വിയന്നയില്‍ ബഹുസ്വരതയുടെ സംഗമം: വര്‍ണാഭമായി 26-ാമത് പ്രോസി എക്‌സോട്ടിക് ഫെസ്റ്റിവല്‍
വിയന്ന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാ-സംസ്‌കാരങ്ങളുടെ അപൂര്‍വ നിമിഷങ്ങള്‍ക്ക് വേദിയായി 26-ാമത് പ്രോസി എക്‌സോട്ടിക് ഫെസ്റ്റിവല്‍ വിയന്നയില്‍ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച മേളയില്‍ 10,000-ത്തിലധികം സന്ദര്‍ശകരും, 300-ലധികം കലാകാരന്മാരും പങ്കെടുത്തു.
വിയന്നയിലെ കാന്‍ഡല്‍ഗാസെ 46-ല്‍ പ്രവര്‍ത്തിക്കുന്ന പ്രോസി എക്‌സോട്ടിക് സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്നിലുള്ള നിരത്തുകളില്‍ നടന്ന സംഗമം ബഹുസ്വരതയുടെ ശ്രദ്ധേയമായ ആവിഴ്കാരമായി മാറി. ഇന്ത്യന്‍ അംബാസഡര്‍ ശംഭു എസ്. കുമരന്‍ മുഖ്യാതിഥി ആയിരുന്നു. ചടങ്ങില്‍ ഈ വര്‍ഷത്തെ പ്രോസി എക്‌സലന്‍സ് അവാര്‍ഡ് ഉഗാണ്ടയില്‍ നിന്നുള്ള മെന്ററും ക്രിമിനോളജിസ്റ്റുമായ മാര്‍ഗരറ്റ് അകുല്ലോയ്ക്ക് അദ്ദേഹം സമ്മാനിച്ചു.
ഓസ്ട്രിയന്‍ പാര്‍ലമെന്റ് അംഗം വെയിറ്റ് ഡെംഗ്ലര്‍, ശ്രിലങ്കന്‍ എംബസിയിലെ ചാര്‍ജ് ഡി അഫയേഴ്‌സ് മഹേഷ് ഗുനവര്‍ധന, എല്‍ സാല്‍വഡോര്‍ എംബസിയിലെ മന്ത്രി കൗണ്‍സിലര്‍ ജോസ് മാനുവല്‍ റെസിയോണ്‍സ്, ഫിലിപ്പീന്‍സ് എംബസിയിലെ തേര്‍ഡ് സെക്രട്ടറി, വൈസ് കോണ്‍സല്‍ ക്രൈസില്‍ ടി. സിക്കാറ്റ്, വിയന്ന ചേംബര്‍ ഓഫ് കോമേഴ്‌സ് ഫുഡ് ഇന്‍ഡസ്ട്രി പ്രൊഫഷണല്‍ ഗ്രൂപ്പ് മേധാവി ഡോ. ക്ലോസ് പുസ, വിയന്ന ചേംബര്‍ ഓഫ് കോമേഴ്‌സ് ഫുഡ് റീട്ടെയില്‍ ട്രേഡ് അസോസിയേഷന്‍ ചെയര്‍മാന്‍ ഒമര്‍ ലാഷിന്‍, എസ്.ഡബ്ല്യു.വി. ബ്രിഗിറ്റെനൗ ചെയര്‍മാന്‍ നോര്‍ബര്‍ട്ട് സാഉണര്‍, 7-ാം ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍ ടീന വിര്‍ന്‍സ്ബര്‍ഗര്‍, സെന്റ് തോമസ് സിറോ മലബാര്‍ കമ്മ്യൂണിറ്റി ചാപ്ലിന്‍ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി, പ്രോസി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
ലാറ്റിന്‍ അമേരിക്കന്‍ സംഗീതം, പെറുവിയന്‍ നൃത്തം, ആഫ്രോ ബീറ്റ്‌സ്, അംഗോള ഡ്രംസും നൃത്തവും, ആഫ്രോ ഉറുഗ്വേ സംഗീതം, ഉക്രേനിയന്‍ നൃത്തം, സാംബ ഷോ, ഇന്തോനേഷ്യന്‍ നൃത്തം, ഹൂല ഹൂപ്പ് നൃത്തം, നൈജീരിയന്‍ കുട്ടികളുടെ നൃത്തം, രാജസ്ഥാനി ഫോക്ക് നൃത്തം, ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തങ്ങളും വര്‍ക്ക്‌ഷോപ്പും, സെനഗല്‍ നൃത്തം, ലാറ്റിനോ ലൈവ് മ്യൂസിക് തുടങ്ങിയ നിരവധി പ്രോഗ്രാമുകളും ഒപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രത്യേക ഭക്ഷ്യവിഭവങ്ങളുമാണ് പ്രോസി എക്‌സോട്ടിക്ക് ഫെസ്റ്റിവലിനെ സാംസ്‌കാരിക വൈവിധ്യത്തിന്റെ ഉത്തമ ഉദാഹരണമാക്കുന്നതും, സന്ദര്‍ശകരെ ഫെസ്റ്റിവല്‍ വേദി ഏറെ പ്രിയപ്പെട്ടതാക്കുന്നതും.
2000-ല്‍ ഓസ്ട്രിയയില്‍ ആരംഭിച്ച ആദ്യത്തെ എക്‌സോട്ടിക്ക് ഫെസ്റ്റിവല്‍ വിയന്നയില്‍ വിവിധ സംസ്‌കാരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെയും ആദരവിന്റെയും പ്രതീകമായി മാറുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ പ്രോസി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍, വിശ്വസ്ത ഉപഭോക്താക്കള്‍ക്കും, പരിപാടിയുടെ വിജയത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദി അറിയിച്ചു.









