ഹോര്‍മുസിന്റെ സുരക്ഷ ഉറപ്പാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ സഖ്യം വരുന്നു

ഡല്‍ഹി: യുദ്ധാനന്തരം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സഖ്യം രൂപീകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി മൈന്‍ നീക്കം ചെയ്യുന്ന കപ്പലുകളും മറ്റു നാവിക സേനാംഗങ്ങളെയും വിന്യസിക്കാനാണ് നീക്കം. എന്നാല്‍ പദ്ധതിയില്‍ അമേരിക്കയെ ഉള്‍പ്പെടുത്തിയേക്കില്ലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോര്‍മുസ് കടലിടുക്കിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള യുദ്ധാനന്തര അന്താരാഷ്ട്ര പ്രതിരോധ ദൗത്യത്തില്‍ അമേരിക്ക, ഇസ്രായേല്‍, ഇറാന്‍ തുടങ്ങി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളെ ഒഴിവാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ചൊവ്വാഴ്ച പറഞ്ഞു. യൂറോപ്യന്‍ നാവികസേനകള്‍ യുഎസ് കമാന്‍ഡിന് കീഴിലല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ ആഗോള കപ്പല്‍ കമ്പനികള്‍ക്കിടയില്‍ വീണ്ടും വിശ്വാസം വളര്‍ത്തുന്നതിനും ജലപാതയിലൂടെ ഗതാഗതം പുനരാരംഭിക്കുന്നതിനും വേണ്ടിയാണ് പദ്ധതി. എന്നാല്‍ യുദ്ധം എന്ന് അവസാനിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. വിദേശ രാജ്യങ്ങളിലെ സൈനിക ഇടപെടലുകളില്‍ നേരത്തെ വിമുഖത കാട്ടിയിരുന്ന ജര്‍മ്മനിയും യൂറോപിന്റെ പദ്ധതിയുടെ ഭാഗമാകുമെന്നാണ് വിവരം.

അതേസമയം, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാനിയന്‍ തുറമുഖങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തി. ഇതോടെ മേഖലയിലെ പ്രധാന സമുദ്രപാതകളുടെ നിയന്ത്രണം യുഎസ് സേന ഏറ്റെടുത്തു. 36 മണിക്കൂറിനുള്ളില്‍ ഇറാനുമായുള്ള സമുദ്ര വ്യാപാരം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചതായി യുഎസ് അറിയിച്ചു.

‘ഇറാനിയന്‍ തുറമുഖങ്ങളിലെ ഉപരോധം പൂര്‍ണ്ണമായി നടപ്പിലാക്കി കഴിഞ്ഞു. ഇറാന്‍ സമ്പദ്വ്യവസ്ഥയുടെ 90 ശതമാനവും സമുദ്രം വഴിയുള്ള അന്താരാഷ്ട്ര വ്യാപാരത്തെ ആശ്രയിച്ചാണ്. ഉപരോധം ഏര്‍പ്പെടുത്തി 36 മണിക്കൂറിനുള്ളില്‍ ഇറാനിലേക്കും തിരിച്ചുമുള്ള സാമ്പത്തിക വ്യാപാരം പൂര്‍ണ്ണമായും നിശ്ചലമാക്കിയിരിക്കുകയാണ്,’ സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിലൂടെ ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച ഒരു കപ്പലും ഉപരോധം മറികടന്നിട്ടില്ലെന്നും ആറ് കപ്പലുകളെ തിരിച്ചയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനായിരത്തിലധികം യുഎസ് നാവികര്‍, മറൈനുകള്‍, എയര്‍മെന്‍ എന്നിവര്‍ക്ക് പുറമെ ഡസന്‍ കണക്കിന് യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉപരോധ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇറാനിയന്‍ തുറമുഖങ്ങളല്ലാത്ത ഇടങ്ങളിലേക്കുള്ള കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ടെന്നും യുഎസ് അറിയിച്ചു.