മലയാളി ബിയറിന് അപൂര്‍വ നേട്ടം; പോര്‍ട്ട്‌ഫോളിയോയിലെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വേള്‍ഡ് ബിയര്‍ അവാര്‍ഡ്
വാര്‍സോ: ആഗോള ബിവറേജ് രംഗത്ത് മലയാളികളുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘മലയാളി ബിയര്‍’ എന്ന ബ്രാന്‍ഡിന് അഭിമാനകരമായ അംഗീകാരം. പോളണ്ടിലെ വാര്‍സോ ആസ്ഥാനമായുള്ള ഹെക്‌സഗണ്‍ സ്പിരിറ്റ്‌സ് ഇന്റര്‍നാഷണലിന്റെ ഉടമസ്ഥതയിലുള്ള ഈ ബ്രാന്‍ഡിന്റെ പോര്‍ട്ട്‌ഫോളിയോയിലെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വേള്‍ഡ് ബിയര്‍ അവാര്‍ഡ്‌സില്‍ അംഗീകാരം ലഭിച്ചു. സ്ഥാപിതമായി വെറും നാലു വര്‍ഷത്തിനുള്ളില്‍ ഈ നേട്ടം കൈവരിക്കുന്ന അപൂര്‍വ ബ്രാന്‍ഡുകളില്‍ ഒന്നായി മലയാളി മാറി.
2025-ലെ വേള്‍ഡ് ബിയര്‍ അവാര്‍ഡ്‌സില്‍ മലയാളി ലാഗര്‍ സ്വര്‍ണം നേടിയപ്പോള്‍ മലയാളി നോണ്‍-ആല്‍ക്കഹോളിക് വെങ്കലം സ്വന്തമാക്കി. 2026-ലെ പുരസ്‌കാരങ്ങളില്‍ മലയാളി പവര്‍ സ്‌ട്രോങ് ബിയര്‍ വിഭാഗത്തില്‍ വെള്ളിയും, മലയാളി ഹബീബി 0.0% നോ ആന്‍ഡ് ലോ ആല്‍ക്കഹോള്‍ വിഭാഗത്തില്‍ വെള്ളിയും നേടി. ഹബീബി 0.0%-ന്റെ പാക്കേജിംഗ് ഡിസൈനിന് പ്രത്യേക വെള്ളി ലഭിച്ചതോടെ, പോര്‍ട്ട്‌ഫോളിയോയിലെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും പുരസ്‌കാരം എന്ന അപൂര്‍വ്വ നേട്ടം മലയാളി സ്വന്തമാക്കി.
റഷ്യ ഉക്രൈന്‍ യുദ്ധം ആരംഭിച്ച സമയത്ത് വിതരണ ശൃംഖലയിലുണ്ടായ തടസ്സത്തെ തുടര്‍ന്ന് നടത്തിയ ബ്രൂയിംഗ് പരീക്ഷണങ്ങളില്‍ നിന്നാണ് മലയാളി ബിയറിന്റെ തുടക്കം. യൂറോപ്യന്‍ ഹോപ്പുകളും ഇന്ത്യന്‍ അരി അടരുകളും കൂട്ടിയിണക്കി വികസിപ്പിച്ച ഹൈബ്രിഡ് ബ്രൂ ആണ് മലയാളി ബ്രാന്‍ഡിന്റെ അടിത്തറ. പോളണ്ട് മലയാളികളായ ചന്ദ്രമോഹന്‍ നല്ലൂര്‍, സര്‍ഗീവ് സുകുമാരന്‍ എന്നിവരാണ് മലയാളി ബിവറേജ് ഉത്പന്നങ്ങള്‍ക്ക് തുടക്കമിട്ടത്.
മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ച ഒരു ആശയം ഇത്ര വലിയ അംഗീകാരത്തിലെത്തുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. വ്യത്യസ്ത ജീവിതശൈലികള്‍ക്കും ആഘോഷ അവസരങ്ങള്‍ക്കുമായി വൈവിധ്യമാര്‍ന്ന പാനീയങ്ങള്‍ അവതരിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമത്തെയാണ് ഈ പുരസ്‌കാരങ്ങള്‍ മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ത്തിയിരിക്കുന്നതെന്ന് ചന്ദ്രമോഹന്‍ നല്ലൂര്‍ പറഞ്ഞു.
കേരളത്തെയും ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളെയും ആദരിക്കുന്നതാണ് ‘മലയാളി’ എന്ന പേര്. വേരുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അന്താരാഷ്ട്ര നിലവാരത്തില്‍ മത്സരിക്കാനുള്ള ശ്രമമാണ് ബ്രാന്‍ഡിനെ വ്യത്യസ്തമാക്കുന്നത്.
ഇന്ന് മലയാളി ബിയര്‍ ലോകത്തെ 25 രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നു. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളില്‍ ബ്രാന്‍ഡിന് സാന്നിധ്യമുണ്ട്. അന്താരാഷ്ട്ര ട്രാവല്‍ ലോഞ്ച് റീട്ടെയിലിലും കമ്പനി ചുവടുറപ്പിച്ചിട്ടുണ്ട്; മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ് ലോഞ്ച്, കൊച്ചി ഉള്‍പ്പെടെ മൂന്ന് പ്രധാന എയര്‍പോര്‍ട്ട് ഡ്യൂട്ടി-ഫ്രീ കേന്ദ്രങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. മിഡില്‍ ഈസ്റ്റില്‍ ലുലു ഗ്രൂപ്പ് പോലുള്ള റീട്ടെയില്‍ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം മലയാളി ഹബീബി 0.0%-നും അടിപൊളി എന്ന ട്രോപ്പിക്കല്‍ ഡിഹൈഡ്രേഷന്‍ ഡ്രിങ്കിനും വിപണി വിപുലീകരണം നേടി കൊടുത്തു.
സീറോ ആല്‍ക്കഹോളും ഷുഗര്‍ലെസുമായ മലയാളി ഹബീബി 0.0% ആണ് കമ്പനിയുടെ ഏറ്റവും ശ്രദ്ധേയമായ നവീകരണങ്ങളിലൊന്ന്. മദ്യം ഒഴിവാക്കുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ ഇതിന് സ്വീകാര്യത കൂടിവരുന്നതായി ഈ അടുത്തകാലത്തെ സര്‍വ്വേ വ്യക്തമാക്കി. ഈ വിഭാഗത്തില്‍ സീറോ ആല്‍ക്കഹോളും ഷുഗര്‍ലെസുമായ ബിയര്‍ വേരിയന്റ് അവതരിപ്പിക്കുന്ന ലോകത്തിലെ രണ്ടാമത്തെ ബ്രാന്‍ഡ് എന്നാണ് കമ്പനിയുടെ അവകാശവാദം.
മദ്യം, മദ്യരഹിത, ഫങ്ക്ഷണല്‍ പാനീയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന മള്‍ട്ടി-കാറ്റഗറി പോര്‍ട്ട്‌ഫോളിയോയുമായി ഹെക്‌സഗണ്‍ സ്പിരിറ്റ്‌സ് ഇന്റര്‍നാഷണല്‍ ആഗോള വിപണിയില്‍ കുതിക്കുകയാണ്. സാംസ്‌കാരിക വേരുകളും ആഗോള നിലവാരവും ഒരുപോലെ ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ മലയാളി ബിയര്‍ ലോക വേദിയില്‍ വ്യത്യസ്തമായ ഐഡന്റിറ്റിയുമായി ജൈത്രയാത്ര തുടരുകയാണ്.









