തീരുവ ‘ഭീഷണി’, പഴയ തന്ത്രവുമായി ട്രംപ്

ഡല്‍ഹി: ഫെബ്രുവരിയില്‍ യുഎസ് സുപ്രീം കോടതി നിയമവിരുദ്ധമെന്ന് വിധിച്ച പരസ്പര താരിഫുകള്‍ക്ക് പകരം പുതിയ ഇറക്കുമതി തീരുവ ഘടനയുമായി യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആര്‍) രംഗത്തെത്തി. മാസങ്ങളോളം നീണ്ട സെക്ഷന്‍ 301 അന്വേഷണങ്ങള്‍ക്കൊടുവില്‍ 14 പ്രധാന വ്യാപാര പങ്കാളികള്‍ക്കെതിരെയാണ് ബുധനാഴ്ച പുതിയ തീരുവകള്‍ പ്രഖ്യാപിച്ചത്. രാജ്യങ്ങള്‍ക്ക് അധിക വ്യാവസായിക ശേഷിയുണ്ടോ എന്നും, നിര്‍ബന്ധിത തൊഴിലാളികളെ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിതരണ ശൃംഖലയില്‍ കടക്കുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നും വിലയിരുത്തുന്നതിനായിരുന്നു ഈ അന്വേഷണം.

14 വ്യാപാര പങ്കാളികള്‍ക്ക് യുഎസ്ടിആര്‍ രണ്ട് തരത്തിലുള്ള നിരക്കുകളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അമേരിക്കയുമായി ഇതിനകം വ്യാപാര കരാറുള്ള ദക്ഷിണ കൊറിയ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ തുടങ്ങിയ പങ്കാളികള്‍ക്ക് 15 ശതമാനം; കരാറില്ലെങ്കില്‍ 20 ശതമാനം. മലേഷ്യ, ഇന്തോനേഷ്യ, തായ്ലന്‍ഡ് എന്നിവയ്ക്ക് കരാറോടെ 18 ശതമാനം; കരാറില്ലാത്തപക്ഷം 25 ശതമാനം. ഇന്ത്യയ്ക്ക് കരാറിലെത്തിയാല്‍ 17 ശതമാനം; അല്ലെങ്കില്‍ 25 ശതമാനം. പാക്കിസ്ഥാനുള്ള യുഎസ് തീരുവ 10 ശതമാനമായി തുടരും.

ഫെബ്രുവരി മധ്യത്തോടെ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഈ ഇരട്ട നിരക്കുകള്‍ പങ്കാളി രാജ്യങ്ങള്‍ക്ക് വ്യാപാര കരാറുകളില്‍ ഒപ്പുവെക്കാന്‍ ഒരു നിശ്ചിത സമയപരിധി നല്‍കുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണകാലം മുതല്‍ രാജ്യങ്ങളെ ഏകപക്ഷീയ വ്യാപാര കരാറുകളിലേക്ക് നിര്‍ബന്ധിതരാക്കാന്‍ സ്വീകരിക്കുന്ന അനുനയവും ഭീഷണിയും കലര്‍ന്ന തന്ത്രമാണ് ഇതില്‍ വീണ്ടും ആവര്‍ത്തിക്കുന്നത്. ലോക വ്യാപാര സംഘടനയുടെ സാധാരണ വ്യാപാര ചട്ടക്കൂടിന് പുറത്തുള്ള കരാറുകളാണ് ഇവ.

വിയറ്റ്‌നാം, ചൈന, മലേഷ്യ, ഇന്തോനേഷ്യ, തായ്ലന്‍ഡ് എന്നിവയേക്കാള്‍ മെച്ചപ്പെട്ട നിരക്ക് ഇന്ത്യയ്ക്ക് നല്‍കിയതിലൂടെ ഇന്ത്യയുടെ താരതമ്യേന മെച്ചപ്പെട്ട ആനുകൂല്യം ആവശ്യപ്പെടുന്ന നിലപാടിനോട് അമേരിക്ക അല്‍പ്പം അനുകൂലമായി പ്രതികരിച്ചതായി തോന്നാം. എന്നാല്‍ കാര്‍ഷിക മേഖലയില്‍ അമേരിക്ക മുന്നോട്ടുവയ്ക്കുന്ന കടുത്ത നിബന്ധനകള്‍ സര്‍ക്കാരിന് രാഷ്ട്രീയ വെല്ലുവിളിയാണ്. എങ്കിലും നിരവധി വ്യാപാര കരാറുകള്‍ നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ടത്തിലെത്തിയതും ബദല്‍ വ്യാപാര മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കയറ്റുമതിക്കാര്‍ക്ക് പരിചയമുള്ളതും ഇന്ത്യയെ യുഎസ് തീരുവകളെ നേരിടാന്‍ മെച്ചപ്പെട്ട സ്ഥിതിയിലാക്കുന്നു.

വ്യാപാര ചര്‍ച്ചകളിലെ തിരിച്ചടികള്‍ കാരണം മുന്‍പ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുഎസ് തീരുവയില്‍ ഒന്ന് ഇന്ത്യ നേരിട്ടിട്ടുണ്ട്. 2025 ഓഗസ്റ്റിനും 2026 ഫെബ്രുവരിക്കും ഇടയില്‍ 50 ശതമാനം തീരുവയാണ് ന്യൂഡല്‍ഹി അഭിമുഖീകരിച്ചത്. ഇത് വിപണി വൈവിധ്യവല്‍ക്കരണത്തിനും പുതിയ വ്യാപാര കരാറുകള്‍ ഒപ്പുവെക്കുന്നതിനുമുള്ള തീവ്രശ്രമങ്ങള്‍ക്ക് വഴിയൊരുക്കി. ഇത് ഇന്ത്യന്‍ കയറ്റുമതിക്ക് വലിയ ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷ.

