വിഴിഞ്ഞത്ത് 13,000 കോടിയുടെ വന്‍ വിദേശ നിക്ഷേപ പദ്ധതിയുമായി അദാനിയും എംഎസ്‌സി ഗ്രൂപ്പും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് വന്‍ വിദേശ നിക്ഷേപം. മെഡിറ്ററേറിയന്‍ ഷിപ്പിംഗ് കമ്പനി എംഎസ്‌സിയാണ് നിക്ഷേപം നടത്തുക. വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരി എംഎസ്‌സി സ്വന്തമാക്കും. അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡും എംഎസ്‌സി ഗ്രൂപ്പിന്റെ ടെര്‍മിനല്‍ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡും (ടിഐഎല്‍) തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു.
ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് വിഴിഞ്ഞം തുറമുഖത്തില്‍ 13,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇന്ത്യന്‍ തുറമുഖ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ഏറ്റവും വലിയ ഒറ്റത്തവണ വിദേശ സ്വകാര്യ നിക്ഷേപമാണിത്. മുന്ദ്ര (കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നമ്പര്‍ 3), എണ്ണൂര്‍ എന്നീ തുറമുഖങ്ങള്‍ക്ക് ശേഷം അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡും എംഎസ്‌സിയും തമ്മിലുള്ള മൂന്നാമത്തെ വലിയ സംയുക്ത സംരംഭമാണിത്.
ഈ തന്ത്രപ്രധാന സഹകരണം ഇന്ത്യന്‍ തുറമുഖ അടിസ്ഥാനസൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപമാകും. ഇതോടെ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ പ്രമുഖ ട്രാന്‍ഷിപ്‌മെന്റ് ഹബ്ബായി വിഴിഞ്ഞത്തിന്റെ സ്ഥാനം കൂടുതല്‍ ദൃഢമാകുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ 1.6 മില്യണ്‍ Twenty-foot Equivalent Unit (ടിഇയു) ശേഷിയുള്ള വിഴിഞ്ഞം തുറമുഖം, 2028 ഡിസംബറോടെ 3.5 മില്യണ്‍ മടങ്ങ് വര്‍ദ്ധിപ്പിച്ച് 5.7 മില്യണ്‍ ടിഇയു ആക്കാനുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങളിലാണ്. പ്രവര്‍ത്തനം ആരംഭിച്ച് 18 മാസത്തിനുള്ളില്‍ 2 മില്യണ്‍ ടിഇയു കടക്കുന്ന ആദ്യ ഇന്ത്യന്‍ തുറമുഖമായി വിഴിഞ്ഞം മാറിയിരുന്നു.
ആദ്യ വര്‍ഷത്തില്‍ തന്നെ 1.3 മില്യണ്‍ ടിഇയുവും 615 കപ്പലുകളും കൈകാര്യം ചെയ്തു. 2026 ജൂണില്‍ തുറമുഖം അതിന്റെ 1000-ാമത്തെ കപ്പലിനെ സ്വീകരിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്തിന് 18-20 മീറ്റര്‍ സ്വാഭാവിക ആഴവും, 2.9 കിലോമീറ്റര്‍ പുലിമുട്ടും, 800 മീറ്റര്‍ ബര്‍ത്തും ഉണ്ട്.
ഇതിനകം 70-ലധികം അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസലുകളും 300 മീറ്ററിന് മുകളിലുള്ള 283 കപ്പലുകളും 16 മീറ്ററിന് മുകളിലുള്ള ഡ്രാഫ്റ്റ് ആവശ്യമായ 98 കപ്പലുകളും വിഴിഞ്ഞം കൈകാര്യം ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യന്‍ തുറമുഖങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
വിഴിഞ്ഞം തുറമുഖം അതിവേഗത്തില്‍ വളര്‍ന്ന് ഇന്ന് രാജ്യത്തെ പ്രധാന ട്രാന്‍ഷിപ്‌മെന്റ് ഹബ്ബുകളിലൊന്നായി മാറിയിരിക്കുകയാണെന്ന് അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ മുഴുവന്‍ സമയ ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞു. എംഎസ്‌സിയുമായുള്ള കൂട്ടുകെട്ട് ആഗോളതലത്തില്‍ വിതരണ ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ഇന്ത്യയുടെ പ്രധാന ആഗോള വിപണികളിലേക്കുള്ള പ്രവേശനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അശ്വനി ?ഗുപ്ത കൂട്ടിച്ചേര്‍ത്തു.







