ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലെന്ന് മാർക്കോ റൂബിയോ

താരിഫുകൾ ഇന്ത്യയെ ശിക്ഷിക്കാനല്ലെന്നും വിസ നിയന്ത്രണങ്ങൾ രാജ്യത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യ-യു.എസ് വ്യാപാര കരാർ അന്തിമഘട്ടത്തോട് ഏറെ അടുത്തെത്തിയെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസിന്’ നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

“വ്യാപാര കരാർ ഏതാണ്ട് പൂർത്തിയായതായി ഞാൻ കരുതുന്നു. മാസങ്ങളല്ല, ആഴ്ചകൾക്കുള്ളിൽ ഇത് അന്തിമരൂപത്തിലെത്തുമെന്നാണ് ഞാൻ കരുതുന്നത്. 99% ജോലികളും പൂർത്തിയായി. ബാക്കി കാര്യങ്ങൾ 100% പൂർത്തിയാകേണ്ടതുണ്ട്. ഇതിൽ ഞാൻ വളരെ പ്രതീക്ഷാഭരിതനാണ്,” റൂബിയോ പറഞ്ഞു.

റഷ്യൻ എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ 100% വരെ താരിഫ് ചുമത്താനുള്ള യു.എസിന്റെ മുൻ തീരുമാനത്തെക്കുറിച്ചും അത് സാമ്പത്തിക ബന്ധങ്ങളെ ബാധിക്കുമോ എന്നതിനെക്കുറിച്ചും റൂബിയോ സംസാരിച്ചു.

താരിഫുകൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ ബാധിക്കാമെന്നും അതിൽ സംശയമില്ലെന്നും മാർക്കോ റൂബിയോ പറഞ്ഞു. ഇത് വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഇന്ത്യയെ ശിക്ഷിക്കാനോ ഉപദ്രവിക്കാനോ വേണ്ടിയല്ല ഈ താരിഫുകളൊന്നും ഏർപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എസ് ഭരണകൂടത്തിന്റെ വിസ നിയന്ത്രണങ്ങളെക്കുറിച്ചും റൂബിയോ മനസ് തുറന്നു. ശരിയായി നടപ്പിലാക്കാതെ 20 വർഷമായി അവഗണിക്കപ്പെട്ടു കിടന്ന ഒരു കുടിയേറ്റ സംവിധാനം ശരിയാക്കാനാണ് ശ്രമിക്കുന്നതെന്നും അത് ഇന്ത്യയെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

യു.എസ് വിദേശകാര്യ സെക്രട്ടറിയെന്ന നിലയിലുള്ള തന്റെ ഏകദേശം രണ്ടു വർഷത്തെ സേവനത്തെ തിരിഞ്ഞുനോക്കുമ്പോൾ, ഇന്ത്യ-യു.എസ് ബന്ധം അനുകൂലമാണെന്നും ക്വാഡ് ഇന്ത്യയുമായുള്ള വളരെ ശക്തമായ സഹകരണത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയോട് ട്രംപ് ഭരണകൂടം മൃദുസമീപനം പുലർത്തുന്നു എന്ന ചോദ്യങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.

“മൃദുസമീപനം എന്നത് ശരിയായ പദപ്രയോഗമല്ല. അവരുമായുള്ള നമ്മുടെ ബന്ധത്തിൽ തന്ത്രപരമായ സുസ്ഥിരത കണ്ടെത്താനാണ് ഈ ഭരണകൂടം ശ്രമിച്ചത്,” റൂബിയോ പറഞ്ഞു. യു.എസ്-ചൈന വ്യാപാര യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നതും ഇന്ത്യയെ ബാധിക്കുന്നതുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇന്ത്യയിൽ എല്ലാവരും ഉറച്ചു വിശ്വസിക്കേണ്ടത്, പാകിസ്ഥാനുമായി മാത്രമല്ല ലോകത്തിലെ ഏത് രാജ്യവുമായുള്ള നമ്മുടെ ബന്ധവും ഇന്ത്യയുമായുള്ള ബന്ധത്തിന്റെ ചിലവിൽ ആകില്ല എന്നാണ്. ഇന്ത്യയുമായുള്ള ബന്ധത്തെ ഞങ്ങൾ ആ രീതിയിലല്ല കാണുന്നത്.” പാകിസ്ഥാൻ ജനറൽമാരുമായി ട്രംപ് ഭരണകൂടത്തിനുള്ള ബന്ധത്തെക്കുറിച്ചുള്ള ഇന്ത്യൻ ആശങ്കകൾ പരിഹരിച്ചുകൊണ്ട് റൂബിയോ പറഞ്ഞു.