ജീവനോടെ തിരിച്ചെത്തിയേക്കില്ലന്ന് ഇമ്രാന്‍ ഖാന്‍
ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നിലവില്‍ റാവല്‍പിണ്ടിയിലെ അദിയാല ജയിലില്‍ അദ്ദേഹം തടവില്‍ കഴിയുകയാണ്. പാകിസ്ഥാനിലെ ഉന്നത ജഡ്ജിമാര്‍ക്ക് അയച്ച തുറന്ന കത്തില്‍, ജയിലിലെ സാഹചര്യങ്ങളെക്കുറിച്ചും തനിക്ക് നല്‍കുന്ന ചികിത്സയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഇമ്രാന്‍ ഖാന് വേണ്ടി ബാരിസ്റ്റര്‍ സല്‍മാന്‍ സദര്‍ തയ്യാറാക്കിയ കത്തില്‍, തനിക്ക് മസ്തിഷ്‌കാഘാതത്തിനും ഹൃദയാഘാതത്തിനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും, രക്തസമ്മര്‍ദ്ദം 193-ല്‍ എത്തിയതായും പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പി.ടി.ഐ) ചെയര്‍മാന്‍ വ്യക്തമാക്കിയതായി ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
‘എനിക്ക് മസ്തിഷ്‌കാഘാതത്തിനും ഹൃദയാഘാതത്തിനും വലിയ സാധ്യതയുണ്ടെന്നും എന്റെ ഹൃദയത്തിന് ഇതിനകം തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ പറയുന്നത്. എഴുപത്തിനാലാം വയസ്സില്‍, വിട്ടുമാറാത്ത ഈ അവസ്ഥ എന്നെ ജീവനോടെ തിരിച്ചെത്താന്‍ കഴിയാത്ത ഒരിടത്തേക്കാണ് കൊണ്ടുപോകുന്നത്.’ പാകിസ്ഥാന്‍ സുപ്രീം കോടതി, ഫെഡറല്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ കോടതി, ഇസ്ലാമാബാദ് ഹൈക്കോടതി എന്നിവയുടെ ചീഫ് ജസ്റ്റിസുമാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തുറന്ന കത്തില്‍ ഇമ്രാന്‍ ഖാന്‍ കുറിച്ചു.
2022-ല്‍ അവിശ്വാസ വോട്ടെടുപ്പിലൂടെ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം അഴിമതിയുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് ഇമ്രാന്‍ ഖാന്‍ നേരിടുന്നത്. മൂന്ന് വര്‍ഷത്തിലേറെയായി അദ്ദേഹം അഴിക്കുള്ളിലാണ്.
ഒരു കേസിലൊഴികെ ഇമ്രാന്‍ ഖാനെതിരായ മറ്റെല്ലാ ശിക്ഷകളും ഒന്നുകില്‍ മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ടെന്നും, ആ കേസില്‍ അപ്പീലുകള്‍ നിലനില്‍ക്കുകയാണെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ഇമ്രാന്‍ ഖാന്റെ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ ഈ ആരോപണം നിഷേധിക്കുന്നു.
‘ഞാന്‍ ജീവനോടെ ബാക്കിയുണ്ടെങ്കില്‍ എന്റെ നിരപരാധിത്വം തെളിയിക്കും. ഒരു മുന്‍ പ്രധാനമന്ത്രി എന്ന നിലയിലോ, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തലവന്‍ എന്ന നിലയിലോ അല്ല ഞാന്‍ ഇത് എഴുതുന്നത്,’ ഇമ്രാന്‍ ഖാന്‍ കത്തില്‍ കുറിച്ചു. കോടതികളില്‍ നിന്ന് എന്തെങ്കിലും ആശ്വാസം ലഭിക്കുമ്പോഴെല്ലാം രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള തന്റെ വിശ്വാസം പുതുക്കപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ജുഡീഷ്യറിയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ട് പാകിസ്ഥാന്‍ ഭരണഘടന ഭേദഗതി ചെയ്തതിന് ശേഷം പ്രതീക്ഷകള്‍ ഏതാണ്ട് ഇല്ലാതായെന്നും, തനിക്ക് ലഭിക്കേണ്ടിയിരുന്ന ആശ്വാസങ്ങള്‍ ചുരുങ്ങുകയും പിന്നീട് പൂര്‍ണ്ണമായും അടയുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആഴ്ച, വൈദ്യചികിത്സയ്ക്കായി ഇമ്രാന്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായും പിന്നീട് ജയിലിലേക്ക് മാറ്റിയതായും ഒരു പാകിസ്ഥാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. ‘അദ്ദേഹത്തിന് രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ രാത്രി ആവശ്യമായ ചികിത്സ നല്‍കി. അദ്ദേഹത്തെ തിരികെ ജയില്‍ സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്,’ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.









