രജൗരി ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍-ഇ-തൊയ്ബയുടെ കൊടും ഭീകരന്‍ ഖാരിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. കൊല്ലപ്പെട്ടവരില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. സ്ഥലത്ത് പരിശോധന തുടരുകയാണ്. ബുധനാഴ്ച ആരംഭിച്ച ഏറ്റുമുട്ടലില്‍ രണ്ട് ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ വീരമൃതു വരിച്ചിരുന്നു.

ധര്‍മ്മസാല്‍ ബെല്‍റ്റിലെ ബാജിമാല്‍ മേഖലയിലാണ് വ്യാഴാഴ്ച രാവിലെ വീണ്ടും വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലില്‍ ഖാരി എന്ന ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍, അഫ്ഗാന്‍ ഫ്രണ്ടില്‍ നിന്ന് പരിശീലനം നേടിയിയ ഇയാള്‍ ലഷ്‌കര്‍ തൊയ്ബയുടെ ഉയര്‍ന്ന റാങ്കിലുള്ള ഭീകര നേതാവാണ്.

കഴിഞ്ഞ ഒരു വര്‍ഷമായി പാക് ഭീകരന്‍ തന്റെ സംഘത്തോടൊപ്പം രജൗരി-പൂഞ്ചില്‍ സജീവമാണ്. മേഖലയിലെ ഭീകരവാദത്തെ പുനരുജ്ജീവിപ്പിക്കാനാണ് ഖാരി എത്തിയത്. ഐഇഡി നിര്‍മാണത്തില്‍ വിദഗ്ധനാണ് ഇയാള്‍. ഡാങ്ഗ്രി, കാണ്ടി ആക്രമണങ്ങളുടെ സൂത്രധാരന്‍ ഇയാളാണെന്ന് കരുതുന്നതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ബുധനാഴ്ച രജൗരിയിലെ ധര്‍മ്മസല്‍-കമല്‍കോട്ട് വനമേഖലയില്‍ ഒളിച്ചിരുന്ന ഒരു കൂട്ടം തീവ്രവാദികളെ കണ്ടെത്തുന്നതിനായി സൈന്യവും പൊലീസും തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തീവ്രവാദികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയും ക്യാപ്റ്റന്‍ എം.വി പ്രഞ്ജല്‍, ക്യാപ്റ്റന്‍ ശുഭം എന്നിവരടക്കം നാല് സൈനികര്‍ വീരമൃതു വരിക്കുകയും ഒരു മേജര്‍ ഉള്‍പ്പെടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.