തിരുവനന്തപുരത്ത് 17കാരന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ചു; രണ്ടു പേര്‍ പിടിയില്‍
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി 17കാരന്റെ കൊലപാതകം. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശി എം.ഡി അഭിരാം ആണ് കൊല്ലപ്പെട്ടത്. പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പില്‍, ചാക്കിലാക്കി മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ അഭിരാമിന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരാള്‍ 17 വയസുകാരനാണ്. ഒരു പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
പ്രതികളില്‍ ഒരാള്‍ക്ക് പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. അഭിരാം ആ പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം എന്നാണ് വിവരം. ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടിയുടെ വ്യാജ അക്കൗണ്ട് ഉപയോഗിച്ച്, അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് വിവരം.
ഇന്നലെ ഉച്ചയോടെ സുഹൃത്ത് വിളിക്കുന്നു എന്ന് പറഞ്ഞാണ് അഭിരാം വീട്ടില്‍ നിന്ന് ഇറങ്ങിയത്. രാത്രി വൈകിയും തിരിച്ചെത്താതിരിക്കുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ ഇന്ന് വൈകീട്ടോടെ പാങ്ങപ്പാറയിലെ വിജനമായ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.









