ഫോണ് വിളിക്കുന്ന ആളുടെ പേര് സ്ക്രീനില് തെളിയണമെന്ന് കമ്പനികള്ക്ക് നിര്ദേശം
ഡല്ഹി: സേവ് ചെയ്യാത്ത നമ്പറുകളില് നിന്ന് വരുന്ന ഇന്കമിങ് കോളുകളില് നമ്പറിനൊപ്പം വിളിക്കുന്ന വ്യക്തിയുടെ പേരും സ്ക്രീനില് കാണിക്കുന്ന സംവിധാനം നവംബര് 1 മുതല് രാജ്യത്ത് പ്രാബല്യത്തില് വരുന്നു. എല്ലാ ടെലികോം സര്ക്കിളുകളിലും ‘കോളിങ് നെയിം പ്രസന്റേഷന്’ സംവിധാനം ഏര്പ്പെടുത്തണമെന്ന് ടെലികോം വകുപ്പ് എല്ലാ ടെലികോം സേവനദാതാക്കള്ക്കും അടിയന്തര നിര്ദേശം നല്കി. ഒക്ടോബര് 13 ന് പുറത്തിറക്കിയ സര്ക്കുലറിലാണ് ഉത്തരവുള്ളത്.
ഉപഭോക്താക്കള് പ്രത്യേകം അപേക്ഷ നല്കാതെ തന്നെ ഈ സേവനം ഫോണുകളില് ലഭ്യമാകും. സര്ക്കുലര് പ്രകാരം, നിലവിലുള്ളതുപോലെ കോള് ചെയ്യുന്ന ആളുടെ നമ്പറും ഒപ്പം മറ്റൊരു കോളത്തില് ഔദ്യോഗിക പേരും ദൃശ്യമാകും. ഫോണ് എടുക്കുന്ന ആളുടെ കോണ്ടാക്റ്റ് ലിസ്റ്റില് ഈ നമ്പര് മുന്പേ സേവ് ചെയ്തിട്ടുണ്ടെങ്കില് ആ പേരിനായിരിക്കും മുന്ഗണന.
സേവ് ചെയ്യാത്ത ആഭ്യന്തര നമ്പറുകളില് നിന്ന് വരുന്ന കോളുകളില്, ടെലികോം ഓപ്പറേറ്ററുടെ കെ.വൈ.സി രേഖകളിലുള്ള ഔദ്യോഗിക പേര് കാണിക്കും. എന്നാല്, വിദേശത്തുനിന്നുള്ള കോളുകളില് പേരിന് പകരം ‘ഇന്റര്നാഷണല് കോള്’ എന്ന് മാത്രമായിരിക്കും ദൃശ്യമാകുക. പേര് വെളിപ്പെടുത്താന് താല്പര്യമില്ലാതെ ‘കോളിങ് ലൈന് ഐഡന്റിഫിക്കേഷന് റെസ്ട്രിക്ഷന്’ തിരഞ്ഞെടുത്തിട്ടുള്ള ഉപഭോക്താക്കളുടെ പേര് സ്ക്രീനില് വരില്ല.
4ജി അല്ലെങ്കില് അതിനുമുകളിലുള്ള വയര്ലെസ് നെറ്റ്വര്ക്കുകളിലാണ് ആദ്യഘട്ടത്തില് ഈ സംവിധാനം നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതിനോടകം പരീക്ഷണങ്ങള് പൂര്ത്തിയായിട്ടുണ്ട്. എന്നാല് 2ജി, 3ജി നെറ്റ്വര്ക്കുകള്, ലാന്ഡ്ലൈനുകള് എന്നിവയിലെ സേവനം തുടര്പരിശോധനകള്ക്ക് ശേഷം പിന്നീട് തീരുമാനിക്കുമെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി.
ഫോണ് വിളിക്കുന്ന വ്യക്തിയുടെ പേരും നമ്പറും വ്യക്തമാക്കുന്ന കൃത്യമായ ഡാറ്റാബേസ് ഓരോ ടെലികോം സേവനദാതാക്കളും സൂക്ഷിക്കേണ്ടതുണ്ട്. ഒരു കോള് വരുമ്പോള്, റിസീവറുടെ ടെലികോം ഓപ്പറേറ്റര് ഈ ഡാറ്റാബേസില് നിന്ന് വിവരങ്ങള് ശേഖരിച്ച് പേര് പ്രദര്ശിപ്പിക്കും. സുരക്ഷ മുന്നിര്ത്തിയുള്ള ‘സെക്യൂരിറ്റി-ബൈ-ഡിസൈന്’ മാതൃകയിലായിരിക്കും പ്രവര്ത്തനം. ഇതനുസരിച്ച് കോള് അവസാനിച്ചയുടന് ശേഖരിച്ച വിവരങ്ങള് തനിയെ നീക്കം ചെയ്യപ്പെടും.
ബിസിനസ്, ബള്ക്ക് കണക്ഷനുകള്ക്ക് സര്ക്കുലറില് ചില ഇളവുകള് അനുവദിച്ചിട്ടുണ്ട്. ട്രേഡ് മാര്ക്ക് രജിസ്ട്രിയില് രജിസ്റ്റര് ചെയ്ത ട്രേഡ്മാര്ക്കോ ജി.എസ്.ടി പോര്ട്ടലില് രജിസ്റ്റര് ചെയ്ത വ്യാപാര നാമമോ ആണെങ്കില്, ഔദ്യോഗിക പേരിന് പകരം സ്ഥാപനങ്ങള്ക്ക് അവര്ക്കിഷ്ടമുള്ള ‘പ്രിഫേര്ഡ് നെയിം’ നല്കാം. എന്നാല് അസല് രേഖകള് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഓപ്പറേറ്റര്മാര് ഇത് അനുവദിക്കാവൂ. കൂടാതെ, കോളിംഗ് നെയിം പ്രസന്റേഷന് സംവിധാനവുമായി ബന്ധപ്പെട്ട പരാതികള് സമയബന്ധിതമായി പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്പ്പെടുത്താനും കമ്പനികള്ക്ക് നിര്ദേശമുണ്ട്.
2024 ഫെബ്രുവരിയിലെ ട്രായ് ശുപാര്ശകളും, കെ.വൈ.സി ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് 2025 നവംബറില് ടെലികോം വകുപ്പ് നല്കിയ പ്രത്യേക നിര്ദേശങ്ങളും മുന്നിര്ത്തിയാണ് പുതിയ ഉത്തരവ്.







