അണ്ണാമലൈ പുതിയ പാര്‍ട്ടി രൂപീകരിക്കുമോ: സാധ്യത എന്ത്

ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ ബിജെപി നേതാവ് കെ.അണ്ണാമലൈ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവിന്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. ‘തമിഴ്നാട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സമര്‍പ്പിച്ച രാജി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവിന്‍ സ്വീകരിച്ചിരിക്കുന്നു,’ ബിജെപി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

ചൊവ്വാഴ്ച ഡല്‍ഹിയില്‍ വെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, നിതിന്‍ നവിന്‍ എന്നിവരുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി വിടാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അണ്ണാമലൈ തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കെ.അണ്ണാമലൈ, തമിഴ്നാട്ടില്‍ ബിജെപിയുടെ ഏറ്റവും ജനപ്രിയ മുഖങ്ങളില്‍ ഒരാളാണ്. സ്വതന്ത്രമായ ഒരു രാഷ്ട്രീയ പാത പിന്തുടരാനാണ് അദ്ദേഹം ഇപ്പോള്‍ താല്‍പര്യപ്പെടുന്നത് എന്നാണ് വിവരങ്ങള്‍.

തീരുമാനം പുനഃപരിശോധിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം പരമാവധി ശ്രമിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടയിലാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അണ്ണാമലൈയോട് മടങ്ങിവരാന്‍ നേതൃത്വം ആവശ്യപ്പെട്ടതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. അണ്ണാമലൈ ബിജെപി വിടാന്‍ തീരുമാനിച്ചതായും അദ്ദേഹത്തിന്റെ ഡല്‍ഹി സന്ദര്‍ശനം പാര്‍ട്ടി നേതൃത്വത്തോടുള്ള നന്ദി പ്രകടനമാണെന്നും ഈ ആഴ്ച ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബിജെപി ഹൈക്കമാന്‍ഡിന് മുന്നില്‍ അണ്ണാമലൈ രണ്ട് ഓപ്ഷനുകളാണ് വെച്ചിരുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. പൂര്‍ണ്ണമായ സ്വയംഭരണാധികാരത്തോടെയും അധികാരത്തോടെയും കുറഞ്ഞത് ഏഴ് വര്‍ഷത്തേക്ക് തമിഴ്നാട് ബിജെപി അധ്യക്ഷനായി വീണ്ടും നിയമിക്കുക. അല്ലെങ്കില്‍ സ്വന്തം നിലയില്‍ മറ്റൊരു രാഷ്ട്രീയ പാത തിരഞ്ഞെടുക്കാന്‍ അനുവദിക്കുക.

തമിഴ്നാട്ടില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് അണ്ണാമലൈ ആലോചിക്കുന്നതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തമിഴ്നാട്ടിലെ പ്രമുഖ ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയും എഐഎഡിഎംകെയും കനത്ത തിരിച്ചടി നേരിട്ട സമീപകാല നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഈ നാടകീയ നീക്കങ്ങള്‍. ഈ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയിന്റെ ‘തമിഴക വെട്രി കഴകം’ (ടിവികെ) കന്നിപ്പോരാട്ടത്തില്‍ തന്നെ അപ്രതീക്ഷിത വിജയം നേടിയിരുന്നു. തുടര്‍ന്ന്, തിരഞ്ഞെടുപ്പിന് ശേഷം ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിച്ച കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ചെറുകക്ഷികളുടെ പിന്തുണയോടെ ടിവികെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.

തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു ദേശീയ പാര്‍ട്ടിക്ക് പ്രബല ശക്തിയായി വളരാന്‍ പരിമിതമായ ഇടമേയുള്ളൂവെന്നാണ് അണ്ണാമലൈ കരുതുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്ന ഒരു പുതിയ പ്രാദേശിക പാര്‍ട്ടിക്ക് മാത്രമേ സംസ്ഥാനത്ത് ശക്തമായ ഒരു ബദലായി മാറാന്‍ കഴിയൂ എന്ന് അദ്ദേഹം വിശ്വസിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.