ഞെട്ടിക്കുന്ന കണക്കുകള്‍; 1,340 ഇന്ത്യക്കാര്‍ മൂന്ന് വര്‍ഷത്തിനിടെ ഗള്‍ഫില്‍ ജീവനൊടുക്കി

മൂന്ന് വര്‍ഷത്തിനിടയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആത്മഹത്യ ചെയ്തത് 1,340 ഇന്ത്യന്‍ പൗരന്മാര്‍. പാര്‍ലമെന്റില്‍ വിദേശകാര്യ മന്ത്രാലയം ആണ് ആശങ്ക ഉയര്‍ത്തുന്ന കണക്കുകള്‍ പുറത്തുവിട്ടത്. ഇതില്‍ 511 കേസുകള്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലാണ്. സൗദി അറേബ്യ (354), കുവൈറ്റ് (162), ഒമാന്‍ (146), ബഹ്റൈന്‍ (101), ഖത്തര്‍ (66) എന്നിങ്ങനെയാണ് ഇന്ത്യന്‍ പൗരന്മാര്‍ ജീവനൊടുക്കിയതിന്റെ കണക്കുകള്‍.

2023നും 2025നും ഇടയില്‍ വിദേശത്ത് ആത്മഹത്യ ചെയ്ത ആകെ ഇന്ത്യക്കാരുടെ എണ്ണം 1,900ല്‍ അധികമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസുകളില്‍ 70 ശതമാനത്തില്‍ അധികവും ജിസിസി രാജ്യങ്ങളിലാണ് രേഖപ്പെടുത്തിയത്. മലേഷ്യ (131), യുണൈറ്റഡ് സ്റ്റേറ്റ്‌സ് (62) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.

ഈ മൂന്ന് വര്‍ഷത്തെ കാലയളവില്‍ ഇറ്റലി, കാനഡ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളില്‍ 30ല്‍ അധികം കേസുകള്‍ വീതം രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഒരു കോടിയോളം ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ വംശജരും ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നുണ്ട്.

പാര്‍ലമെന്റ് സമ്മേളനത്തിനിടെ ലോക്സഭയില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗാണ് ഈ വിവരങ്ങള്‍ നല്‍കിയത്. ‘വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ മരണത്തെക്കുറിച്ചുള്ള അവലോകനം’ എന്ന വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗങ്ങളായ സത്പാല്‍ ബ്രഹ്‌മചാരിയും ജയ് പ്രകാശും ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ മുന്‍പ് നല്‍കിയ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍, വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ ആത്മഹത്യാ കേസുകളുടെ ശരാശരി എണ്ണം വര്‍ദ്ധിച്ചതായി കാണാം. 2014നും 2022നും ഇടയിലുള്ള ആത്മഹത്യകളുടെ എണ്ണം 4,005 ആണെന്ന് 2022ല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇത്തരം കേസുകളുടെ വര്‍ദ്ധനവിന് പിന്നിലെ കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും ”വിദേശത്തുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാന്‍ പ്രവാസി ഭാരതീയ ബീമാ യോജന പോലുള്ള നിരവധി നടപടികളും ഘട്ടങ്ങളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്” എന്ന് മന്ത്രി പറഞ്ഞു.

”ഇ.സി.ആര്‍ (Emigration Check Required) രാജ്യങ്ങളിലേക്ക് പോകുന്ന എല്ലാ ഇ.സി.ആര്‍ വിഭാഗം തൊഴിലാളികള്‍ക്കും നിര്‍ബന്ധിതമായ ഒരു ഇന്‍ഷുറന്‍സ് പദ്ധതിയാണ് പിബിബിവൈ,” എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ പറഞ്ഞു. ഈ പദ്ധതി രണ്ടു വര്‍ഷത്തേക്ക് 275 രൂപ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് 375 രൂപ എന്ന കുറഞ്ഞ പ്രീമിയത്തില്‍ അപകട മരണം അല്ലെങ്കില്‍ വൈകല്യം സംഭവിക്കുകയാണെങ്കില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നു.

സാധാരണ മരണം, തൊഴില്‍ സ്ഥലത്തെ അപകടങ്ങള്‍, ആത്മഹത്യ, കുറ്റകൃത്യങ്ങള്‍, മറ്റ് കാരണങ്ങള്‍ എന്നിങ്ങനെ കാരണങ്ങള്‍ തിരിച്ച് ഇന്ത്യന്‍ പൗരന്മാരുടെ മരണങ്ങളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും പുതിയ വിവരങ്ങള്‍.

തൊഴില്‍ സ്ഥലത്തെ അപകടങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ ഭൂരിഭാഗവും ജി.സി.സി രാജ്യങ്ങളിലാണ് നടന്നത്, സൗദി അറേബ്യയില്‍ 182 കേസുകളും യു.എ.ഇയില്‍ 128 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. കാനഡ (40), മാലദ്വീപ് (13), സിംഗപ്പൂര്‍ (32), യു.എസ് (46) എന്നിവിടങ്ങളിലും തൊഴില്‍ സ്ഥലത്തെ അപകടങ്ങള്‍ മൂലം നിരവധി ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിദേശത്ത് ജീവന്‍ നഷ്ടപ്പെട്ട ആകെ ഇന്ത്യക്കാരുടെ എണ്ണം 39,000 കവിയുന്നു.