ജമ്മു കശ്മീരില്‍ സൈന്യവും പൊലീസും തമ്മില്‍ സംഘര്‍ഷം; കേണലടക്കം 40 ജവാന്മാര്‍ക്കെതിരെ വധശ്രമക്കേസ്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ എന്‍. അരുണ്‍ ഗാന്ധി ഉള്‍പ്പെടെ 40-ഓളം സൈനികര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ബുധനാഴ്ച ഉച്ചയ്ക്ക് കിഷ്ത്വാറിലെ അത്തോലി പൊലീസ് സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. കേണലിനു പുറമെ മേജര്‍ വികാസ് ശര്‍മ്മ, സുബേദാര്‍ ശങ്കര്‍ ഗുര്‍ഖെ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കും സിപ്പോയ്മാര്‍ക്കുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇടുങ്ങിയ റോഡില്‍ ഡെപ്യൂട്ടി കമ്മീഷണറുടെ വാഹനവ്യൂഹവും സൈനിക വാഹനവും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് അക്രമാസക്തമായ സംഭവങ്ങള്‍ക്ക് വഴിവെച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് പൊലീസ് സൈനിക വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും, പിന്നാലെ ലാത്തി, ഇരുമ്പ് വടികള്‍, ആയുധങ്ങള്‍ എന്നിവയുമായി എത്തിയ ജവാന്‍മാര്‍ സ്റ്റേഷന്‍ പരിസരം ആക്രമിക്കുകയുമായിരുന്നു.

പ്രധാന കവാടവും അതിര്‍ത്തിമതിലുകളും ബലമായി മറികടന്ന് അതിക്രമിച്ചു കയറിയ സംഘം എസ്.എച്ച്.ഒ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. വധശ്രമം, കലാപം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. ”വിഷയം പരിശോധിച്ചുവരികയാണ്. നിയമപരമായ നടപടികളോട് സൈന്യം പൂര്‍ണമായും സഹകരിക്കും. സംയുക്ത അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കും” – പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ലെഫ്റ്റനന്റ് കേണല്‍ സുനീല്‍ ഭരത്വാല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.