തീരുവ ഭീഷണികള്‍ക്കിടയിലും യുകെയുമായും യൂറോപ്യന്‍ യൂണിയനുമായും ഇന്ത്യ രണ്ട് നിര്‍ണ്ണായക വ്യാപാര കരാറുകളില്‍ ഒപ്പുവെച്ചു. യുകെ കരാര്‍ ഇതിനകം പ്രാബല്യത്തില്‍ വന്നു. യൂറോപ്യന്‍ യൂണിയന്‍ കരാര്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകാന്‍ ഒരു വര്‍ഷം വേണ്ടിവരാമെങ്കിലും, അസ്ഥിരമായ യുഎസ് വ്യാപാര നയങ്ങളില്‍ നിന്ന് ഇന്ത്യന്‍ കയറ്റുമതിക്ക് ഇത് വലിയ സംരക്ഷണം നല്‍കും.

2027 ജനുവരിക്ക് മുന്‍പ് പുതിയ തീരുവകള്‍ പ്രാബല്യത്തില്‍ വരില്ലെന്നതിനാല്‍, അതിനുമുന്‍പായി പരമാവധി ചരക്കുകള്‍ കയറ്റുമതി ചെയ്യുന്നത് ഗുണകരമാകുമെന്ന് എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വിലയിരുത്തുന്നു. 2027 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ യുഎസിലേക്കുള്ള കയറ്റുമതി പ്രതിമാസം 8.4 ബില്യണ്‍ ഡോളറാണ്. ഹ്രസ്വകാലത്തില്‍ ഇതില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്.

2025-ലേതിന് സമാനമായി മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നത് ഇന്ത്യയ്ക്ക് ആശ്വാസമാകുമെന്നും എംകെ ഗ്ലോബല്‍ ചൂണ്ടിക്കാട്ടുന്നു. 50 ശതമാനം തീരുവ നിലനിന്ന 2025 സെപ്റ്റംബറിനും 2026 മാര്‍ച്ചിനും ഇടയില്‍ യുഎസിലേക്കുള്ള കയറ്റുമതി 10 ശതമാനം കുറഞ്ഞപ്പോള്‍, മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 3 ശതമാനം ഉയര്‍ന്നു. നിലവില്‍ ആകെ കയറ്റുമതിയുടെ ഏകദേശം 30 ശതമാനം മറ്റ് രാജ്യങ്ങളിലേക്കാണ്; ഇത് ഇനിയും മെച്ചപ്പെടാന്‍ സാധ്യതയുണ്ട്.

തീരുവകളും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2027 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഏഴ് മാസങ്ങളില്‍ ചരക്ക് കയറ്റുമതി 22 ശതമാനം വര്‍ദ്ധിച്ചു. കറന്റ് അക്കൗണ്ട് കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.5 ശതമാനത്തില്‍ താഴെയാണ്.

എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടായിട്ടും മറ്റ് രാജ്യങ്ങളുമായുള്ള താരതമ്യ സ്ഥാനം പ്രധാനമാണ്. പുതിയ തീരുവ ഘടനയോട് പ്രതികരിച്ച കയറ്റുമതിക്കാര്‍, എതിരാളി രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ലഭിക്കുന്ന മുന്‍തൂക്കം വലിയ മാറ്റമുണ്ടാക്കാന്‍ പര്യാപ്തമല്ലെന്നും പുതിയ തീരുവകള്‍ കയറ്റുമതിക്ക് തടസ്സമാകുമെന്നും ആശങ്ക പ്രകടിപ്പിച്ചു.

എഞ്ചിനീയറിംഗ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഇന്ത്യ ചെയര്‍മാന്‍ പങ്കജ് ഛദ്ദയുടെ വിലയിരുത്തല്‍ ഇങ്ങനെ: അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ അയല്‍രാജ്യങ്ങളെയും മറ്റ് മത്സര രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയ്ക്ക് വ്യക്തമായ മുന്‍തൂക്കം ലഭിക്കണമെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്. എന്നാല്‍ ബംഗ്ലാദേശ്, ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ് എന്നിവയ്ക്ക് ഏകദേശം 18 ശതമാനം തീരുവയാണ്. യുഎസ് കരാറിന് കീഴില്‍ ഇന്ത്യയ്ക്ക് 17 ശതമാനം ലഭിച്ചാലും കാര്യമായ മത്സരപരമായ മുന്‍തൂക്കം ഉണ്ടാകുമെന്ന് ഉറപ്പില്ല.

നിലവിലെ യുഎസ് തീരുവ ഘടന പ്രകാരം ബംഗ്ലാദേശിന് ഏകദേശം 18 ശതമാനമാണ് നിരക്ക്. ട്രംപ് ഭരണകൂടവുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇത് 20 ശതമാനമായി ഉയരാം. മറ്റൊരു പ്രധാന കയറ്റുമതി രാജ്യമായ വിയറ്റ്‌നാമിന് 20 ശതമാനവും, കരാറില്ലെങ്കില്‍ 25 ശതമാനവുമാണ് നിരക്ക്. ഇന്ത്യയും മറ്റു രാജ്യങ്ങളും ഒരേ തീരുവ നിരക്ക് നേരിടുന്നിടത്തോളം പ്രശ്‌നമില്ല; എന്നാല്‍ എതിരാളികള്‍ക്ക് ഇന്ത്യയേക്കാള്‍ കുറഞ്ഞ തീരുവ ലഭിച്ചാല്‍ അത് വലിയ ആശങ്കയുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.