കശ്മീരില്‍ ഏറ്റുമുട്ടല്‍, ഒരു ഭീകരനെ വധിച്ചു
ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. മറ്റൊരു ഭീകരന് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.
കുല്‍ഗാമിലെ സിആര്‍പിഎഫ് ചെക്ക്പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇന്ന് കശ്മീരിലെ നിരവധി ഗ്രാമങ്ങളില്‍ സുരക്ഷാസേന തിരച്ചില്‍ നടത്തിയിരുന്നു. ആക്രമണത്തില്‍ മൂന്ന് അര്‍ധസൈനികര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ചില നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് സിആര്‍പിഎഫ് സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഖിര്‍വാര്‍ പറഞ്ഞു.
‘ഞങ്ങള്‍ക്ക് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ചില വിവരങ്ങളും കൈവശമുണ്ട്. എന്നാല്‍ അവ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ല. അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ മറ്റ് അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്,’ സന്ദീപ് ഖിര്‍വാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ അഞ്ച് ദിവസമായി ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും സൈന്യവും സംയുക്തമായി നിരവധി ഗ്രാമങ്ങളില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അക്രമികളെക്കുറിച്ചുള്ള സൂചനകള്‍ കണ്ടെത്തുന്നതിനായി ചോദ്യം ചെയ്യാനായി 500-ലധികം യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇവരില്‍ ഭൂരിഭാഗം പേരെയും വിട്ടയച്ചു.
ബുധനാഴ്ച അഖ്റാനു സമീപമുള്ള സുരക്ഷാ ചെക്ക്പോസ്റ്റിനു നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മൂന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരില്‍ ഒരാളുടെ നില ഗുരുതരമായിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ കുല്‍ഗാമില്‍ വെഷോ ഉത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ സമയത്തായിരുന്നു ആക്രമണം.
തിരച്ചിലിനിടെ അക്രമികളില്‍ ഒരാളുടേതെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തതായാണ് വൃത്തങ്ങള്‍ നല്കുന്ന വിവരം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുമുണ്ട്. ലഷ്കര്‍ ഭീകരനായ പ്രദേശവാസി ലത്തീഫ് അഹമ്മദ് ഭട്ടാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഇയാള്‍ക്കൊപ്പം രണ്ട് പാക് ലഷ്കര്‍ ഭീകരരും ഉണ്ടായിരുന്നുവെന്നാണ് നിഗമനം.
‘ജമ്മു കശ്മീരിലെ ജനങ്ങളെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്ഥിതിഗതികള്‍ ഏറെക്കുറെ സാധാരണ നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഭൂരിഭാഗം വെല്ലുവിളികളെയും നമ്മള് അതിജീവിച്ചു. എന്നാല്‍ എല്ലാ വെല്ലുവിളികളും അവസാനിച്ചുവെന്ന് പറയുന്നത് ശരിയാകില്ല,’ ഖിര്‍വാര്‍ പറഞ്ഞു. സുരക്ഷാസേനയും ഭരണകൂടവും സര്‍ക്കാരും ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. അവശേഷിക്കുന്ന വെല്ലുവിളികളെയും അതിജീവിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് മുതിര്‍ന്ന പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ കുല്ഗാമിലെത്തി തിരച്ചില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. രാത്രി മുഴുവന്‍ ഓപ്പറേഷന് തുടര്‍ന്നെങ്കിലും ഭീകരരുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഉണ്ടായില്ല.
കുല്‍ഗാമിലെ ആക്രമണം അതീവ ആശങ്കാജനകമാണെന്ന് വിശേഷിപ്പിച്ച പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി), മേഖലയിലെ നിലവിലെ സാഹചര്യം 1990കളിലെ പ്രയാസകരമായ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്നതാണെന്ന് പ്രതികരിച്ചു.
‘ഒരു കാര്യം വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു. സുരക്ഷയില്‍ ഒരിക്കലും വിട്ടുവീഴ്ച പാടില്ല. എന്നാല്‍ സുരക്ഷയുടെ പേരില്‍ സാധാരണ പൗരന്മാരുടെ മനുഷ്യാവകാശങ്ങളും അന്തസ്സും മൗലിക സ്വാതന്ത്ര്യങ്ങളും ഹനിക്കാനും പാടില്ല. സാധാരണ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലും ആനുപാതികമായും സംവേദനക്ഷമതയോടെയും വേണം സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍. കുറ്റവാളികളുടെ പ്രവൃത്തികള്‍ക്ക് നിരപരാധികള്‍ വില നല്കേണ്ടിവരരുത്,’ പിഡിപി നേതാവ് സര്‍താജ് മദ്നി പറഞ്ഞു.
‘വളരെയധികം കഷ്ടപ്പെട്ട് ജനങ്ങള്‍ അതിജീവിച്ച ഒരു കാലഘട്ടത്തിലേക്ക് കശ്മീരിനെ വീണ്ടും തള്ളിവിടാന്‍ അനുവദിക്കരുത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയന്ത്രണങ്ങള്‍ അടിയന്തരമായി പുനഃപരിശോധിക്കണമെന്നും സാധാരണക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട മദ്നി നാഷണല്‍ കോണ്‍ഫറന്‍സിനെതിരെ രൂക്ഷവിമര്‍ശനവും ഉന്നയിച്ചു. വിഷയത്തില്‍ പാര്‍ട്ടി പുലര്‍ത്തുന്ന മൗനം ബധിരമായ നിശബ്ദതയാണെന്നും അദ്ദേഹം ആരോപിച്ചു.
‘ഇന്ന് ജനങ്ങള്‍ നിയന്ത്രണങ്ങളും അനിശ്ചിതത്വവും നേരിടുകയാണ്. ഈ സമയത്ത് സര്‍ക്കാരെവിടെ? ജനപ്രതിനിധികള്‍ എവിടെ? ജനങ്ങളുടെ വോട്ട് തേടിയവരില്‍ നിന്ന് ആശങ്ക പ്രകടിപ്പിക്കുന്ന അര്‍ഥവത്തായ ഒരു പ്രസ്താവന പോലും ഉണ്ടായിട്ടില്ല,’ മദ്നി പറഞ്ഞു.
കശ്മീരിലെ ജനങ്ങള്‍ ആവശ്യത്തിലധികം ദുരിതങ്ങള്‍ അനുഭവിച്ചുകഴിഞ്ഞു. ഭയമില്ലാത്ത സുരക്ഷയും നിശബ്ദതയില്ലാത്ത ഭരണവും ഉപാധികളില്ലാത്ത അന്തസ്സുമാണ് അവര്‍ അര്‍ഹിക്കുന്നത്. ജനവിധി എന്നത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള ഉത്തരവാദിത്തമാണ്. അവര്‍ ദുരിതമനുഭവിക്കുമ്പോള്‍ മൗനം പാലിക്കാനുള്ള ലൈസന്‍സല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









