നേപ്പാളില്‍ മരണസംഖ്യ 903 ആയി; കാണാതായവരുടെ എണ്ണം 4,247 ആയി ഉയര്‍ന്നു
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയര്‍ന്നു. പ്രളയത്തെത്തുടര്‍ന്ന് രാജ്യത്തെ അരഡസനോളം ജലവൈദ്യുത പദ്ധതി പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന 933-ഓളം തൊഴിലാളികള്‍ തുരങ്കങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
ത്രിശൂലി-3എ പദ്ധതി പ്രദേശം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നുണ്ട്. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയവരുമായി ആശയവിനിമയം നടത്താന്‍ ശ്രമിച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കാണാതായ ആകെ 2,500-ലധികം ആളുകളില്‍ ഭൂരിഭാഗവും ജലവൈദ്യുത നിലയങ്ങളിലെ ജീവനക്കാരാണ്. പ്രളയം ഇന്‍ഡസ്ട്രിയല്‍ തൊഴിലാളികളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ചൈന അതിര്‍ത്തി മേഖലയായ ടിബറ്റിലും പ്രളയം വന്‍ നാശനഷ്ടം വിതച്ചിട്ടുണ്ട്. അവിടെ 16 മരണങ്ങള്‍ സ്ഥിരീകരിക്കുകയും 546 പേരെ കാണാതാവുകയും ചെയ്തതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് കാണാതായവരുടെ എണ്ണം 4,247 ആയി വര്‍ധിച്ചിട്ടുണ്ട്. ദുരന്തം നടന്ന് ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ദുരന്തബാധിത മേഖലകളില്‍ തിരച്ചിലും മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. ദേവിഘട്ട്, ത്രിശൂലി, ബെത്രാവതി, ഝോലെ, തിമുറെ തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
നേപ്പാള്‍ പൊലീസിന്റെ കണക്കനുസരിച്ച് മരണസംഖ്യ 788 ആണ്. എന്നാല്‍ ദേശീയ ദുരന്ത അപകടസാധ്യത ലഘൂകരണ അതോറിറ്റി മരണസംഖ്യ 903 ആയും കാണാതായവര്‍ 2,502 ആയും രേഖപ്പെടുത്തിയിട്ടുണ്ട്. കാണാതായവരില്‍ 933 പേര്‍ ജലവൈദ്യുത പദ്ധതി തൊഴിലാളികളും 592 പേര്‍ വിദേശ പൗരന്മാരുമാണ്.
ഇതുവരെ 20,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ദുരന്തമേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. കരസേനയും മറ്റ് സുരക്ഷാ വിഭാഗങ്ങളും ചേര്‍ന്ന് 8,730 പേരെ രക്ഷപ്പെടുത്തി. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് 363 സര്‍വീസുകളിലായി 3,081 പേരെ വ്യോമമാര്‍ഗം സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. വെള്ളപ്പൊക്കമുണ്ടായ ഒരു ജലവൈദ്യുത തുരങ്കത്തില്‍ നിന്ന് മാത്രം 279 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്.








