സ്വിസ് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി ഇറാന്‍ സംഘം: ട്രമ്പ് ഭീഷണിപ്പെടുത്തിയെന്ന്

ജനീവ: അമേരിക്കയും ഇറാനും തമ്മില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന സമാധാന ചര്‍ച്ചാ വേദിയില്‍ നിന്ന് ഇറാന്‍ പ്രതിനിധി സംഘം ഇറങ്ങിപ്പോയി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമീപകാല പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് നടപടി. ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിമിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ലെബനനിലെ ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇറാനെതിരെ പുതിയ സൈനിക നടപടിയുണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ, ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ ശ്രമിക്കുന്നതിനെതിരെ ഇറാന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് സമാധാന ചര്‍ച്ച ബഹിഷ്‌കരിച്ച് ഇറാന്‍ സംഘം ഇറങ്ങിപ്പോയത്.

നേരത്തെ, ഇറാന്റെ പാര്‍ലമെന്റ് സ്പീക്കറും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളിലെ പ്രധാനിയുമായ മുഹമ്മദ് ബാഗര്‍ ഘാലിബഫ് ട്രംപിന്റെ മുന്നറിയിപ്പുകള്‍ തള്ളിക്കളഞ്ഞു. ഭീഷണികളെ വിലയ്ക്ക് എടുക്കുന്നില്ലെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ ഇറാന്‍ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാക്കുകള്‍ അമേരിക്ക സൂക്ഷിച്ച് ഉപയോ?ഗിക്കണമെന്നും ഇറാന്റെ സായുധ സേന നല്‍കുന്ന മറുപടി വ്യത്യസ്തമായിരിക്കുമെന്നും ഘാലിബഫ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ലെബനനില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് ഇറാന്‍ വന്‍തോതില്‍ പണം കൈപ്പറ്റുന്ന നിഴല്‍ സൈന്യങ്ങളെ ഉടന്‍ തന്നെ തടയണമെന്ന് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ ട്രംപ് പറഞ്ഞു. അങ്ങനെ ചെയ്തില്ലെങ്കില്‍, കഴിഞ്ഞ ആഴ്ച ചെയ്തതുപോലെ തങ്ങള്‍ ഇറാന്റെ മേല്‍ വീണ്ടും ശക്തമായി ആഞ്ഞടിക്കുമെന്നും ഇത്തവണ അത് കൂടുതല്‍ കഠിനമായിരിക്കുമെന്നുമാണ് ചര്‍ച്ചകള്‍ക്കിടയിലും ഇറാന് ട്രംപ് നല്‍കിയ മുന്നറിയിപ്പ്.