യുഎന്നില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കാന്‍ പിന്തുണ പ്രഖ്യാപിച്ച് റഷ്യയും മൗറീഷ്യസും

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ നീക്കത്തിന് ശക്തമായ പിന്തുണയുമായി റഷ്യ. സുരക്ഷാ കൗണ്‍സിലില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നീ മേഖലകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവ് ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കും ബ്രസീലിനും സ്ഥിരാംഗത്വം നല്‍കണമെന്ന നിലപാടും റഷ്യ ആവര്‍ത്തിച്ചു.

ശനിയാഴ്ച രാത്രി ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തിലാണ് ലാവ്‌റോവ് റഷ്യയുടെ നിലപാട് വ്യക്തമാക്കിയത്. ഗ്ലോബല്‍ സൗത്തില്‍ നിന്നുള്ള കൂടുതല്‍ രാജ്യങ്ങള്‍ക്ക് സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കൂടുതല്‍ സ്ഥിരാംഗ സീറ്റുകള്‍ നല്‍കുന്നതിനോട് റഷ്യയ്ക്ക് എതിര്‍പ്പാണെന്നും ലാവ്‌റോവ് വ്യക്തമാക്കി.

ജര്‍മനിയെയും ജപ്പാനെയും പ്രത്യേകമായി പരാമര്‍ശിച്ച ലാവ്‌റോവ്, ഇരു രാജ്യങ്ങളും സൈനികവല്‍ക്കരണത്തിലേക്ക് നീങ്ങുകയാണെന്നും പഴയ അഭിലാഷങ്ങളിലേക്ക് മടങ്ങുകയാണെന്നും ആരോപിച്ചു. സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരണത്തിന് ഏത് രൂപം നല്‍കിയാലും നിലവിലെ സ്ഥിരാംഗങ്ങളുടെ അധികാരം ദുര്‍ബലപ്പെടുത്തുന്ന തരത്തിലാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യുഎന്‍ പൊതുസഭയിലെ പ്രസംഗത്തില്‍ മൗറീഷ്യസും ഇന്ത്യയുടെ സ്ഥിരാംഗത്വ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചു. സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജി4, എല്‍69 കൂട്ടായ്മകളുടെ നിലപാടുകള്‍ക്ക് മൗറീഷ്യസ് പിന്തുണ നല്‍കുന്നതായി വിദേശകാര്യ മന്ത്രി ധന്‍ജയ് രാംഫുള്‍ പറഞ്ഞു. ആഗോള കാര്യങ്ങളില്‍ ഇന്ത്യ വഹിക്കുന്ന സൃഷ്ടിപരമായ പങ്കിന് അനുസൃതമായി സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ സുരക്ഷാ കൗണ്‍സിലില്‍ 15 അംഗങ്ങളാണുള്ളത്. ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, അമേരിക്ക എന്നീ അഞ്ച് രാജ്യങ്ങളാണ് വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങള്‍. മറ്റ് പത്ത് അംഗങ്ങളെ രണ്ട് വര്‍ഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത്.

പുതിയ സ്ഥിരാംഗങ്ങളെ ഉള്‍പ്പെടുത്തണമെങ്കില്‍ യുഎന്‍ ചാര്‍ട്ടറില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. പൊതുസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും അംഗരാജ്യങ്ങളില്‍ മൂന്നില്‍ രണ്ട് രാജ്യങ്ങളുടെ അംഗീകാരവും ആവശ്യമാണ്. നിലവിലുള്ള അഞ്ച് സ്ഥിരാംഗങ്ങളുടെയും അംഗീകാരം ഇതിന് നിര്‍ണായകമാണ്.

റഷ്യയുടെ പിന്തുണ ലഭിച്ചിട്ടും സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരണത്തിനുള്ള നീക്കത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. നിലവിലെ സ്ഥിരാംഗങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്. റഷ്യയുടെ അടുത്ത പങ്കാളിയായ ചൈന ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനോട് ഇപ്പോഴും ശക്തമായ എതിര്‍പ്പ് തുടരുകയാണ്.

അതേസമയം, ഇന്ത്യ, ബ്രസീല്‍, ജര്‍മനി, ജപ്പാന്‍ എന്നിവ ഉള്‍പ്പെടുന്ന ജി4 സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരണം അടിയന്തരമായി നടപ്പാക്കണമെന്ന് സെപ്റ്റംബര്‍ 22ലെ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.