വിയന്നയില്‍ ഓണം ആഘോഷിച്ച് ഡോ. ശശി തരൂര്‍ എം.പി
വിയന്ന: ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ പ്രവാസി മലയാളികള്‍ ഒരുക്കിയ ഓണാഘോഷത്തില്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഓസ്ട്രിയയില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വേള്‍ഡ് മലയാളി ഫെഡറേഷന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടനയുടെ ആസ്ഥാനത്ത് എത്തി ആശംസ അറിയിക്കുകയും, സാധ്യമെങ്കില്‍ യൂറോപ്യന്‍ മലയാളി സംഗമത്തില്‍ പങ്കെടുക്കുമെന്നും അറിയിച്ചു. സംഘടനയുടെ ചീഫ് പേട്രണ്‍ എന്ന നിലയിലാണ് വിശ്വപൗരന്‍ ആസ്ഥാനം സന്ദര്‍ശിച്ചത്.
വേള്‍ഡ് മലയാളി ഫെഡറേഷന്റെ സ്ഥാപക ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേലിന്റെ റസ്റ്റോറന്റ് പ്രോസിയില്‍ സംഘടിപ്പിച്ച ഓണാഘോഷത്തിലും അദ്ദേഹം പങ്കെടുത്തു. വിയന്നയിലെ മലയാളി സമൂഹം മറ്റുള്ള സംസ്‌കാരങ്ങളില്‍ നിന്നുള്ളവരെയും ഓസ്ട്രിയക്കാരെയും കോര്‍ത്തിണക്കി ഓണാഘോഷം ഒരുക്കിയത് ഏറെ ശ്രദ്ധേയമായെന്നും ഓണം സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമാണെന്നും തരൂര്‍ പറഞ്ഞു. പ്രവാസി മലയാളികള്‍ക്ക് അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു. ചടങ്ങിന്റെ ചിത്രങ്ങളും തരൂര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
170-ഓളം രാജ്യങ്ങളില്‍ സാന്നിധ്യം സ്ഥാപിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്റെ (WMF) ബള്‍ഗേറിയയിലെ പത്താം വാര്‍ഷികാഘോഷവും യൂറോപ്യന്‍ കുടുംബസംഗമത്തിന്റെ വിവരങ്ങളും അദ്ദേഹം ശേഖരിച്ചു. തുടര്‍ന്ന് ഫെഡറേഷന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് തരൂര്‍ ഒരു വീഡിയോ സന്ദേശം റെക്കോര്‍ഡ് ചെയ്തു. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്നതില്‍ ഫെഡറേഷന്‍ വഹിക്കുന്ന പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. ഫെഡറേഷന്റെ വിശാലമായ വ്യാപനവും മുന്നേറ്റവും ആഗോള മലയാളി പ്രവാസികള്‍ക്ക് മികച്ച രീതിയില്‍ ഗുണം ചെയ്യട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അതോടൊപ്പം ഭാരതത്തിന്റെ ഭരണഘടനയുടെ ശില്‍പിയും സാമൂഹിക നീതിയുടെ പോരാളിയുമായ ഡോ. ബി.ആര്‍. അംബേദ്കറിനെക്കുറിച്ചുള്ള തന്റെ പുതിയ പുസ്തകത്തിന്റെ കോപ്പിയും സംഘടന ഭാരവാഹികള്‍ക്ക് അദ്ദേഹം സമ്മാനിച്ചു.









