റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം: സൗദി കിരീടാവകാശിയുമായും ബഹ്റൈന്‍ രാജാവുമായും സംസാരിച്ച് പ്രധാനമന്ത്രി മോദി
റിയാദ്: സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിക്ക് നേരെ രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം ഉണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് കെട്ടിടത്തില്‍ ചെറിയ രീതിയിലുള്ള തീപിടിത്തവും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആക്രമണ സമയത്ത് എംബസി ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനുപിന്നാലെ റിയാദിലെ യുഎസ് എംബസി അമേരിക്കന്‍ പൗരന്മാരോട് ഉടനടി സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം പ്രാപിക്കാന്‍ നിര്‍ദേശം നല്‍കി.
അതേസമയം പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയ്ക്കും ബഹ്റൈനും നേരെയുണ്ടായ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായും തിങ്കളാഴ്ച നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇരു രാജ്യങ്ങളിലും താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി അവരുമായി ചര്‍ച്ച ചെയ്തു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി സംഭാഷണം നടത്തിയത്. നേരത്തെ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും മോദി സംസാരിച്ചിരുന്നു.








