എച്ച്-1ബി വിസ: ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി; ഗ്രേസ് പിരീഡ് നിര്‍ത്തലാക്കിയേക്കും

വാഷിങ്ടണ്‍: അമേരിക്കയിലെ വിദേശ പ്രൊഫഷണലുകള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ച് എച്ച്-1ബി വിസ ചട്ടങ്ങളില്‍ വീണ്ടും കര്‍ശന നിയന്ത്രണത്തിനൊരുങ്ങി ട്രംപ് ഭരണകൂടം. ജോലി നഷ്ടപ്പെടുന്ന വിദേശ ജീവനക്കാര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താനായി നിലവില്‍ അനുവദിച്ചിട്ടുള്ള 60 ദിവസത്തെ സാവകാശം (ഗ്രേസ് പിരീഡ്) റദ്ദാക്കാനുള്ള നിര്‍ദ്ദേശത്തിന് വൈറ്റ് ഹൗസ് റെഗുലേറ്ററി ഓഫീസ് പച്ചക്കൊടി കാട്ടി.

2024 സാമ്പത്തിക വര്‍ഷത്തില്‍ അംഗീകരിച്ച എച്ച്-1ബി അപേക്ഷകളില്‍ 71 ശതമാനവും ഇന്ത്യയില്‍ ജനിച്ച ജീവനക്കാരുടേതായിരുന്നു. അതുകൊണ്ടുതന്നെ നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇന്ത്യക്കാരെ കാര്യമായി ബാധിക്കും. വൈറ്റ് ഹൗസ് റെഗുലേറ്ററി ഓഫീസ് ഇതിന് അനുമതി നല്‍കിയതോടെ, നിര്‍ദ്ദേശം ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രസിദ്ധീകരിക്കുമെന്ന് യുഎസ് ഗവണ്‍മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

യുഎസിലെ ഇന്ത്യന്‍ ജീവനക്കാരെ കാര്യമായി ബാധിക്കുന്ന ഈ നിര്‍ദ്ദേശം, ജോലി നഷ്ടപ്പെട്ടതിനു ശേഷമുള്ള ചില വിദേശ ജീവനക്കാരുടെ 60 ദിവസത്തെ ഇളവ് കാലയളവ് റദ്ദാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ നിയമങ്ങള്‍ H-1B, E-1, E-2, E-3, L-1, O-1 തുടങ്ങിയ വിവിധ തൊഴില്‍ അധിഷ്ഠിത വിസ വിഭാഗങ്ങള്‍ക്കും അവരുടെ ആശ്രിതര്‍ക്കും സംരക്ഷണം നല്‍കുന്നുണ്ട്. എന്നിരുന്നാലും, ഈ മാറ്റം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ്, ഡിഎച്ചഎസ് ഈ നിര്‍ദ്ദേശം ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും അന്തിമ ചട്ടങ്ങള്‍ രൂപീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

ഈ പദ്ധതി ഇതുവരെ ഔദ്യോഗികമായി പരസ്യപ്പെടുത്തിയിട്ടില്ലാത്തതിനാല്‍, പൂര്‍ണ്ണ വ്യവസ്ഥകള്‍ ഇനിയും ലഭ്യമായിട്ടില്ല. നിലവില്‍ 60 ദിവസത്തെ ഗ്രേസ് പിരീഡ് തുടര്‍ന്നും പ്രാബല്യത്തിലുണ്ട്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള കുടിയേറ്റ, കുടിയേറ്റേതര ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന വിപുലമായ നിയമാവലിയുടെ ഭാഗമായി 2017 ജനുവരിയിലാണ് നിലവിലെ ചട്ടം നിലവില്‍ വന്നത്.

ഒരു കമ്പനിയിലെ ജോലി അവസാനിച്ചതിന് ശേഷവും യോഗ്യതയുള്ള ജീവനക്കാര്‍ക്ക് പരമാവധി രണ്ട് മാസം വരെ (അല്ലെങ്കില്‍ അവരുടെ അംഗീകൃത വിസാ കാലാവധി അവസാനിക്കുന്നത് വരെ, ഏതാണോ ആദ്യം വരുന്നത് അതുവരെ) അമേരിക്കയില്‍ തുടരാന്‍ ഗ്രേസ് പിരീഡ് അനുവദിക്കുന്നു. മറ്റൊരു ജോലി കണ്ടെത്താനോ, മറ്റൊരു വിസ കാറ്റഗറിയിലേക്ക് മാറാനോ, അല്ലെങ്കില്‍ രാജ്യം വിടാനുള്ള ഒരുക്കങ്ങള്‍ നടത്താനോ ഈ 60 ദിവസത്തെ സമയം ജീവനക്കാരെ സഹായിക്കുന്നു.

വിദഗ്ധ തൊഴില്‍ മേഖലകളില്‍ വിദേശ ജീവനക്കാരെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന ഒന്നാണ് എച്ച്-1ബി വിസ പ്രോഗ്രാം. യുഎസിലെ വിദേശ തൊഴിലാളികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായതിനാല്‍, എച്ച്-1ബി വിസയിലെ ഏതു മാറ്റവും ഇന്ത്യന്‍ പ്രൊഫഷണലുകളെ വലിയ തോതില്‍ ബാധിക്കും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2024 സാമ്പത്തിക വര്‍ഷത്തില്‍ അംഗീകരിച്ച എച്ച്-1ബി അപേക്ഷകളില്‍ 71 ശതമാനവും ഇന്ത്യയില്‍ നിന്നുള്ള ജീവനക്കാരുടേതായിരുന്നു.