ഐസന്‍കോട്ട് ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമോ?

ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ഗാഡി ഐസന്‍കോട്ട്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആദ്യ അവസരം ലഭിച്ചതിന് പിന്നാലെ നെസറ്റില്‍ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

‘നെസറ്റില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വേഗത്തില്‍ ഒരു പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാര്യങ്ങള്‍ നീട്ടിക്കൊണ്ടുപോകാനോ അവസാനമില്ലാത്ത മറ്റൊരു തിരഞ്ഞെടുപ്പ് ഘട്ടത്തിലേക്ക് മടങ്ങാനോ ഇസ്രായേലിന് കഴിയില്ല,’ ജറുസലേമില്‍ നടന്ന ചടങ്ങില്‍ ഐസന്‍കോട്ട് പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളയാള്‍ എന്ന വിഷയത്തില്‍ ഭൂരിപക്ഷം നെസറ്റ് അംഗങ്ങളുടെയും വ്യക്തവും നിരുപാധികവുമായ പിന്തുണ ഐസന്‍കോട്ടിന് ലഭിച്ചിട്ടുണ്ടെന്ന് ഹെര്‍സോഗ് പറഞ്ഞു. ലിക്കുഡ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുന്നുണ്ടെന്ന് സമ്മതിച്ച ഹെര്‍സോഗ്, മുന്‍ സര്‍ക്കാരിന് വോട്ട് ചെയ്തവരാകട്ടെ, അതിനെ എതിര്‍ത്ത കക്ഷികളുടെ ബ്ലോക്കിന് വോട്ട് ചെയ്തവരാകട്ടെ, എല്ലാ ഇസ്രായേലികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിനോട് അഭ്യര്‍ത്ഥിച്ചു.

ഒക്ടോബര്‍ 27-ലെ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ മത്സരിച്ച ഐസന്‍കോട്ടിന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ 28 ദിവസത്തെ സമയമാണുള്ളത്. ഹെര്‍സോഗിന് ഈ കാലാവധി രണ്ടാഴ്ച വരെ നീട്ടിനല്‍കാം.

പ്രസിഡന്റുമായുള്ള കൂടിയാലോചന വേളയില്‍ 67 ജനപ്രതിനിധികളെ പ്രതിനിധീകരിക്കുന്ന കക്ഷികള്‍ ഐസന്‍കോട്ടിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആദ്യ അവസരം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തപ്പോള്‍ 46 പേരെ പ്രതിനിധീകരിക്കുന്ന കക്ഷികള്‍ നെതന്യാഹുവിനെ ശുപാര്‍ശ ചെയ്തു. ഏഴ് സീറ്റുകള്‍ നേടിയ യുണൈറ്റഡ് തോറ ജൂഡായിസം ഇരുവരെയും ശുപാര്‍ശ ചെയ്തില്ല.

66-കാരനായ ഐസന്‍കോട്ട് 2015 മുതല്‍ 2019 വരെ ഇസ്രായേല്‍ പ്രതിരോധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫായി സേവനമനുഷ്ഠിക്കുകയും 2022-ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും ചെയ്തു. 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം നിരീക്ഷകനായി അദ്ദേഹം നെതന്യാഹുവിന്റെ യുദ്ധ കാബിനറ്റില്‍ ചേര്‍ന്നു. 2024 ജൂണില്‍ അന്നത്തെ പാര്‍ട്ടി നേതാവ് ബെന്നി ഗാന്റ്‌സിനൊപ്പം രാജി വെക്കുകയും 2025-ല്‍ ‘യാഷര്‍’ എന്ന പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.

നെസറ്റ് പ്രസിദ്ധീകരിച്ച ഫലങ്ങള്‍ അനുസരിച്ച്, ലികുഡ് പാര്‍ട്ടി 20.51 ശതമാനം വോട്ടുകളോടെ 27 സീറ്റുകള്‍ നേടിയപ്പോള്‍, യാഷാര്‍ 16.05 ശതമാനം വോട്ടുകളോടെ 21 സീറ്റുകള്‍ നേടി. ‘ബെയാഹദ്’ 12 സീറ്റുകളും ജോയിന്റ് ലിസ്റ്റ് 11 സീറ്റുകളും നേടി. ദി ഡെമോക്രാറ്റ്സും യുണൈറ്റഡ് അറബ് ലിസ്റ്റും എട്ട് സീറ്റുകള്‍ വീതം നേടി.

യിസ്രായേല്‍ ബെയ്താനു, ഒത്സ്മ യെഹൂദിത്, യുണൈറ്റഡ് തോറ ജൂഡായിസം എന്നിവര്‍ ഏഴ് സീറ്റുകള്‍ വീതം നേടി. ഷാസും റിലീജിയസ് സിയോണിസം-സെഹൂത് ലിസ്റ്റും ആറ് സീറ്റുകള്‍ വീതം നേടി. തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകളും ഐസന്‍കോട്ടിന്റെ സഖ്യത്തിന് 48 സീറ്റുകളുമാണ് ലഭിച്ചത്. രണ്ടും

ജോയിന്റ് ലിസ്റ്റും റാമും ചേര്‍ന്ന് 19 സീറ്റുകള്‍ നേടി. ഹെര്‍സോഗുമായുള്ള കൂടിയാലോചനകളില്‍ ഇരുപാര്‍ട്ടികളും ഐസന്‍കോട്ടിനെ ശുപാര്‍ശ ചെയ്‌തെങ്കിലും, അദ്ദേഹം രൂപീകരിക്കുന്ന സര്‍ക്കാരിനെ ഇവര്‍ പിന്തുണയ്ക്കുമോ എന്നത് ഇനിയും വ്യക്തമല്ല. അറബ് നേതൃത്വത്തിലുള്ള പാര്‍ട്ടികളെ ആശ്രയിക്കുന്ന സര്‍ക്കാരിനെ താന്‍ എതിര്‍ക്കുമെന്ന് ഐസന്‍കോട്ടിന്റെ സഖ്യത്തിന്റെ ഭാഗമായ യിസ്രായേല്‍ ബെയ്താനു പാര്‍ട്ടിയുടെ അവിഗ്‌ദോര്‍ ലീബര്‍മാന്‍ ഞായറാഴ്ച ആവര്‍ത്തിച്ചതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐസന്‍കോട്ട് രൂപീകരിക്കുന്ന ഏതൊരു സര്‍ക്കാരും നെസറ്റില്‍ നടത്തുന്ന വിശ്വാസവോട്ടെടുപ്പില്‍ ജയിക്കണം. അവിടെ എതിര്‍ത്ത് വോട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പിന്തുണച്ച് വോട്ട് ചെയ്യുന്നവരുടെ എണ്ണം വേണം. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ നെതന്യാഹുവും അദ്ദേഹത്തിന്റെ മന്ത്രിസഭയും കാവല്‍ സര്‍ക്കാരായി തുടരും.