പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ ഇ.ഡി റെയ്ഡ്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്. തിരുവനന്തപുരത്തെ ബേക്കറി ജംങ്ഷനിലെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കരിമണല്‍ കമ്പനി എം.ഡി ശശിധരന്‍ കര്‍ത്ത, ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, ജീവനക്കാരായ അഞ്ജു റേച്ചല്‍, ചന്ദ്രശേഖരന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. മേല്‍ക്കോടതിയെ സമീപിക്കാന്‍ ഒരാഴ്ചത്തെ സാവകാശം വേണമെന്ന കമ്പനിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് ചെയ്യാത്ത സേവനത്തിന് പണം നല്‍കിയെന്ന എസ്.എഫ്.ഐ.ഒ കണ്ടെത്തലിനെ തുടര്‍ന്നാണ് ഇ.ഡി കേസ് ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയക്കുകയും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ചോദ്യം ചെയ്യലിന്റെ പേരില്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്നും കമ്പനിക്കെതിരെ അന്വേഷണം നടത്താന്‍ ഇ.ഡിയുടെ പക്കല്‍ തെളിവുകളില്ലെന്നും ചൂണ്ടിക്കാണിച്ചാണ് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചിരുന്നത്.

ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് വിവാദങ്ങളുടെ തുടക്കം. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ചില സുപ്രധാന രേഖകള്‍ പിടിച്ചെടുത്തു. ഈ രേഖകള്‍ പ്രകാരം, വീണയ്ക്കും അവരുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സിനും 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ സിഎംആര്‍എല്‍ നല്‍കിയതായി കണ്ടെത്തി. ഐടി, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പണം നല്‍കിയത് എന്നായിരുന്നു കമ്പനികളുടെ വാദം.

എന്നാല്‍, ഈ തുകയ്ക്ക് പകരമായി എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലിന് യാതൊരുവിധ സേവനങ്ങളും നല്‍കിയിട്ടില്ലെന്ന് ആദായനികുതി ബോര്‍ഡ് വിലയിരുത്തി. സേവനം നല്‍കാതെ പണം കൈപ്പറ്റിയത് ‘മാസപ്പടി’ ആണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ ഇത് വലിയൊരു രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു.