ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസ് ചാപ്റ്റര്‍ പ്രവര്‍ത്തന ഉദ്ഘാടനം പ്രൗഢഗംഭീരമായി; കോട്ടയം എംപി ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) ഡാളസ് ചാപ്റ്ററിന്റെ 2026-ലെ പ്രവര്‍ത്തന ഉദ്ഘാടനം വിന്‍ധാം ഡി.എഫ്.ഡബ്ല്യു. എയര്‍പോര്‍ട്ട് ഹോട്ടല്‍ വേദിയില്‍ പ്രൗഢഗംഭീരമായി നടന്നു. മാധ്യമ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.

കോട്ടയം എംപി കെ. ഫ്രാന്‍സിസ് ജോര്‍ജ് ഭദ്രദീപം കൊളുത്തി പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാഷ്ട്രനിര്‍മാണത്തില്‍ മാധ്യമങ്ങളുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അനിവാര്യമാണ്. ഏതു സര്‍ക്കാരായാലും ഭയപ്പെടുന്നത് മാധ്യമങ്ങളെ മാത്രമാണെന്നും, പ്രവാസി മലയാളികളുടെ ഉന്നമനത്തിനും മാധ്യമ മേഖലയിലെ ഗുണപരമായ മാറ്റങ്ങള്‍ക്കും പ്രസ് ക്ലബ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാപ്റ്റര്‍ പ്രസിഡന്റ് സജി സ്റ്റാര്‍ലൈന്‍ അധ്യക്ഷത വഹിച്ചു. വരാനിരിക്കുന്ന ഐ.പി.സി.എന്‍.എ. ദേശീയ സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളെപ്പറ്റിയും പുതിയ വര്‍ഷത്തെ പദ്ധതികളെപ്പറ്റിയും സജി സ്റ്റാര്‍ലൈന്‍ വിശദീകരിച്ചു. ഡാളസ് ചാപ്റ്റര്‍ സെക്രട്ടറി സുധ പ്ലാക്കാട്ട് സ്വാഗതം ആശംസിച്ചു.

പ്രശസ്ത ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. മാധ്യമപ്രവര്‍ത്തനത്തിലൂടെയാണ് തന്റെ പൊതുജീവിതം തുടങ്ങിയതെന്നും തുടര്‍ന്നാണ് കലാരംഗത്തേക്ക് ചുവടുവെച്ചതെന്നും ദിവ്യ ഉണ്ണി അനുസ്മരിച്ചു.

കേരളാ എക്യൂമെനിക്കല്‍ ക്രിസ്റ്റ്യന്‍ ഫെലോഷിപ് ഡാളസ് പ്രസിഡന്റ് റവ. രാജു ഡാനിയേല്‍, കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു എബ്രഹാം, ഫോമാ വൈസ് പ്രസിഡന്റ് ഇലക്ട് സാം മത്തായി, വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ മുന്‍ പ്രസിഡന്റ് ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ചലച്ചിത്ര നിര്‍മ്മാതാവും മാധ്യമ പ്രവര്‍ത്തകയുമായ ലിസി ഫെര്‍ണാണ്ടസ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി മാര്‍ട്ടിന്‍ വിലങ്ങോലില്‍ നന്ദി പറഞ്ഞു. ചടങ്ങിന്റെ സ്‌പോണ്‍സര്‍മാരായ ഷിജു ഫൈനാന്‍ഷ്യല്‍സ് ഉടമ ഷിജു എബ്രഹാം, ക്രൗണ്‍ ട്രാവല്‍സ് & ത്രിവേണി ഇന്ത്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ആന്‍ഡ് കിച്ചണ്‍ ഉടമ സോബിന്‍ മാത്യു എന്നിവരുടെ സഹകരണത്തിന് ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.

ഐ.പി.സി.എന്‍.എ. ഡാളസ് ചാപ്റ്റര്‍ ഭാരവാഹികളായ സജി സ്റ്റാര്‍ലൈന്‍ (പ്രസിഡന്റ്), ജോസ് പ്ലാക്കാട്ട് (വൈസ് പ്രസിഡന്റ്), സുധ പ്ലാക്കാട്ട് (സെക്രട്ടറി), മാര്‍ട്ടിന്‍ വിലങ്ങോലില്‍ (ജോയിന്റ് സെക്രട്ടറി), തോമസ് കോശി (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ ഏകോപിപ്പിച്ചത്.

അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ മാധ്യമ-സാംസ്‌കാരിക കൂട്ടായ്മ കൂടുതല്‍ ശക്തമാക്കുന്ന വേദിയായി ഉദ്ഘാടന സമ്മേളനം മാറി.