വിയന്ന-ഡല്ഹി എയര് ഇന്ത്യ വിമാനം റദ്ദാക്കല്: പ്രവാസികളുടെ പ്രതിഷേധവും നിവേദനവും
വിയന്ന: ഓസ്ട്രിയയില് നിന്ന് ഇന്ത്യയിലേക്കുള്ള എയര് ഇന്ത്യയുടെ നേരിട്ടുള്ള വിമാന സര്വീസ് റദ്ദാക്കിയതിനെത്തുടര്ന്ന് പ്രവാസി സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്ത്. വിയന്ന അന്താരാഷ്ട്ര വിമാനത്താവളത്തില് (VIE) നിന്ന് ഡല്ഹിയിലേക്കുള്ള (DEL) നേരിട്ടുള്ള സര്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്ലൈന് നിവേദനം ആരംഭിച്ചിട്ടുണ്ട്. എയര് ഇന്ത്യയോടും ബന്ധപ്പെട്ട വ്യോമയാന അധികൃതരോടും ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള നിവേദനം 2026 ഒക്ടോബര് 15-നാണ് ആരംഭിച്ചത്.
എയര് ഇന്ത്യയുടെ തീരുമാനം
എയര് ഇന്ത്യയുടെ ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായാണ് ഡല്ഹി-വിയന്ന നേരിട്ടുള്ള വിമാനം റദ്ദാക്കുന്നത്. ഇതോടൊപ്പം ഡല്ഹി-കോപ്പന്ഹേഗന് സര്വീസും നിര്ത്തിവെക്കുന്നുണ്ട്. ബര്മിംഗ്ഹാം, ലണ്ടന് (ഗാറ്റ്വിക്ക്), സാന് ഫ്രാന്സിസ്കോ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണവും കുറയ്ക്കുന്നു. എന്നാല്, യുഎസ്, കാനഡ എന്നിവിടങ്ങളിലേക്കുള്ള ചില വിമാനങ്ങള്ക്ക് വിയന്ന ഇപ്പോഴും ഒരു സാങ്കേതിക സ്റ്റോപ്പ് ആയി തുടരും. വര്ധിച്ച ജെറ്റ് ഇന്ധന വിലയും പാകിസ്ഥാന് വ്യോമാതിര്ത്തിയുടെ തുടര്ച്ചയായ അടച്ചിടലും കാരണം എയര് ഇന്ത്യയുടെ പ്രവര്ത്തനച്ചെലവ് വര്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് കമ്പനി വൃത്തങ്ങള് വ്യക്തമാക്കുന്നു.
‘Call for the Resumption of Direct Air India Flights Between Vienna and Delhi’ എന്ന തലക്കെട്ടില് ആരംഭിച്ചിട്ടുള്ള ഈ നിവേദനം ഓസ്ട്രിയയിലെ ഇന്ത്യന് സമൂഹം, ഓസ്ട്രിയന് പൗരന്മാര്, ബിസിനസ് യാത്രക്കാര് ഉള്പ്പെടെ നിരവധി പേരുടെ പിന്തുണയോടെയാണ് സമര്പ്പിക്കുന്നത്. വിയന്നയിലും പരിസര പ്രദേശങ്ങളിലുമായി വസിക്കുന്ന വലിയൊരു ഇന്ത്യന് പ്രവാസി സമൂഹം ഈ വിമാന സര്വീസിനെ ആശ്രയിച്ചാണ് കുടുംബ സന്ദര്ശനങ്ങള്, സാംസ്കാരിക ആഘോഷങ്ങള്, വ്യാപാര-വാണിജ്യ ആവശ്യങ്ങള് എന്നിവ നിര്വഹിക്കുന്നത്. നേരിട്ടുള്ള വിമാനങ്ങള് ദീര്ഘമായ ലേഓവറുകള് ഒഴിവാക്കുകയും കുടുംബങ്ങള്ക്കും മുതിര്ന്നവര്ക്കും വിദ്യാര്ഥികള്ക്കും യാത്രാക്ഷീണം ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
ഓസ്ട്രിയയും ഇന്ത്യയും തമ്മില് വളരുന്ന വ്യാപാര, വ്യാവസായിക, സാങ്കേതിക പങ്കാളിത്തം, ടൂറിസം തുടങ്ങിയ മേഖലകള് കണക്കിലെടുക്കുമ്പോള് നേരിട്ടുള്ള വിമാന സര്വീസ് ഏറെ പ്രസ്കതമാണ്. അതേസമയം വിയന്ന യൂറോപ്പിലെ പ്രമുഖ സാംസ്കാരിക-നയതന്ത്ര കേന്ദ്രമാണ്. മധ്യ യൂറോപ്പിലെ ഒരു പ്രധാന ട്രാന്സിറ്റ് ഹബ്ബായ വിയന്ന, അയല്രാജ്യങ്ങളില് നിന്നുള്ള യാത്രക്കാരെയും ഉള്ക്കൊള്ളുന്നു. വര്ഷം മുഴുവനും ഉയര്ന്ന യാത്രക്കാരുടെ എണ്ണം ഈ റൂട്ടിനെ എയര് ഇന്ത്യയ്ക്കും യാത്രക്കാര്ക്കും പ്രായോഗികവും പരസ്പര പ്രയോജനകരവുമായ ഒരു റൂട്ടാണ്.
എങ്ങനെ പിന്തുണയ്ക്കാം?
വിയന്ന-ഡല്ഹി നേരിട്ടുള്ള വിമാന സര്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുന്ന ഈ നിവേദനത്തില് ഏതൊരു വ്യക്തിക്കും എളുപ്പത്തില് ഒപ്പുവെക്കാം. ചുവടെയുള്ള ലിങ്ക് സന്ദര്ശിച്ച് ഫോം പൂരിപ്പിക്കുക.
നിവേദനത്തില് ഒപ്പുവെക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക









