ഐഎസ്ആര്‍ഒയുടെ സ്വകാര്യവല്‍ക്കരണ നീക്കത്തില്‍ ചെയര്‍മാന് കത്തയച്ച് ജീവനക്കാര്‍

ഡല്‍ഹി: ഐഎസ്ആര്‍ഒയുടെ സ്വകാര്യവല്‍ക്കരണ നീക്കത്തെ ചോദ്യം ചെയ്ത് ചെയര്‍മാന് കത്തു നല്‍കി ജീവനക്കാര്‍. സ്വകാര്യവല്‍ക്കരണ നടപടികളുടെ പോക്കിനെയും, നിലവിലെ ജീവനക്കാരിലും ഏജന്‍സിയുടെ ഭാവി ചുമതലകളിലും അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും ചോദ്യം ചെയ്താണ് ഐഎസ്ആര്‍ഒയുടെ പ്രധാന ജീവനക്കാരുടെ സംഘടനകള്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ വി. നാരായണന് കത്ത് നല്‍കിയത്.

മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ജി.എസ്.എല്‍.വി റോക്കറ്റില്‍ ഐഎസ്ആര്‍ഒ ഭൗമനിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് കത്തു നല്‍കിയത്. ഐഎസ്ആര്‍ഒ പ്രധാന ദൗത്യങ്ങള്‍ വിജയകരമായി തുടരുമ്പോഴും, രാജ്യത്തെ ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ പങ്കാളിത്തം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഏജന്‍സിയുടെ ഭാവി പങ്ക് എന്തായിരിക്കുമെന്നതിനെക്കുറിച്ച് സംഘടനയ്ക്ക് ഉള്ളില്‍ത്തന്നെ ചോദ്യങ്ങള്‍ ഉയരുന്നതായി വ്യക്തമാക്കുന്നതാണ് കത്ത്.

ബഹിരാകാശ മേഖലയിലേക്ക് സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതിനായി ബഹിരാകാശ വകുപ്പിന് കീഴില്‍ 2020 ല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച നോഡല്‍ ഏജന്‍സിയായ ‘ഇന്‍-സ്‌പേസ്’ ചെയര്‍മാന്‍ പവന്‍ ഗോയങ്ക നടത്തിയ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണം. ഓഗസ്റ്റ് 21-ന് ‘ബിസിനസ് ടുഡേ’യുടെ ഒരു പരിപാടിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഭാവിയില്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപണ വാഹനങ്ങള്‍ ഒന്നും തന്നെ നിര്‍മ്മിക്കില്ലെന്നും അത് സ്വകാര്യ മേഖലയോ പൊതുമേഖലാ സ്ഥാപനങ്ങളോ ആയിരിക്കും ചെയ്യുക എന്നായിരുന്നു ഐ.ഐ.ടി മദ്രാസ് ബോര്‍ഡ് ഓഫ് ഗവേണേഴ്സ് ചെയര്‍മാന്‍ കൂടിയായ ഗോയങ്ക പറഞ്ഞത്. പതിവ് ഉപഗ്രഹ നിര്‍മ്മാണങ്ങളും ഐഎസ്ആര്‍ഒ നടത്തില്ലെന്നും പ്രത്യേക ആവശ്യങ്ങള്‍ക്കുള്ളതോ, ശാസ്ത്ര ഗവേഷണങ്ങള്‍ക്കായുള്ളതോ, സ്വകാര്യ മേഖലയ്ക്ക് പിന്നീട് കൈമാറാന്‍ ഉതകുന്ന പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ളതോ ആയ ഉപഗ്രഹങ്ങള്‍ മാത്രമായിരിക്കും ഐഎസ്ആര്‍ഒ ഇനി നിര്‍മ്മിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പ്രസ്താവനകള്‍ക്ക് പിന്നാലെ, നയത്തെക്കുറിച്ചോ അതിന്റെ നിയമപരമായ വശങ്ങളെക്കുറിച്ചോ, നടപ്പാക്കല്‍ സമയക്രമത്തെക്കുറിച്ചോ, നിലവിലെ ജീവനക്കാരിലും ഭാവിയിലെ നിയമനങ്ങളിലും ഇത് ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചോ ബഹിരാകാശ വകുപ്പില്‍ നിന്ന് യാതൊരുവിധ ഔദ്യോഗിക വിശദീകരണങ്ങളും നല്‍കിയിട്ടില്ലെന്ന് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

സ്പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ എന്നിവയുള്‍പ്പെടെ വിവിധ ഐ.എസ്.ആര്‍.ഒ കേന്ദ്രങ്ങളിലെ പ്രതിനിധികള്‍ ഒപ്പിട്ട കത്തില്‍, ഗോയങ്കയുടെ വാക്കുകള്‍ കേന്ദ്ര സര്‍ക്കാരിന്റെയോ സ്‌പേസ് കമ്മീഷന്റെയോ ബഹിരാകാശ വകുപ്പിന്റെയോ തീരുമാനമാണോ എന്ന് രേഖാമൂലം വ്യക്തമാക്കാന്‍ ചെയര്‍മാനോട് ആവശ്യപ്പെട്ടു.

പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ ഐ.എസ്.ആര്‍.ഒയുടെ ഭാവി പങ്ക് എന്തായിരിക്കും, നിര്‍മ്മാണ ജോലികളില്‍ നിന്ന് പൊതുമേഖലാ സ്ഥാപനങ്ങളെയും ഒഴിവാക്കുമോ, നിലവിലെ ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ എന്ത് നടപടികളുണ്ട്, പൊതുപണം ഉപയോഗിച്ച് വികസിപ്പിച്ച സാങ്കേതികവിദ്യകള്‍ സ്വകാര്യ കമ്പനികള്‍ക്ക് എങ്ങനെയാണ് കൈമാറുന്നത്, സ്ഥാപനത്തിന്റെ ഘടനയെയോ ദൗത്യങ്ങളെയോ ജീവനക്കാരെയോ ബാധിക്കുന്ന തിരുത്താനാകാത്ത ഒരു തീരുമാനം എടുക്കുന്നതിന് മുന്‍പ് ജീവനക്കാരുടെ സംഘടനകളുമായി കൂടിയാലോചന നടത്തുമോ തുടങ്ങിയ ചോദ്യങ്ങളാണ് കത്തിലുള്ളത്.