വാട്‌സാപ്പിന്റെ തലപ്പത്ത് ഇന്ത്യക്കാരന്‍; കുനാല്‍ ഷാ പുതിയ സിഇഒ
ബെംഗളൂരു: പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്ഫോമായ ക്രെഡിന്റെ സ്ഥാപകന്‍ കുനാല്‍ ഷാ വാട്സ്ആപ്പിന്റെ പുതിയ ആഗോള മേധാവിയായി ചുമതലയേല്‍ക്കും. മെറ്റയുമായുള്ള പുതിയ പങ്കാളിത്തത്തെ തുടര്‍ന്നാണ് നേതൃത്വമാറ്റം. 2019 മുതല്‍ വാട്‌സാപ്പിനെ നയിച്ചിരുന്ന വില്‍ കാത്കാര്‍ട്ടിന് പകരക്കാരനായാണ് കുനാല്‍ ഷാ മെറ്റയിലേക്ക് എത്തുന്നത്.
ഇതോടെ ക്രെഡിന്റെ പ്രവര്‍ത്തന ചുമതലകളില്‍ നിന്നും സിഇഒ പദവിയില്‍ നിന്നും കുനാല്‍ ഷാ പടിയിറങ്ങും. പകരം, കമ്പനിയുടെ നിലവിലെ സ്ട്രാറ്റജി ആന്‍ഡ് ഫിനാന്‍സ് വിഭാഗം മേധാവിയായ മിതന്‍ സമ്പത്തിനെ ക്രെഡിന്റെ പുതിയ ഇടക്കാല സിഇഒ ആയി നിയമിച്ചു. ക്രെഡിന്റെ ഓപ്പറേറ്റിങ് പദവി ഒഴിയുമെങ്കിലും കമ്പനിയിലെ തന്റെ വ്യക്തിഗത ഓഹരി പങ്കാളിത്തം കുനാല്‍ ഷാ നിലനിര്‍ത്തും.
ക്രെഡിനെ മുന്‍നിര സാങ്കേതിക കമ്പനിയായി വളര്‍ത്തിയെടുത്ത കുനാല്‍ ഷായുടെ മികവ് വാട്സ്ആപ്പിനെ നയിക്കാന്‍ തുണയാകുമെന്ന് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. വാട്സ്ആപ്പിന്റെ അമരക്കാരനായി താന്‍ മെറ്റയില്‍ ചേരുകയാണെന്ന വിവരം എക്സിലൂടെ പങ്കുവെച്ച കുനാല്‍ ഷാ, വാട്‌സാപ്പിന്റെ ഭാവി വളര്‍ച്ചാ സാധ്യതകള്‍ സമാനതകളില്ലാത്തതാണെന്ന് പറഞ്ഞു.
ക്രെഡില്‍ 8,550 കോടി രൂപ (ഏകദേശം 900 ദശലക്ഷം ഡോളര്‍) മെറ്റാ നിക്ഷേപിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, 2018 ല്‍ സ്ഥാപിതമായ ക്രെഡിന് നിലവില്‍ 1.7 കോടിയോളം സജീവ ഉപഭോക്താക്കളുണ്ട്. ഇന്ത്യയിലെ മൊത്തം ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റുകളുടെ 40 ശതമാനത്തിലധികവും കൈകാര്യം ചെയ്യുന്നത് ക്രെഡ് വഴിയാണ്. കമ്പനിയുടെ വായ്പാ ബിസിനസ്സ് വിഭാഗം നിലവില്‍ കൈകാര്യം ചെയ്യുന്ന ആകെ ആസ്തി ഏകദേശം 24,000 കോടി രൂപയാണ്.







