ഫേക്ക് പനീറിന്’ പൂട്ടുവീഴും രാജ്യവ്യാപക നിരോധനത്തിന് സാധ്യത

‘അനലോഗ് പനീര്‍’ രാജ്യവ്യാപകമായി നിരോധിക്കാന്‍ ആലോചനയുമായി ഇന്ത്യയിലെ പരമോന്നത ഭക്ഷ്യ സുരക്ഷാ ഏജന്‍സിയായ എഫ്.എസ്.എസ്.എ.ഐ. പാല്‍ കൊഴുപ്പും പ്രോട്ടീനും മാറ്റിയതിന് പകരം സസ്യ എണ്ണകളും കൊഴുപ്പുകളും വെജിറ്റബിള്‍ പ്രോട്ടീനുകളും ചേര്‍ത്തുണ്ടാക്കുന്ന ക്ഷീര ഇതര ഉത്പ്പന്നമാണിത്.

ഇതുസംബന്ധിച്ച നിയന്ത്രണങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കരട് ഉടന്‍ പുറത്തിറക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര ഉള്‍പ്പെടെ എട്ടോളം സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ അനലോ?ഗ് പനീറിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നടന്‍ ഷാരൂഖ് ഖാന്റെ ഭാര്യയും നിര്‍മ്മാതാവും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാന്റെ മുംബൈയിലെ റസ്റ്റോറന്റില്‍ ‘വ്യാജ പനീര്‍’ വിളമ്പിയതിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഈ വിഷയം ചര്‍ച്ചയായത്.

തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഏജന്‍സി ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തുകയും, സസ്യ എണ്ണ അടിസ്ഥാനമാക്കിയുള്ള പനീര്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണങ്ങളില്‍ ‘നോണ്‍-ഡയറി’, ‘അനലോഗ്’ തുടങ്ങിയ പദങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തണമോ എന്ന് ആരായുകയും ചെയ്തു.

റസ്റ്റോറന്റുകള്‍ വില്‍ക്കുന്ന ഭക്ഷണത്തിന്റെ വിവരങ്ങള്‍ നല്‍കണമെന്ന് എഫ്.എസ്.എസ്.എ.ഐ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും, ഉപയോഗിക്കുന്ന പനീറോ ചീസോ ‘നോണ്‍-ഡയറി’ അല്ലെങ്കില്‍ ‘അനലോഗ്’ ആണോ എന്ന് മെനു കാര്‍ഡുകളില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ടോ എന്നും ഏജന്‍സി ചോദിച്ചു.

പനീറിന്റെ അസംസ്‌കൃത വസ്തുക്കള്‍ പാലും പാല്‍ ഉല്‍പ്പന്നങ്ങളും ആയിരിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്നു. ഇതില്‍ ലാക്റ്റിക് ആസിഡ്, സിട്രിക് ആസിഡ്, വിനാഗിരി, ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ മാത്രമേ പാടുള്ളൂ; സസ്യ എണ്ണകള്‍, കൊഴുപ്പുകള്‍, സസ്യ പ്രോട്ടീനുകള്‍ എന്നിവ അനുവദനീയമല്ല.

വേറൊരു പേരില്‍ വില്‍ക്കുകയാണെങ്കില്‍ സസ്യ എണ്ണ അടിസ്ഥാനമാക്കിയുള്ള പനീര്‍ വില്‍ക്കാന്‍ അനുവദിക്കണമോ എന്ന കാര്യവും അധികൃതര്‍ പരിഗണിക്കുന്നുണ്ട്. ഇത് ലൂസ് ഫോമില്‍ വില്‍ക്കുന്നത് നിരോധിക്കണമോ എന്നും മുമ്പ് ആലോചിച്ചിരുന്നു. ഡയറി അനലോഗ് നിര്‍മ്മാതാക്കളെ പൂര്‍ണ്ണമായും രജിസ്റ്റര്‍ ചെയ്യിക്കുക എന്നതാണ് മറ്റൊരു നിര്‍ദ്ദേശം.

സാധാരണയായി പ്രതിവര്‍ഷം 12 ലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ളതോ അല്ലെങ്കില്‍ പ്രതിദിനം 100 കിലോ/ലിറ്ററില്‍ താഴെ ഉല്‍പ്പാദന ശേഷിയുള്ളതോ ആയ ചെറുകിട നിര്‍മ്മാതാക്കള്‍ക്ക് എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല.