ഇഡിക്ക് മുന്നില്‍ ഹാജരായി വീണ വിജയന്‍

കൊച്ചി: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി.വീണ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ഹാജരായി. ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. ഇന്ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ഇഡി നിര്‍ദ്ദേശം നല്‍കിയിരുന്നു. ജൂണ്‍ 12ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമന്‍സ് അയച്ചിരുന്നെങ്കിലും ആരോ?ഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വീണ അന്ന് ഹാജരായിരുന്നില്ല.

സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇഡി വീണയോട് ചോദിച്ചറിയും. കരിമണല്‍ കമ്പനിയില്‍ നിന്ന് എന്തിന് പണം കൈപ്പറ്റി എന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകാനാണ് വീണയോട് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്തയും ശരണ്‍ എസ് കര്‍ത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.

സിഎംആര്‍എല്ലില്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പരിശോധനയില്‍ വീണയ്ക്കും വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സിനും സിഎംആര്‍എല്‍ 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ നല്‍കിയതായി കണ്ടെത്തിയിരുന്നു. ചില സേവനങ്ങള്‍ക്കായി ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത് എന്നായിരുന്നു രണ്ട് കമ്പനികളുടെയും വാദം.

എക്‌സാലോജിക് സിഎംആര്‍എല്ലിന് യാതൊരുവിധ സേവനങ്ങളും നല്‍കിയിട്ടില്ലെന്നാണ് ഇന്‍കം ടാക്‌സ് പരിശോധനകളില്‍ വ്യക്തമായത്. ഇതിന് പിന്നാലെ, സേവനം നല്‍കിയെന്ന പേരില്‍ വീണ ഇത്രയും വലിയ തുക കൈപ്പറ്റിയതിനെതിരെ ‘മാസപ്പടി’ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.