ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്ത് അമേരിക്കന്‍ സൈന്യം

വാഷിങ്ടണ്‍/ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച ഇറാനിയന്‍ ചരക്കുകപ്പല്‍ അമേരിക്കന്‍ നാവികസേന പിടിച്ചെടുത്തു. ഇറാന്‍ പതാകയേന്തിയ തൗസ്‌ക എന്ന കണ്ടെയ്നര്‍ കപ്പലാണ് യുഎസ് സൈന്യം കസ്റ്റഡിയിലെടുത്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കപ്പല്‍ ഉപരോധം മറികടക്കാന്‍ ശ്രമിച്ചെങ്കിലും യുഎസ് സേന അത് തടഞ്ഞതായി സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ ട്രംപ് പറഞ്ഞു. ‘തൗസ്‌ക എന്ന് പേരുള്ള ഇറാന്‍ പതാകയേന്തിയ ചരക്കുകപ്പല്‍ യുഎസ് നാവിക ഉപരോധം മറികടക്കാന്‍ ശ്രമിച്ചു, പക്ഷേ അവരുടെ ശ്രമം വിജയിച്ചില്ല,’ അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് ഓഫ് ഒമാനില്‍ വെച്ച് യുഎസ് നേവിയുടെ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ കപ്പലിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് നിര്‍ത്തിയില്ലെന്ന് ട്രംപ് പറഞ്ഞു. ‘എഞ്ചിന്‍ റൂമില്‍ സുഷിരമുണ്ടാക്കി ഞങ്ങള്‍ അവരെ അവിടെത്തന്നെ തടഞ്ഞു. കപ്പല്‍ ഇപ്പോള്‍ യുഎസ് മറൈന്‍സിന്റെ കസ്റ്റഡിയിലാണെന്നും അദ്ദേഹം അറിയിച്ചു.

കപ്പല്‍ തടയുന്നതിന്റെ വീഡിയോ യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടു. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ വെടിയുതിര്‍ക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ കപ്പലിലെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് ദൃശ്യങ്ങളില്‍ കാണാം. ‘നിങ്ങളുടെ എഞ്ചിന്‍ റൂമില്‍ നിന്ന് മാറിനില്‍ക്കുക,’ ഒരു നാവികന്‍ പറയുന്നത് കേള്‍ക്കാം. ‘നിങ്ങളെ തടയുന്നതിനായി വെടിയുതിര്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.’

അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന കാരണത്താല്‍ തൗസ്‌ക കപ്പലിന് അമേരിക്കന്‍ ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തിയതായി ട്രംപ് പറഞ്ഞു. ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തിയ കപ്പലുകളുടെ പട്ടികയില്‍ ഈ കപ്പലും ഉള്‍പ്പെടുന്നു. ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട കപ്പല്‍ ട്രാക്കിങ് വിവരങ്ങള്‍ പ്രകാരം, 900 അടിയിലധികം നീളമുള്ള കപ്പല്‍ പാക്കിസ്ഥാനുമായുള്ള ഇറാന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സമുദ്രഭാഗത്ത് വെച്ചാണ് തടഞ്ഞത്. മലേഷ്യയിലെ പോര്‍ട്ട് ക്ലാങ്ങില്‍ നിന്നാണ് ഇത് നേരത്തെ പുറപ്പെട്ടത്.

ഇറാനിയന്‍ വാണിജ്യ കപ്പലിന് നേരെ യുഎസ് സൈനിക നടപടി ഉണ്ടായതായും ഇതിന് ഉടന്‍ തിരിച്ചടി നല്‍കുമെന്നും ഇറാന്റെ സൈനിക ആസ്ഥാനമായ ഹസ്രത്ത് ഖാത്തം അല്‍-അന്‍ബിയ മുന്നറിയിപ്പ് നല്‍കി.