മലയാളിയുടെ ഭഷ്യസംസ്‌കാരത്തിന് പകിട്ടേകിയിരുന്ന കമ്പനികള്‍ കോര്‍പറേറ്റുകളുടെ കൈകളിലേയ്ക്ക്

തിരുവനന്തപുരം: തൃശൂരിന്റെ അഭിമാനമായ ‘ഡബിള്‍ ഹോഴ്‌സ്’ എന്ന ബ്രാന്‍ഡ് ഏറ്റെടുക്കാന്‍ കോര്‍പറേറ്റ് വമ്പന്മാര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഈസ്റ്റേണ്‍, നിറപറ, ബ്രാഹ്‌മിന്‍സ് തുടങ്ങിയ ബ്രാന്‍ഡുകളൊക്കെ കോര്‍പറേറ്റ് കൈകളിലെത്തിക്കഴിഞ്ഞു. ഈ നിരയിലേക്ക് ഒടുവിലായി എത്തുന്ന ബ്രാന്‍ഡായിരിക്കും ഡബിള്‍ ഹോഴ്‌സ്.

വിപ്രോ കണ്‍സ്യൂമര്‍ കെയറും മുരുഗപ്പ ഗ്രൂപ്പുമാണ് ശ്രമങ്ങള്‍ക്കു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പതിറ്റാണ്ടുകളായി മലയാളി സ്വന്തമായി കൊണ്ടുനടന്ന ബ്രാന്‍ഡുകളെല്ലാം ഇന്ന് വന്‍കിട ദേശീയ-ആഗോള കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക് എത്തപ്പെടുന്നതായാണ് കാണാന്‍ കഴിയുന്നത്. കേരളത്തിന്റെ ഫുഡ് ഇന്‍ഡസ്ട്രിയുടെ ആകെ ചിത്രമാണ് ഇതോടെ മാറുന്നത്.

എന്തായിരിക്കും കോര്‍പറേറ്റ് ഭീമന്മാര്‍ മലയാളിയുടെ അടുക്കള തേടിയെത്തിയത്: കേരളത്തിലെ പ്രമുഖ ഫുഡ് ബ്രാന്‍ഡുകളില്‍ പലതും 1970-80 കാലഘട്ടങ്ങളില്‍ ഒന്നാം തലമുറ ചെറു സംരംഭകര്‍ കഠിനാധ്വാനത്തിലൂടെ ചോരയും നീരുമൊഴുക്കി പടുത്തുയര്‍ത്തിയവയാണ്. എന്നാല്‍ ബിസിനസ് രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയിലേക്ക് എത്തുമ്പോള്‍ പഴയ കഷ്ടപ്പാടുകളുടെ അമ്മൂമ്മക്കഥകള്‍ കേള്‍ക്കാന്‍ സമയമില്ല എന്നതാണ് പുതിയ തലമുറയുടെ ബിസിനസ് തത്വം. ഈ ബ്രാന്‍ഡുകളൊക്കെ വിദേശത്തും ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാല്‍ പുതു തലമുറ പരമ്പരാഗത ഉല്‍പാദന-വിതരണ മേഖലകളില്‍ എത്തിയതോടെ ഇത്തരം ബിസിനസുകളെ മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ത്തി കോടികള്‍ കൊയ്യാനും മറ്റ് മേഖലകളില്‍ കരിയര്‍ കണ്ടെത്താനുമാണ് താത്പര്യം. ഇത്തരത്തിലുള്ള പല ബിസിനസും കുടുംബ ബിസിനസ് ആയിരുന്നു. അവ ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകാന്‍ കുടുംബത്തില്‍ അവകാശികള്‍ ഇല്ലാതെ വരുമ്പോള്‍ മികച്ച മൂല്യത്തില്‍ ബ്രാന്‍ഡിനെ കൈമാറാനാണു പലരും നോക്കുന്നത്.

അതെസമയം കേരളമെന്ന ചെറിയ വിപണിയില്‍ ശക്തമായ സാന്നിധ്യം നേടിയ ഒരു ബ്രാന്‍ഡിന് ദേശീയ, അന്താരാഷ്ട്ര വിപണികളിലേക്ക് വളരണമെങ്കില്‍ വലിയ നിക്ഷേപം ആവശ്യമാണ്. അത്യാധുനിക ഉല്‍പാദന സംവിധാനം, ഓട്ടോമേഷന്‍, ഗവേഷണം, ഗുണനിലവാര നിയന്ത്രണം, ബ്രാന്‍ഡിംഗ്, വിതരണ ശൃംഖല എന്നിവയ്ക്കായി കോടികള്‍ ഒഴുക്കേണ്ടിവരും. പലര്‍ക്കും ഇത് സാദ്ധ്യമല്ല. അവിടെയാണ് കോടികളുടെ കിലുക്കവുമായി വന്‍കിട കമ്പനികള്‍ വരുന്നത്.

