പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി? വെടിനിര്‍ത്തല്‍ കരാര്‍ പാളിയതെങ്ങനെ?

യുഎസും ഇറാനും തമ്മില്‍ ജൂണില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി ഇന്ന് അവസാനിക്കും. യുദ്ധം അവസാനിപ്പിക്കുന്നതിനായി 60 ദിവസത്തിനുള്ളില്‍ ഒരു അന്തിമ കരാറിലെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സമയപരിധി അവസാനിക്കുമ്പോഴും പോരാട്ടം അവസാനിപ്പിക്കാനുള്ള യാതൊരു സൂചനയും ഇല്ല.

ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ഇരുപക്ഷവും ധാരണയിലെത്തണമെന്നതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. എന്നാല്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ കരാര്‍ ലംഘിച്ചെന്നാരോപിച്ച് യുഎസും ഇറാനും പരസ്പരം കുറ്റപ്പെടുത്തുകയായിരുന്നു.

14 ഇനങ്ങളടങ്ങിയ ചട്ടക്കൂട് പാക്കിസ്ഥാനും മറ്റു ഗള്‍ഫ് രാജ്യങ്ങളും ചേര്‍ന്നാണ് മധ്യസ്ഥത വഹിച്ച് രൂപീകരിച്ചത്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജൂണ്‍ 17 നാണ് കരാറില്‍ ഒപ്പുവെച്ചത്. എല്ലാ സൈനിക നടപടികളും നിര്‍ത്തിവെക്കണമെന്നതായിരുന്നു കരാറിലെ പ്രധാന നിര്‍ദേശം.

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയ്ക്കും ഇസ്രയേലിനുമുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ഒരു മാര്‍ഗരേഖയും കരാറില്‍ മുന്നോട്ടുവെച്ചു. തങ്ങളുടെ ആണവ പദ്ധതി സമാധാനപരവും സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ളതുമാണെന്നാണ് ഇറാന്‍ എക്കാലവും ആവര്‍ത്തിച്ചിട്ടുള്ളത്. പശ്ചിമേഷ്യയിലെ ഏറ്റവും ശക്തമായ മിസൈല്‍ ശേഖരങ്ങളിലൊന്നായ ഇറാന്റെ ആയുധശേഖരവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാനും ചര്‍ച്ചകള്‍ നടത്താനായിരുന്നു കരാര്‍ ലക്ഷ്യമിട്ടത്.

കരാറില്‍ ഒപ്പുവെച്ച് ഒരാഴ്ചയ്ക്കുശേഷം, ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഒമാന്‍ തീരത്തുകൂടിയുള്ള ഈ യാത്രാമാര്‍ഗം യുഎസ് നാവികസേനയുടെ സംരക്ഷണത്തിലായിരിക്കുമെന്നായിരുന്നു ധാരണ. ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്കിനെ മറികടക്കുന്നതിനുള്ള മാര്‍ഗമായും ഇതിനെ കണക്കാക്കിയിരുന്നു.

ഇതിന് മറുപടിയായി യുഎസ് ഇറാനെ ആക്രമിച്ചു. തുടര്‍ന്ന് ജോര്‍ദാന്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ അമേരിക്കന്‍ സൈനിക സാന്നിധ്യമുള്ള അറബ് രാജ്യങ്ങള്‍ക്കെതിരെ ഇറാനും ആക്രമണം നടത്തി. ഇതോടെ വെടിനിര്‍ത്തല്‍ കരാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി.

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായതോടെ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും തകര്‍ച്ചയിലേക്ക് നീങ്ങി. തുടര്‍ന്ന് ഇരുവിഭാഗവും വീണ്ടും സൈനിക ആക്രമണങ്ങള്‍ ആരംഭിച്ചു. ജൂലൈ 8 ന് ധാരണാപത്രം അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി അവസാനിക്കുന്നതിനിടെ തിങ്കളാഴ്ച പ്രതികരിച്ച ട്രംപ്, ഇറാന് ഒരു സാഹചര്യത്തിലും ആണവായുധം കൈവശം വയ്ക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചു.

ഇടക്കാല കരാറിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ചും യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം പിന്‍വലിക്കുന്നതിനെക്കുറിച്ചും വാഷിങ്ടണും ടെഹ്‌റാനും ചര്‍ച്ച നടത്തേണ്ടതായിരുന്നു. ലോകത്തെ എണ്ണ, പ്രകൃതിവാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന ഇടുങ്ങിയ സമുദ്രപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഈ പാതയിലെ ഇറാന്റെ നിയന്ത്രണം ആഗോള എണ്ണവിലയില്‍ വലിയ സമ്മര്‍ദമുണ്ടാക്കുന്ന ഘടകമാണ്.

എന്നാല്‍ കടലിടുക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇരു രാജ്യങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നതിന്റെ സൂചനകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല.

അതേസമയം, യുഎസിന്റെ മിസൈല്‍ ശേഖരം കുറഞ്ഞുവരുന്നതായി വിവിധ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാഷിങ്ടണിന്റെ ആയുധശേഖരം കുറയുന്നത് ഇറാനുമായുള്ള ചര്‍ച്ചകളില്‍ മേല്‍ക്കൈ അവകാശപ്പെടുന്നത് ട്രംപിന് കൂടുതല്‍ ബുദ്ധിമുട്ടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യുദ്ധം ദീര്‍ഘിപ്പിക്കപ്പെടാനുള്ള സാധ്യതയിലേക്കും ഇത് വിരല്‍ചൂണ്ടുന്നു. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കുമ്പോഴും സമാധാന ചര്‍ച്ചകളിലേക്ക് ഇരു രാജ്യങ്ങളും തിരിച്ചെത്തുമോ, പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമോ എന്നതാണ് ഇനി നിര്‍ണായകം.