ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍, അമേരിക്ക ചതിച്ചെന്ന് റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍. ലെബനനിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. അമേരിക്ക വഞ്ചിച്ചെന്നും വാഗ്ദാനങ്ങളുടെ വ്യക്തമായ ലംഘനമാണിതെന്നും ഇറാന്റെ സംയുക്ത സൈനിക നേതൃത്വം വ്യക്തമാക്കി.

ആക്രമണം തുടരുകയാണെങ്കില്‍ അടുത്ത ഘട്ടങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക ടെലിവിഷന്‍ വഴി പുറത്തുവിട്ട പ്രസ്താവനയില്‍ ഇറാന്റെ സംയുക്ത സൈനിക നേതൃത്വം മുന്നറിയിപ്പ് നല്‍കി. ഈ ആഴ്ചയുടെ തുടക്കത്തില്‍ അമേരിക്കയും ഇറാനും തമ്മില്‍ താല്‍ക്കാലിക കരാര്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് തുറക്കുകയും കപ്പലുകള്‍ സര്‍വീസ് പുനരാരംഭിക്കുകയും ചെയ്തിരുന്നു.

വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് ലെബനനില്‍ ഇസ്രായേല്‍ ശക്തമായ ആക്രമണം നടത്തിയത്. ശനിയാഴ്ച തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഇസ്രായേല്‍ ലെബനനില്‍ നടത്തുന്ന ആക്രമണങ്ങള്‍ മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ താല്‍ക്കാലിക കരാറിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

അതേസമയം, തെക്കന്‍ ലെബനനിലെ ഇസ്രായേല്‍ സൈനികര്‍ക്ക് നേരെ അമ്പതിലധികം റോക്കറ്റുകള്‍ തൊടുത്തുവിട്ടെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. പുതിയതായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഹിസ്ബുള്ള ആവര്‍ത്തിച്ച് ലംഘിക്കുന്നതായി ഇസ്രായേല്‍ സൈന്യം ആരോപിച്ചു. രാത്രിയില്‍ തെക്കന്‍ ലെബനനില്‍ നിലയുറപ്പിച്ചിരുന്ന ഇസ്രായേല്‍ സേനയ്ക്ക് നേരെ അമ്പതിലധികം റോക്കറ്റുകളും മറ്റ് സ്ഫോടകവസ്തുക്കളും തൊടുത്തുവിട്ടതായാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദം.

തെക്കന്‍ ലെബനനിലുടനീളമുള്ള ഹിസ്ബുള്ളയുടെ താവളങ്ങളെയും പോരാളികളെയും ലക്ഷ്യമിട്ട് ഇതിന് തിരിച്ചടി നല്‍കിയെന്ന് ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലും വെടിനിര്‍ത്തല്‍ കരാറിനോട് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേന പറഞ്ഞു. എങ്കിലും ഇസ്രായേല്‍ സൈനികര്‍ക്കോ പ്രദേശങ്ങള്‍ക്കോ നേരെ ഉണ്ടാകുന്ന ഏത് തരത്തിലുള്ള ഭീഷണികള്‍ക്കെതിരെയും തുടര്‍ന്നും നടപടിയെടുക്കുമെന്നും സൈന്യം വ്യക്തമാക്കി.