വിവാഹത്തിന് ദിവസങ്ങള്‍ ബാക്കിയിരിക്കേ വധു ചെയ്തത് ക്രൂര കൊല; ആറു മാസത്തിനിടെ കാമുകനുമായി 4,400 കോളുകള്‍, രഹസ്യ കൂടിക്കാഴ്ചകള്‍

പൂനെ: പൂനെയിലെ പ്രമുഖ വ്യവസായി കേതന്‍ അഗര്‍വാള്‍ (26) ലോഹഗഡ് കോട്ടയില്‍ വെച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിശ്രുത വധു സിയ ഗോയലും (20) കാമുകന്‍ ചേതന്‍ ചൗധരിയും (22) അറസ്റ്റിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു.

ആറു മാസത്തിനിടെ ഇവര്‍ തമ്മില്‍ 4,400-ലധികം ഫോണ്‍ കോളുകള്‍ നടന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഈ വര്‍ഷാവസാനം ഉദയ്പൂരിലെ കൊട്ടാരത്തില്‍ വെച്ച് നടക്കേണ്ടിയിരുന്ന ആഡംബര വിവാഹമാണ് ക്രൂര കൊലപാതകത്തില്‍ കലാശിച്ചത്.

ജൂണ്‍ 18-ന് കൊലപാതകം നടന്ന ദിവസം സിയയും ചേതനും ഒരു കഫേയില്‍ രഹസ്യമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോട്ടയിലെ ഏതു ഭാഗത്തുനിന്നു തള്ളിയിട്ടാല്‍ കേതന്‍ രക്ഷപ്പെടില്ലെന്ന് കണ്ടെത്താന്‍ ഇവര്‍ സമയം ചിലവഴിച്ചതായും പോലീസ് പറഞ്ഞു.

കൊലപാതകത്തിനു തൊട്ടുമുന്‍പുള്ള സന്തോഷപ്രകടനങ്ങള്‍ വെറും നാടകമായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. സിയയുടെ ജന്മദിനത്തില്‍ കേതന്‍ ഒരുക്കിയ സര്‍പ്രൈസ് പാര്‍ട്ടിയുടെയും ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

വിവാഹത്തിനു മുന്നോടിയായുള്ള പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനായി ബാലിയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്ന ഇരുവരുടെ യാത്ര തടസ്സപ്പെടുത്താന്‍ സിയ കേതന്റെ പാസ്‌പോര്‍ട്ട് ചവറ്റുകുട്ടയിലെറിഞ്ഞതായും പോലീസ് കണ്ടെത്തി. കേതനെ ഇന്ത്യയില്‍ വെച്ചു തന്നെ വകവരുത്താനുള്ള ആസൂത്രണത്തിന്റെ ഭാഗമായിരുന്നു ഇത്.

കേതന്റെ സഹോദരിയില്‍ നിന്നും മറ്റ് കുടുംബാംഗങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍, സിയ മുന്‍പും പലതവണ കേതനെ ലോഹഗഡ് കോട്ടയിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചിരുന്നതായും ആ സമയങ്ങളിലെല്ലാം ചേതന്‍ രഹസ്യമായി പിന്തുടര്‍ന്നിരുന്നതായും വ്യക്തമായി.

കേതന്‍ അപകടത്തില്‍പ്പെട്ടതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച സിയ, തുടര്‍ന്ന് മൊഴി മാറ്റിപ്പറഞ്ഞതും പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചു. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേതന്റെയും സിയയുടെയും നിശ്ചയം നടന്നത്. അതിഥികള്‍ക്കായി രണ്ട് പ്രത്യേക വിമാനങ്ങള്‍ വരെ ബുക്ക് ചെയ്തിരുന്ന സാഹചര്യത്തിലാണ് ഈ ക്രൂരമായ കൊലപാതകം അരങ്ങേറിയത്.