ഇറാന്‍ യുദ്ധത്തെച്ചൊല്ലി ട്രംപും നെതന്യാഹുവും തമ്മില്‍ രൂക്ഷമായ വാക്കേറ്റമെന്ന് റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധത്തിന്റെ ഭാവിയെച്ചൊല്ലി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ അടുത്തിടെ ഫോണിലൂടെ രൂക്ഷമായ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ട്. ഇറാനെതിരെ സൈനിക നീക്കം പുനരാരംഭിക്കണമോ അതോ നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമോ എന്ന കാര്യത്തില്‍ ഇരുസഖ്യകക്ഷികളും തമ്മിലുള്ള അഭിപ്രായഭിന്നത വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
വാരാന്ത്യത്തില്‍ നടന്ന ഫോണ്‍ സംഭാഷണത്തെ നരകതുല്യമായ ആക്രോശം എന്നാണ് ഒരു സ്രോതസ്സ് വിശേഷിപ്പിച്ചതെന്ന് ഇസ്രായേലി വാര്‍ത്താ മാധ്യമമായ വൈനെറ്റ് റിപ്പോര്‍ട്ടു ചെയ്തു. ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം നടത്തണമെന്ന് നെതന്യാഹു നിര്‍ബന്ധം പിടിച്ചപ്പോള്‍, ചര്‍ച്ചകള്‍ തുടരുന്നതാണ് നല്ലതെന്ന നിലപാടിലായിരുന്നു ട്രംപ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, നെതന്യാഹുവിന്റെ ഓഫീസ് വാര്‍ത്ത തള്ളി. വ്യാജവാര്‍ത്തയും തികഞ്ഞ അസംബന്ധവുമാണിത് എന്നാണ് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചത്. ഫോണ്‍ സംഭാഷണം നടന്നതായി വൈനെറ്റ് ഉദ്ധരിച്ച മറ്റൊരു മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചെങ്കിലും, അതൊരു കടുപ്പമേറിയ സംഭാഷണമായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലെ വിശേഷണങ്ങള്‍ തെറ്റാണെന്നും വ്യക്തമാക്കി.
ഇറാന്‍ തങ്ങളുടെ ആണവ ശേഷി വീണ്ടെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് നെതന്യാഹു വിശ്വസിക്കുന്നത്. ഈ ഭീഷണി ശാശ്വതമായി ഇല്ലാതാക്കാന്‍ ഇറാനിലെ നിലവിലെ ഭരണകൂടത്തെ മാറ്റേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വാദിക്കുന്നു. മറുവശത്ത്, ഉടനടി സൈനിക നടപടിയിലേക്ക് മടങ്ങുന്നതിന് പകരം ഇറാന് മേലുള്ള സാമ്പത്തിക സമ്മര്‍ദ്ദം നിലനിര്‍ത്തിക്കൊണ്ടുതന്നെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ വാഷിംഗ്ടണ്‍ തയ്യാറാണെന്നാണ് ട്രംപ് സൂചിപ്പിക്കുന്നത്. നിലപാട് മാറ്റാന്‍ ട്രംപിന് മേല്‍ നെതന്യാഹു സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും, ആക്രമണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ദിവസവും ട്രംപിനെ വിളിക്കുന്നുണ്ടെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.









