സ്‌പെയിനിലെ നഗരത്തില്‍ ബുര്‍ഖയ്ക്കും നിഖാബിനും നിരോധനം; പൊതുസ്ഥലങ്ങളില്‍ മറയ്ക്കരുത്

മാഡ്രിഡ്: സ്‌പെയിനിലെ ലെയ്ഡ നഗരത്തില്‍ പൊതുസ്ഥലങ്ങളില്‍ മുഖം പൂര്‍ണമായി മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് നഗരസഭ വിലക്ക് ഏര്‍പ്പെടുത്തി. ബുര്‍ഖ, നിഖാബ് ഉള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ക്കാണ് പുതിയ നഗരസഭാ ചട്ടത്തിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് 400 മുതല്‍ 750 യൂറോ വരെ പിഴ ചുമത്തും.

ആരാധനാലയങ്ങള്‍, സാമൂഹികമായി മുഖം മറയ്ക്കുന്ന ഇടങ്ങള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് ചട്ടത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

ലെയ്ഡയില്‍ ഇതാദ്യമായല്ല ബുര്‍ഖയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 2010-ലും നഗരസഭ സമാനമായ നിരോധനം കൊണ്ടുവന്നിരുന്നു. എന്നാല്‍, മുസ്ലിം സംഘടനയുടെ നിയമപോരാട്ടത്തെ തുടര്‍ന്ന് 2013-ല്‍ സ്പാനിഷ് സുപ്രീം കോടതി നഗരസഭാ ഉത്തരവ് റദ്ദാക്കിയിരുന്നു. അടിസ്ഥാന അവകാശമായ മതസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ നഗരസഭയ്ക്ക് മതിയായ നിയമാധികാരമില്ലെന്നായിരുന്നു അന്നത്തെ സുപ്രീം കോടതി വിധിയുടെ പ്രധാന നിലപാട്.

ഇത്തവണ നിയമപരമായ വെല്ലുവിളികള്‍ ഒഴിവാക്കുന്ന രീതിയിലാണ് പുതിയ ചട്ടം തയ്യാറാക്കിയിരിക്കുന്നതെന്ന് നഗരസഭ വ്യക്തമാക്കുന്നു.