വാട്‌സ്ആപ്പ് വെബ് വഴി ഔദ്യോഗിക വിവരങ്ങള്‍ കൈമാറരുതെന്ന് കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: ഔദ്യോഗിക ആവശ്യങ്ങള്‍ക്കും രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈമാറുന്നതിനും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം. പൊതു കമ്പ്യൂട്ടറുകളിലോ മറ്റുള്ളവരുമായി പങ്കിട്ടുപയോഗിക്കുന്ന സിസ്റ്റങ്ങളിലോ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് അക്കൗണ്ടുകള്‍ സൈബര്‍ കുറ്റവാളികളുടെ കൈകളിലെത്താന്‍ ഇടയാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ ക്രൈം വിഭാഗം മുന്നറിയിപ്പ് നല്‍കി.
ഓരോ ഉപയോഗത്തിന് ശേഷവും നിര്‍ബന്ധമായും ലോഗ് ഔട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററും നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റും പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ലോഗ് ഔട്ട് ചെയ്യാത്ത വാട്‌സ്ആപ്പ് വെബ് സെഷനുകള്‍ ദുരുപയോഗം ചെയ്ത് സൈബര്‍ തട്ടിപ്പുകാര്‍ക്ക് അക്കൗണ്ടുകളില്‍ അനധികൃതമായി പ്രവേശിക്കാന്‍ സാധിക്കും.
ഇതിലൂടെ സന്ദേശങ്ങള്‍ വായിക്കാനും, അക്കൗണ്ട് ഉടമയെന്ന വ്യാജേന മറ്റുള്ളവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാനും, കോണ്‍ടാക്ട് ലിസ്റ്റും ഗ്രൂപ്പ് ചാറ്റുകളും ചോര്‍ത്താനും സാധിക്കുമെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഉപയോക്താവിന്റെ വിശ്വാസ്യത മുതലെടുത്ത് സാമ്പത്തിക തട്ടിപ്പുകള്‍ക്കും ഫിഷിംഗ് ആക്രമണങ്ങള്‍ക്കും ഇത് വഴിവെച്ചേക്കാം.
നിര്‍ദ്ദേശങ്ങള്‍
വെറുമൊരു ബ്രൗസര്‍ വിന്‍ഡോയോ ടാബോ ക്ലോസ് ചെയ്യുന്നതുകൊണ്ട് മാത്രം വാട്‌സ്ആപ്പ് വെബ് സെഷന്‍ അവസാനിക്കില്ല. ഉപയോഗം കഴിഞ്ഞാല്‍ കൃത്യമായി ലോഗ് ഔട്ട് തന്നെ ചെയ്യണം.
സര്‍ക്കാര്‍, സംഘടനാപരമായ, സാമ്പത്തിക, രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കമ്പ്യൂട്ടറുകളിലെ വാട്‌സ്ആപ്പ് വെബ് വഴി കൈമാറുന്നത് ഒഴിവാക്കണം. ഓഫീസ് കമ്പ്യൂട്ടറുകളിലും മറ്റുള്ളവര്‍ക്ക് പ്രവേശനമുള്ള സിസ്റ്റങ്ങളിലും ഇത് ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം.
പങ്കിട്ടുപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കേണ്ടത് അനിവാര്യമാണെങ്കില്‍, സുരക്ഷാ അപകടസാധ്യത കുറയ്ക്കാനായി ‘ഇന്‍കോഗ്‌നിറ്റോ’ (Incognito) അല്ലെങ്കില്‍ പ്രൈവറ്റ് ബ്രൗസിംഗ് മോഡ് ഉപയോഗിക്കുക.
ഇന്റര്‍നെറ്റ് കഫേകള്‍, പബ്ലിക് കിയോസ്‌കുകള്‍, ഹോട്ടല്‍ ബിസിനസ് സെന്ററുകള്‍, കടം വാങ്ങിയ ലാപ്ടോപ്പുകള്‍, അപരിചിതമായ മറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവയില്‍ നിന്ന് വാട്‌സ്ആപ്പ് ലോഗിന്‍ ചെയ്യുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം.
കമ്പ്യൂട്ടറുകള്‍, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍, ബ്രൗസറുകള്‍ എന്നിവ എപ്പോഴും അപ്ഡേറ്റ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കുക. സംശയാസ്പദമായ ഡൗണ്‍ലോഡുകള്‍ ഓഴിവാക്കണം. അപരിചിതമായ ഫയലുകള്‍, ക്രാക്ക് ചെയ്ത സോഫ്റ്റ്വെയറുകള്‍ എന്നിവ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.







