ചിപ്പ് മുതല്‍ കപ്പല്‍ വരെ; എഐ മുതല്‍ ക്വാണ്ടം കമ്പ്യൂട്ടിങ് വരെ – ആഗോള സാങ്കേതിക നേതൃത്വത്തിലേക്ക് ഇന്ത്യ: ആണവശേഷി വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരു: ചിപ്പ് നിര്‍മാണം, കപ്പല്‍ നിര്‍മാണം, നിര്‍മിതബുദ്ധി (എഐ), ഡാറ്റാ സെന്ററുകള്‍, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങി ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളില്‍ ആഗോള തലത്തില്‍ നേതൃത്വം നേടാനുള്ള പാതയിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാന്‍ വിശ്വസനീയമായ വൈദ്യുതി ഉല്‍പ്പാദനം അനിവാര്യമാണെന്നും, രാജ്യത്തിന്റെ ആണവോര്‍ജ ശേഷി വികസിപ്പിച്ച് ശുദ്ധ ഊര്‍ജ ലക്ഷ്യങ്ങള്‍ നേടാനും വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാനും ഇന്ത്യ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടകയിലെ ബെംഗളൂരുവില്‍ 15,600 കോടി രൂപയിലധികം മൂല്യമുള്ള വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോ, റെയില്‍വേ, ഊര്‍ജ അടിസ്ഥാന സൗകര്യ മേഖലകളിലെ പദ്ധതികള്‍ സംസ്ഥാനത്തിന്റെ ഗതാഗത ബന്ധം ശക്തിപ്പെടുത്തുകയും സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഇറാനിലും ഗള്‍ഫ് മേഖലയിലും തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഊര്‍ജസുരക്ഷയുടെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ധന ഉല്‍പ്പാദനവും സംഭരണശേഷിയും വര്‍ധിപ്പിച്ചതായും സൗരോര്‍ജം, ജലവൈദ്യുതി, കാറ്റാടി വൈദ്യുതി തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്തിയതായും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തിന്റെ പുനരുപയോഗ ഊര്‍ജശേഷി 300 ജിഗാവാട്ട് കടന്നതായും മോദി അറിയിച്ചു.
വൈദ്യുതി ഉപഭോക്താക്കളെ വൈദ്യുതി ഉല്‍പ്പാദകരാക്കി മാറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന, പി.എം-കുസും പദ്ധതി എന്നിവ ഇതിന് ഉദാഹരണമാണ്. വീടുകളിലും കൃഷിയിടങ്ങളിലും ശുദ്ധ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ ഈ പദ്ധതികള്‍ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കര്‍ണാടകയില്‍ നടപ്പാക്കുന്ന മൂന്ന് പ്രധാന ഊര്‍ജ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മംഗളൂരു എല്‍പിജി പദ്ധതിയിലൂടെ 80,000 മെട്രിക് ടണ്‍ അധിക സംഭരണശേഷി ലഭ്യമാകും. പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവയുടെ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ദേവന്‍ഗൊന്തി മാര്‍ക്കറ്റിങ് ടെര്‍മിനലിന്റെ ലക്ഷ്യം. ബെംഗളൂരുവില്‍ പ്രതിദിനം 13 ടണ്‍ കംപ്രസ്ഡ് ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. മാലിന്യസംസ്‌കരണം മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രകൃതിവാതക ഇറക്കുമതി ചെലവ് കുറയ്ക്കാനും ഈ പ്ലാന്റ് സഹായിക്കുമെന്ന് മോദി പറഞ്ഞു.
ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നാണ് ബെംഗളൂരുവിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ഐടി കയറ്റുമതിയുടെ മൂന്നിലൊന്നിലധികം സംഭാവന ചെയ്യുന്നതും നവീകരണത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും പ്രധാന കേന്ദ്രമായി നിലകൊള്ളുന്നതും ഈ നഗരമാണെന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളൂരു മെട്രോയുടെ വളര്‍ച്ചയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 2014-ല്‍ വെറും 17 കിലോമീറ്റര്‍ മാത്രമായിരുന്ന മെട്രോ ശൃംഖല ഇന്ന് 100 കിലോമീറ്റര്‍ പിന്നിട്ടു. ഡല്‍ഹി-എന്‍സിആര്‍, മുംബൈ മെട്രോപൊളിറ്റന്‍ മേഖല എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ മൂന്നാമത്തെ നഗരമേഖലയാണ് ബെംഗളൂരു. പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈന്‍ ഐഐഎം ബെംഗളൂരു ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രധാന ബിസിനസ്-സാങ്കേതിക കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര കൂടുതല്‍ സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേ നവീകരണം, അമൃത് ഭാരത് സ്റ്റേഷനുകളുടെ വികസനം, വന്ദേ ഭാരത് സര്‍വീസുകളുടെ വ്യാപനം എന്നിവയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കര്‍ണാടകയെ ഗോവയുമായി ബന്ധിപ്പിക്കുന്ന പുതിയ വന്ദേ ഭാരത് ട്രെയിന്‍ അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അടുത്തിടെ ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ സര്‍വീസ് തുടങ്ങിയത്. മംഗളൂരു ഉള്‍പ്പെടെയുള്ള കര്‍ണാടകയുടെ തീരദേശ മേഖലയിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും വേഗമേറിയതും സുഖകരവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനും പുതിയ ട്രെയിന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.









