താത്ക്കാലിക സമാധാന കരാറില്‍ ഒപ്പുവെച്ച് അമേരിക്കയും ഇറാനും

പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് വിരാമമാകുന്നു. അമേരിക്കയും ഇറാനും താത്ക്കാലിക കരാറില്‍ ഒപ്പുവെച്ചു. ശത്രുത അവസാനിപ്പിക്കുന്നതും, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും, ടെഹ്‌റാന്റെ ആണവ പരിപാടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതുമാണ് കരാറിന്റെ ലക്ഷ്യം.

ഉപരോധങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ട് ഇറാന് എണ്ണ കയറ്റുമതി പുനരാരംഭിക്കാന്‍ അനുവാദം നല്‍കുന്നതാണ് ഈ കരാര്‍. അതേസമയം വന്‍തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം കുറയ്ക്കുമെന്ന് ഇറാനും ഉറപ്പുനല്‍കുന്നുണ്ട്. കൂടുതല്‍ വിപുലവും ശാശ്വതവുമായ ഒരു കരാറിലെത്താന്‍ ഇരുപക്ഷത്തിനും 60 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

ആ?ഗോള തലത്തിലെ കപ്പല്‍ ?ഗതാ?ഗതത്തെ പ്രതിസന്ധിയിലാക്കിയ ഹോര്‍മുസ് കടലിടുക്ക് വീണ്ടും പഴയ സ്ഥിതിയിലേയ്ക്ക് എത്തുകയാണ്. ഹോര്‍മുസ് വീണ്ടും തുറക്കുന്നത് ആഗോള ഊര്‍ജ്ജ വിപണിയിലെ പ്രതിസന്ധി ലഘൂകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെ തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്.

അതേസമയം, ഈ കരാര്‍ ഒരു ആഗോള സാമ്പത്തിക ദുരന്തം ഒഴിവാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ ഇറാന്‍ അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പുതിയ ആക്രമണങ്ങള്‍ അഴിച്ചുവിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

സമാധാനക്കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം കുത്തനെ ഉയര്‍ന്നതായും ഇത് മിഡില്‍ ഈസ്റ്റിലുടനീളം കൂടുതല്‍ വിപുലമായ സമാധാനത്തിന്റെ തുടക്കമാകുമെന്നും ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിയുടെ സമാപനത്തില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞു.

ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തോടെയാണ് പശ്ചിമേഷ്യ സംഘര്‍ഷഭരിതമാകുന്നത്. ഈ യുദ്ധം, ഊര്‍ജ്ജ വില കുതിച്ചുയരാനും പണപ്പെരുപ്പ പ്രതിസന്ധി വീണ്ടും രൂക്ഷമാകാനും കാരണമായിരുന്നു. വികസ്വര രാജ്യങ്ങളില്‍ വലിയൊരു ഭക്ഷ്യലഭ്യത പ്രതിസന്ധി ഉണ്ടാകുമെന്ന ആശങ്കയും ഇത് ഉയര്‍ത്തിയിരുന്നു. നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലെത്തിയതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.