അവയുടെ കീഴിലെത്തുമ്പോള്‍ ശക്തമായ വിതരണ ശൃംഖലയും വിപണന സംവിധാനവും ഉപയോഗിച്ച് ബ്രാന്‍ഡിന് അതിവേഗം വളരാന്‍ സാധിക്കുമെന്നാണ് വയ്പ്പ്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ദേശീയ റീട്ടെയില്‍ ശൃംഖലകള്‍, ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍ എന്നിവയില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കാന്‍ വലിയ വിതരണ സംവിധാനവും മാര്‍ക്കറ്റിംഗ് ശേഷിയും ആവശ്യമാണ്. ഇത് ചെറിയ കുടുംബസ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന സാഹചര്യത്തില്‍ കോര്‍പറേറ്റ് പങ്കാളിത്തത്തെക്കുറിച്ചു പുതുതലമുറ ചര്‍ച്ചചെയ്തുതുടങ്ങുന്നു.

മറ്റൊരു പ്രധാനകാര്യം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍, കയറ്റുമതി സര്‍ട്ടിഫിക്കേഷനുകള്‍, ഗുണനിലവാര നിയന്ത്രണം, പാക്കേജിംഗ് നിയമങ്ങള്‍, പരിസ്ഥിതി ചട്ടങ്ങള്‍ എന്നിവ പാലിക്കുന്നതിനുള്ള ചെലവും, ക്വാളിറ്റി ചെക്കും കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും കൂടിക്കൊണ്ടിരിക്കുന്നു. മലയാളി പ്രവാസികള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ഉള്ളതുകൊണ്ട് കേരളീയ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് ഡിമാന്‍ഡുണ്ട്. അതുകൊണ്ടു തന്നെ കേരളം ബ്രാന്‍ഡുകള്‍ക്കു അന്താരാഷ്ട്ര തലത്തില്‍ വിശ്വാസ്യത ഉണ്ട്. ഈ വിശ്വാസ്യതയെ അടിസ്ഥാനമാക്കി ദേശീയതലത്തിലും അന്താരാഷ്ട്ര വിപണിയിലും വളര്‍ച്ച സാധ്യമാണെന്നാണ് ഏറ്റെടുക്കന്നവരുടെയും കൊടുക്കുന്നവരുടെയും കണക്കുകൂട്ടല്‍.

കൂടാതെ പുതിയൊരു ബ്രാന്‍ഡ് ആദ്യം മുതല്‍ വളര്‍ത്തുന്നതിനേക്കാള്‍, ശക്തമായ വിപണിയും ഉപഭോക്തൃ വിശ്വാസവുമുള്ള ഒരു പ്രാദേശിക ബ്രാന്‍ഡിനെ ഏറ്റെടുക്കുന്നതാണ് പല കമ്പനികള്‍ക്കും ലാഭകരമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതേസമയം ഏറ്റെടുക്കുന്ന കമ്പനികള്‍ കൊടുക്കുന്ന തുകയും കണ്ണഞ്ചിപ്പിക്കുന്നതാണ്. ചെറിയ സ്‌ട്രെസ്സിലൂടെ പോലും കടന്നുപോകാന്‍ ഇഷ്ടമില്ലാത്ത പുതുതലമുറ മികച്ച വിലയ്ക്ക് ഓഹരി വിറ്റ് പെട്ടെന്ന് കാശുണ്ടാക്കാന്‍ ശ്രമിക്കുന്നു.

തലമുറകള്‍ മാറുമ്പോള്‍ കുടുംബാധിഷ്ഠിത ബിസിനസുകള്‍ നിലനിര്‍ത്തുന്നത് ലോകമെമ്പാടുമുള്ള ഒരു വെല്ലുവിളിയാണ്. ഉടമസ്ഥാവകാശവും ഭരണനിര്‍വഹണവും കൈമാറുന്നതില്‍ തടസം വരുമ്പോഴും ഇങ്ങനെ ബ്രാന്‍ഡുകള്‍ കൈമാറ്റം ചെയ്യപ്പെടാറുണ്ട്.

ഏറ്റെടുക്കലുകള്‍ക്കു ശേഷം ബ്രാന്‍ഡുകളുടെ ഭാവിയെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും ആശങ്കകള്‍ ഉയരാറുണ്ടെങ്കിലും, ഇതിലൂടെ ബ്രാന്‍ഡുകള്‍ക്ക് പുതിയ സാങ്കേതികവിദ്യ, ആഗോള വിതരണശൃംഖല, വിപുലമായ വിപണി പ്രവേശനം എന്നിവ ലഭിക്കുന്നുണ്ട്. എങ്കിലും, കേരളത്തിന്റെ സ്വന്തം സംരംഭകത്വത്തിന്റെ അടുത്ത തലമുറ എങ്ങനെ രൂപപ്പെടുമെന്ന ചോദ്യമാണ് ഈ മാറ്റങ്ങള്‍ക്കിടയില്‍ ഏറെ പ്രസക്തമാകുന്നത്.