മോദിയുടെ വീഡിയോ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു; മെറ്റ ഗ്ലോബല്‍ ഹെഡിനെ വിളിപ്പിച്ച് കേന്ദ്രം
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച വീഡിയോ ഫേസ്ബുക്കില്‍ നിന്ന് ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് മെറ്റയുടെ ഗ്ലോബല്‍ പബ്ലിക് പോളിസി മേധാവിയെ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായ വ്യാഴാഴ്ച രാത്രി മോദി അപ്ലോഡ് ചെയ്ത വീഡിയോയാണ് ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര മന്ത്രിസഭ ശക്തമായ പുതിയ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഈ വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍, വീഡിയോ അബദ്ധവശാല്‍ നീക്കം ചെയ്യപ്പെട്ടതാണെന്നും പിന്നീട് പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ അറിയിച്ചു.
‘സുഹൃത്തുക്കളെ, ചോദ്യപേപ്പര്‍ ചോര്‍ച്ച നിസ്സാര വിഷയമല്ലെന്ന് എനിക്ക് നന്നായി അറിയാം. അത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വലിയ മനോവിഷമമുണ്ടാക്കുന്ന കാര്യമാണ്. ഇതിനെത്തുടര്‍ന്ന്, കഴിഞ്ഞ രണ്ടര മാസത്തിനിടെ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിക്കുകയും കുറ്റവാളികളെ പിടികൂടി ജയിലിലടയ്ക്കുകയും ചെയ്തിട്ടുണ്ട്.’ വീഡിയോയില്‍ പ്രധാനമന്ത്രി പറഞ്ഞു.
രാപ്പകലില്ലാതെ പരിശ്രമിച്ച് വകുപ്പുകള്‍ ഇതിനകം ഒരു കരട് നിര്‍ദ്ദേശം തനിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മോദി അറിയിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതികളും കടുത്ത ശിക്ഷാ വ്യവസ്ഥകളും ഉള്‍പ്പെടുന്ന ഈ കരട് മന്ത്രിസഭ ചര്‍ച്ച ചെയ്യും. മന്ത്രിസഭാ സഹപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഇത് അന്തിമമാക്കും. വരുന്ന തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ആഴ്ച ആരംഭിക്കുമ്പോള്‍ തന്നെ ബില്‍ സഭയില്‍ പാസാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
വെര്‍ട്ടിക്കല്‍ ഫ്രെയിമില്‍ ചിത്രീകരിച്ച വീഡിയോ, ഇന്‍സ്റ്റാഗ്രാം പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ യുവാക്കളുമായി സംവദിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമമായാണ് പലരും വിലയിരുത്തിയത്. കാരണം, ഇത്തരം പ്ലാറ്റ്ഫോമുകളില്‍ വെര്‍ട്ടിക്കല്‍ ലേഔട്ടിലുള്ള ചെറിയ വീഡിയോകള്‍ക്ക് വലിയ പ്രചാരമുണ്ട്. ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമസ്ഥരായ മെറ്റ, കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ കടുത്ത നിരീക്ഷണത്തിലാണ്.









