കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ടു; കോട്ടയം സ്വദേശിനി അറസ്റ്റില്‍
മില്‍പിറ്റാസ് (കാലിഫോര്‍ണിയ): കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ടു. തൃശൂര്‍ മണ്ണുത്തി സ്വദേശിനി അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആന്‍ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ സുഹൃത്തും സഹവാസിയുമായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ (32) മില്‍പിറ്റാസ് പൊലീസ് അറസ്റ്റ് ചെയ്തു.
ആന്‍ മേരിയെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ കുത്തിക്കൊലപ്പെടുത്തിയ നിലയിലും, അഞ്ജനയെ അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ വാഹനം ഇടിച്ച് പരുക്കേറ്റ നിലയിലുമാണ് കണ്ടെത്തിയത്. ഓടെ പാര്‍ക്കിങ് ഏരിയയില്‍ കാറിടിച്ച് അപകടമുണ്ടായെന്ന സന്ദേശത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. അഞ്ജനയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തിയെങ്കിലും സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവസ്ഥലത്തുനിന്ന് അതിവേഗത്തില്‍ ഓടിച്ചുപോയ കാര്‍ പൊലീസ് തിരച്ചിലില്‍ തൊട്ടടുത്തുള്ള മറ്റൊരു പാര്‍ക്കിങ് ഏരിയയില്‍ നിന്ന് കണ്ടെത്തുകയും കാറിലുണ്ടായിരുന്ന അനിലയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അഞ്ജന കൊല്ലപ്പെട്ട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആനിന്റെ ഭര്‍ത്താവ് ജേക്കബ് അപ്പാര്‍ട്ട്‌മെന്റില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് കുത്തേറ്റ നിലയില്‍ ആന്‍ മേരിയുടെ മൃതദേഹം കണ്ടെത്തുന്നത്.
ആദ്യം ആന്‍ മേരിയെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്ക് വിളിച്ചുവരുത്തി കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ചില കുടുംബാംഗങ്ങളുടെ ആരോപണം. എന്നാല്‍, രണ്ട് മരണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ കാലിഫോര്‍ണിയയിലെ പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മരിച്ച അഞ്ജന തൃശൂര്‍ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് ഹരിദാസിന്റെയും സുഷമയുടെയും മകളാണ്. സ്‌കൂള്‍ അധ്യാപികയായ അഞ്ജന 2021-ലാണ് കാലിഫോര്‍ണിയയിലെത്തിയത്. തിരുവനന്തപുരം കേശവദാസപുരം കക്കനാട് ലെയ്‌നില്‍ മാറ്റത്ത് വീട്ടില്‍ ജിജി മാത്യുവിന്റെയും (സിന്‍ഡിക്കേറ്റ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥന്‍) പരേതയായ ബെസി ജി. മാത്യുവിന്റെയും മകളാണ് ആന്‍ മേരി മാത്യു.
മൂന്നുപേരും ഒരേ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലാണ് താമസിച്ചിരുന്നത്. ഇവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും സംഭവത്തിന്റെ തലേദിവസം ഒരുമിച്ച് ഓണാഘോഷത്തില്‍ പങ്കെടുക്കുകയും സിനിമ കാണാന്‍ പോകുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
മില്‍പിറ്റാസിലെ ഡിക്‌സണ്‍ ലാന്‍ഡിങ് റോഡിലുള്ള ‘മില്‍ ക്രീക്’ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലാണ് ദാരുണമായ സംഭവം നടന്നത്. മരണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.









