ബിജെപിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോണ്‍ഗ്രസ്
ഡല്‍ഹി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ബിജെപി സര്‍ക്കാര്‍ വോട്ട് ചോരിക്ക് പിന്നാലെ ഇപ്പോള്‍ സീറ്റ് ചോരി (സീറ്റ് മോഷണം) തുടങ്ങിയെന്നും അദ്ദേഹം വിമര്‍ശിച്ചു
രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടക്കുന്ന ഇരട്ടത്താപ്പിനെയും കെ.സി വേണുഗോപാല്‍ രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, ചോദ്യപേപ്പര്‍ ചോര്‍ച്ച, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കെതിരെ രാജ്യവ്യാപകമായി വന്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
അടുത്ത രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് ശക്തമായ ഒരു പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളില്‍ ഒരേപോലെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പങ്കെടുത്ത കോണ്‍ഗ്രസിന്റെ ഉന്നത യോഗത്തിന് ശേഷമാണ് രാജ്യവ്യാപക സമരത്തിനുള്ള പ്രഖ്യാപനമുണ്ടായത്.
രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി യോഗം ചര്‍ച്ച ചെയ്തതായും ഇന്ധനവില നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും രാജ്യത്ത് തൊഴിലില്ലായ്മ അതിന്റെ പരകോടിയിലാണെന്നും വേണുഗോപാല്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, ഓരോ കുടുംബവും ആശങ്കയിലാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും ചോദ്യപേപ്പര്‍ ചോര്‍ച്ചയുമാണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. എന്നാല്‍ ഇതിലൊന്നും യാതൊരു ധാര്‍മ്മിക ഉത്തരവാദിത്തവും കാണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.









