തമിഴ് നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍

ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിലെ പതിറ്റാണ്ടുകള്‍ നീണ്ട മാറിമാറിവരുന്ന ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവി സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ്ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

പരിചയസമ്പന്നരെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സന്തുലിത മന്ത്രിസഭയ്ക്കാണ് വിജയ് രൂപം നല്‍കിയിരിക്കുന്നത്. എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് എത്തിയ മുതിര്‍ന്ന നേതാവ് കെ.എ.സെങ്കോട്ടയ്യന്‍ അടക്കമുള്ളവര്‍ മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടുണ്ട്. കെ.എ.സെങ്കോട്ടയ്യന്‍, ആദവ് അര്‍ജുന, എന്‍.ആനന്ദ്, സി.ടി.ആര്‍.നിര്‍മ്മല്‍ കുമാര്‍, എ.രാജ്മോഹന്‍, ടി.കെ.പ്രഭു, പി.വെങ്കട്ടരാമന്‍, എസ്.കീര്‍ത്തന, കെ.ജി.അരുണ്‍ രാജ് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

തിരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകള്‍ തികയ്ക്കാന്‍ ടിവികെ ഏറെ പണിപ്പെട്ടിരുന്നു. എന്നാല്‍ വിസികെ, കോണ്‍ഗ്രസ്, ഐയുഎംഎല്‍ എന്നീ കക്ഷികളുടെ പിന്തുണ ലഭിച്ചതോടെ 120 എംഎല്‍എമാരുടെ പിന്തുണയോടെ വിജയ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു. മേയ് 13-നകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ആറു പതിറ്റാണ്ടായി ഡിഎംകെയും എഐഎഡിഎംകെയും മാറിമാറി ഭരിച്ച തമിഴ് രാഷ്ട്രീയത്തില്‍ ഒരു മൂന്നാം ബദല്‍ അധികാരത്തിലെത്തുന്നത് വലിയ രാഷ്ട്രീയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

മതേതരത്വത്തിന്റെയും സാമൂഹിക നീതിയുടെയും ഒരു പുതിയ യുഗം തുടങ്ങുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. ഞാനൊരു മാലാഖയല്ല, ഒരു സാധാരണക്കാരനാണ്. ഒരു രാജകുടുംബത്തിലല്ല ഞാന്‍ ജനിച്ചത്. ദാരിദ്ര്യവും വിശപ്പും എന്താണെന്ന് എനിക്കറിയാം. നിങ്ങളുടെ മകനെപ്പോലെ, സഹോദരനെപ്പോലെ… ഞാന്‍ നിങ്ങളുടെ സഹോദരനാണെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള ആദ്യ പ്രസംഗത്തില്‍ വിജയ് പറഞ്ഞു.

‘എന്റെ നിയന്ത്രണത്തിലല്ലാതെ മറ്റൊരു അധികാരകേന്ദ്രവും ഉണ്ടാകില്ല. ഞാന്‍ മാത്രമായിരിക്കും അധികാരത്തിന്റെ ഏക കേന്ദ്രം,’ തന്റെ സര്‍ക്കാരിന്റെ നയങ്ങളുടെ ഉത്തരവാദിത്തം താന്‍ തന്നെ ഏറ്റെടുക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട് നടന്‍ കൂടിയായ രാഷ്ട്രീയ നേതാവ് പറഞ്ഞു. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കില്ലെന്നും, തന്റെ പ്രകടനത്തെ വിലയിരുത്താന്‍ ജനങ്ങള്‍ ആവശ്യമായ സമയം നല്‍കണമെന്നും മുഖ്യമന്ത്രി വിജയ് ആവശ്യപ്പെട്ടു.

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്, തമിഴ്നാട് ജനതയുടെ ക്ഷേമത്തിനായുള്ള മൂന്ന് പ്രധാന പദ്ധതികള്‍ക്കുള്ള ഫയലുകളില്‍ ഒപ്പുവച്ചു. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുന്ന പദ്ധതി, സംസ്ഥാനത്തുടനീളം മയക്കുമരുന്ന് കടത്ത് പൂര്‍ണമായും ഇല്ലാതാക്കുന്നതിനായി ഒരു പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുക, തമിഴ്‌നാട്ടില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമായി ഒരു പ്രത്യേക സുരക്ഷാ സേന രൂപീകരിക്കുക എന്നീ മൂന്നു ഫയലുകളിലാണ് അദ്ദേഹം ഒപ്പിട്ടത്.