പിണറായിക്ക് തിരിച്ചടിയായി സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട്

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകള്‍ ടി.വീണക്കും ഭര്‍ത്താവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിനും ഹൈക്കോടതിയില്‍ തിരിച്ചടി. ഇ.ഡിയുടെ ആവശ്യപ്രകാരം കേസെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച് ഇടപെട്ടില്ല.

പ്രത്യേക അനുമതി തേടിയുള്ള പിണറായി വിജയന്‍ അടക്കമുള്ളവരുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഇതോടെ, വിജിലന്‍സിനും ഇ.ഡിക്കും അന്വേഷണം തുടരാം. പിണറായിക്ക് എതിരെ സിഎംആര്‍എല്‍- എക്സാലോജിക് ഇടപാടിലും, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ റിയാസിനും ടി. വീണയ്ക്കും മറ്റു 10 പേര്‍ക്കും എതിരെയും അന്വേഷണം തുടരാം.

കേസെടുക്കാന്‍ പ്രാഥമിക അന്വേഷണം വേണ്ടെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ച കോടതി, പ്രാഥമിക അന്വേഷണം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യവും തള്ളി. സിഎംആര്‍എല്ലില്‍ നിന്ന് ടി. വീണ സേവനമൊന്നും നല്‍കാതെ 3.28 കോടി കൈപ്പറ്റിയത് പിണറായിക്കുള്ള കൈക്കൂലിയാണെന്നാണ് ഇ.ഡിയുടെ വാദം.

മുഹമ്മദ് റിയാസ് വീണ വഴി 20.5 കോടി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചെന്നും ഇ.ഡി ആരോപിക്കുന്നു. സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടില്‍ പിണറായിയെ ഒന്നാം പ്രതിയും ടി. വിണയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ഹവാല കേസില്‍ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. ഈ കേസില്‍ ടി. വീണയെ രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.

സിംഗിള്‍ ബെഞ്ചില്‍ പരിഗണിച്ച ഹര്‍ജിയില്‍ കക്ഷിയല്ലാതിരുന്നതിനാലായിരുന്നു പിണറായി വിജയന്‍ പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെ, പ്രാഥമിക അന്വേഷണം നടത്താനുള്ള തീരുമാനത്തെ സംസ്ഥാന സര്‍ക്കാര്‍ ന്യായീകരിച്ചിരുന്നു. കേസെടുക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. ഇ.ഡി കൈമാറിയത് ചില ഡയറി രേഖകള്‍ മാത്രമാണെന്നും സാക്ഷിമൊഴികളോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ലെന്നും സര്‍ക്കാര്‍ നേരത്തെ വാദിച്ചിരുന്നു.