മാസപ്പടി കേസ്; നിര്‍ണായക നീക്കത്തിന് സര്‍ക്കാര്‍
തിരുവനന്തപുരം: ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താമെന്ന് സര്‍ക്കാരിന് അഡ്വക്കറ്റ് ജനറലിന്റെ (എജി) നിയമോപദേശം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൈമാറിയ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിന് യാതൊരുവിധ തടസവുമില്ലെന്ന് അഡീഷണല്‍ എജിയുമായും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സുമായും ചര്‍ച്ച ചെയ്ത ശേഷം എജി സര്‍ക്കാരിനെ അറിയിച്ചു.
ഏതാനും ?ദിവസങ്ങള്‍ക്ക് മുമ്പാണ് മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി 25 പേജുള്ള കത്തും അനുബന്ധ തെളിവുകളും ഡിജിപിക്ക് കൈമാറിയത്. കെഎംആര്‍എല്ലില്‍ നിന്ന് എക്‌സാലോജിക് വഴിയും വീണ വിജയന് നേരിട്ടും 3.28 കോടി രൂപ ലഭിച്ചത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്ന് ഇഡി കത്തില്‍ ആരോപിക്കുന്നു. കൂടാതെ, മുഹമ്മദ് റിയാസും സുഹൃത്തുക്കളും ചേര്‍ന്ന് ഈ പണം ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചാറ്റുകളും രേഖകളും ഇഡി പോലീസിന് കൈമാറിയിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ഇഡിയുടെ ആവശ്യം.
ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് രീതിയില്‍ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന നിയമോപദേശം എജി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. നിലവിലുള്ള തെളിവുകള്‍ ശക്തമാണെന്ന് പോലീസിന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാം. അല്ലെങ്കില്‍ വിജിലന്‍സ് മാതൃകയില്‍ പ്രാഥമിക അന്വേഷണം നടത്തി, മൊഴികളും തെളിവുകളും ശേഖരിച്ച ശേഷം കുറ്റം നിലനില്‍ക്കുമെന്ന് ഉറപ്പായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാം. ഇതില്‍ ഏത് മാര്‍ഗം സ്വീകരിക്കണമെന്ന് പോലീസിന് തീരുമാനിക്കാമെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.
അന്വേഷണത്തിന്റെ സ്വഭാവം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരില്‍ ഉന്നതതല ആലോചനകള്‍ ആരംഭിച്ചതായാണ് വിവരം. ഡല്‍ഹി സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വൈകുന്നേരത്തോടെ തിരിച്ചെത്തിയ ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ തീരുമാനമുണ്ടായേക്കും.
അതേസമയം, കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ദേശീയ തലത്തിലെ കോണ്‍ഗ്രസ് നിലപാടും ആരോപണങ്ങളുടെ ഗൗരവവും കണക്കിലെടുത്താകും രാഷ്ട്രീയ നേതൃത്വം അന്തിമ നിലപാട് സ്വീകരിക്കുക.









