍സര്‍ ചെയ്യുന്ന ഇന്ത്യന്‍ ഐ.ടി കമ്പനികളുമാണ്.
2025 സെപ്റ്റംബറില്‍ 1,00,000 ഡോളര്‍ പേയ്മെന്റ് കൊണ്ടുവന്നപ്പോള്‍ അത് അന്നത്തെ വിനിമയ നിരക്കില്‍ ഏകദേശം 88 ലക്ഷം രൂപയായിരുന്നു. ജൂണില്‍ ഒരു ഫെഡറല്‍ കോടതി ഈ ഫീസ് തടയുകയും ജൂലൈയില്‍ അപ്പീല്‍ കോടതി ഇത് പുനഃസ്ഥാപിക്കാന്‍ വിസമ്മതിക്കുകയും ചെയ്തത് അപേക്ഷകര്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോഴും അപ്പീലുമായി മുന്നോട്ട് പോകുകയാണ്. കൂടാതെ, പുതിയ 1,03,265 ഡോളര്‍ ഫീസ് ആ കേസിന്റെ ഫലവുമായി ബന്ധമില്ലാതെ മറ്റൊരു നിര്‍ദ്ദേശമായി മുന്നോട്ട് പോകുന്നതിനാല്‍ ആശങ്കകള്‍ ഒഴിയുന്നില്ല.









