ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ 15-ാം വാര്‍ഷികാഘോഷവും കേരളപ്പിറവി ആഘോഷവും; ‘ഉത്സവ് 2026’ നവംബര്‍ 7-ന് വിയന്നയില്‍

വിയന്ന: മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ 15-ാം വാര്‍ഷികാഘോഷവും കേരളത്തിന്റെ 70-ാം പിറവി ദിനാഘോഷവും സംയുകതമായി സംഘടിപ്പിക്കുന്നു. ‘ഉത്സവ് 2026 – കേരള പിറവി’ എന്ന പേരില്‍ നടക്കുന്ന ആഘോഷസംഗമം 2026 നവംബര്‍ 7-ന് (ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക് വിയന്നയിലെ വി.എച്ച്.എസ് ഫ്‌ലോറിഡ്‌സ്‌ഡോര്‍ഫില്‍ (VHS Floridsdorf, Angerer Straße 14, 1210 Wien) നടക്കും.

ഓസ്ട്രിയയിലെ തൊഴിലാളി ക്ഷേമ സമിതിയുടെ പ്രസിഡന്റ് റെനാതെ ആന്‍ഡേര്‍ല്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും. വിശിഷ്ട അതിഥിയായി ഇന്ത്യന്‍ എംബസിയെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ദേവി ഗോപിനാഥ് സന്നിഹിതയായിരിക്കും.

മലയാളിയുടെ തനിമയും ഭാരതീയ സംസ്‌കാരത്തിന്റെയും കലകളുടെയും മനോഹാരിത വിളിച്ചോതുന്ന നൃത്തനൃത്യങ്ങളും സംഗീത നിശയും പരിപാടിയിലെ പ്രധാന ആകര്‍ഷണമാകും. ഒന്നാം സമ്മാനം 500 യൂറോ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ കാത്തിരിക്കുന്ന ടോംബോല മത്സരവും ഉണ്ടായിരിക്കും. രുചികരമായ ഇന്ത്യന്‍ വിഭവങ്ങളും പാനീയങ്ങളും ഒരുക്കിയിട്ടുണ്ട്.

സംഘടനയുടെ പ്രസിഡന്റ് പ്രിന്‍സ് പത്തിപറമ്പില്‍, സെക്രട്ടറി ജോണ്‍സണ്‍ ചേലപ്പുറത്ത്, ആര്‍ട്‌സ് ക്ലബ് സെക്രട്ടറിമാരായ ഷാജി ചേലപ്പുറത്ത്, ബിനു മാര്‍ക്കോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരുന്നു. പ്രവേശനം പൂര്‍ണ്ണമായും സൗജന്യമായവര്‍ണ്ണാഭമായ ആഘോഷത്തിലേക്ക് മലയാളി സമൂഹത്തെയും ഇന്ത്യന്‍ സംസ്‌കാരം ഇഷ്ടപ്പെടുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

പ്രധാന വിവരങ്ങള്‍:
തീയതി: 2026 നവംബര്‍ 7
സമയം: വൈകുന്നേരം 5 മണി മുതല്‍
വേദി: VHS Floridsdorf, Angerer Straße 14, 1210 Wien