ട്രിപ്പിള്‍ പുരസ്‌കാര തിളക്കത്തില്‍ ഓസ്ട്രിയയിലെ പ്രോസി ഗ്രൂപ്പ്

വിയന്ന: മികവിന്റെ ത്രിമുദ്ര പതിപ്പിച്ച് ഓസ്ട്രിയയിലെ പ്രോസി ഗ്രൂപ്പ്. വിയന്നയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ പ്രോസിയ്ക്ക് 2026 നവംബറില്‍ മൂന്ന് പ്രധാന പുരസ്‌കാരങ്ങള്‍ ലഭിച്ചു. നവീകരണം, ബിസിനസ് മികവ്, സമൂഹവുമായുള്ള ശക്തമായ ബന്ധം എന്നീ മൂന്ന് മേഖലകളിലെ മികവിനാണ് ഈ അംഗീകാരങ്ങള്‍.

നൂതന ആശയങ്ങള്‍ ബിസിനസില്‍ അവതരിപ്പിക്കുന്നവര്‍ക്കുവേണ്ടി വിയന്ന ചേംബര്‍ ഓഫ് കൊമേഴ്‌സ് നല്‍കുന്ന ഹാന്‍ഡല്‍സ്‌ഹെര്‍മെസ് 2026, ഓസ്ട്രിയയിലെ ഏറ്റവും പ്രമുഖ ദേശീയ ദിനപത്രങ്ങളിലൊന്നായ കുറിയര്‍ നല്‍കുന്ന ഫാമിലി ബിസിനസ് പുരസ്‌കാരം 2026, വിയന്നയിലെ 7-ാം ജില്ലയില്‍ ഇടത്തരം, വലിയ ബിസിനസുകളുടെ വിഭാഗത്തില്‍ ലഭിച്ച 2026 ജില്ലാ ബിസിനസ് അവാര്‍ഡ് എന്നിങ്ങനെ മൂന്ന് അവാര്‍ഡുകളാണ് പ്രോസിയ്ക്കു ലഭിച്ചത്.

ഈ അംഗീകാരങ്ങള്‍ പ്രോസിയുടെ അടിസ്ഥാനപരയമായ മൂന്ന് ആശയങ്ങള്‍ക്കു തന്നെ ലഭിച്ചുവെന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്നും അതോടൊപ്പം ഈ നേട്ടങ്ങള്‍ തങ്ങളുടെ മാത്രമല്ലെന്നും, കഴിഞ്ഞ 27 വര്‍ഷത്തിനിടയില്‍ ഞങ്ങളില്‍ വിശ്വസിച്ച, പിന്തുണച്ച, ഞങ്ങളുടെ ബിസിനസ് യാത്രയുടെ ഭാഗമായ എല്ലാവര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നുവെന്നും കമ്പനിയുടെ ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ പറഞ്ഞു.

1999-ല്‍ ഒരു സ്വപ്നമായി തുടങ്ങിയ പ്രോസി, ലോകമെമ്പാടുമുള്ള ആളുകളെ ബന്ധിപ്പിക്കുന്ന ഒരു ബഹുസാംസ്‌കാരിക കുടുംബ ബിസിനസും, ഓസ്ട്രിയയിലെ മികച്ച 10 കുടുംബ ബിസിനസുകളുടെ കൂട്ടത്തില്‍ അറിയപ്പെടാനും ഈ പുരസ്‌കാരങ്ങള്‍ വഴിയൊരുക്കി. പ്രോസി എക്‌സോട്ടിക് സൂപ്പര്‍മാര്‍ക്കറ്റില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. സൂപ്പര്‍മാര്‍ക്കറ്റിന് പുറമെ ഇന്ത്യന്‍ റെസ്റ്റോറന്റ്, കോസ്‌മെറ്റിക് ആന്‍ഡ് ഹെയര്‍ വേള്‍ഡ്, ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഇന്റര്‍നാഷണല്‍ കുക്കറി ക്ലാസ് & ഷോ, എക്‌സോട്ടിക് സ്ട്രീറ്റ് ഫെസ്റ്റിവല്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങളും പ്രോസി നല്‍കിവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.prosi.at